ഇനി റോബോട്ടുകളും ചിരിക്കും,മനുഷ്യനെപ്പോലെ;
സന്ദര്‍ഭം നോക്കി ചിരിക്കുന്ന റോബോട്ടുകള്‍ വികസിപ്പിച്ച് ഗവേഷകര്‍

ഇനി റോബോട്ടുകളും ചിരിക്കും,മനുഷ്യനെപ്പോലെ; സന്ദര്‍ഭം നോക്കി ചിരിക്കുന്ന റോബോട്ടുകള്‍ വികസിപ്പിച്ച് ഗവേഷകര്‍

മനുഷ്യരും റോബോട്ടുകളും തമ്മിലുള്ള സ്വാഭാവിക സംഭാഷണങ്ങള്‍ മെച്ചപ്പെടുത്താനും ലാഫിംഗ് റോബോട്ട് ലക്ഷ്യമിടുന്നു
Updated on
2 min read

ചിരി പല രൂപങ്ങളിലാണ്. സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും തമാശയുടെയും പരിഹാസത്തിന്റെയുമൊക്കെ പലവിധ ഭാവങ്ങള്‍ ചിരികള്‍ക്കുണ്ട്. മനുഷ്യനെപോലെ വികാരങ്ങള്‍ക്കനുസരിച്ചും സന്ദര്‍ഭങ്ങള്‍ക്കനുസരിച്ചും ചിരിക്കാന്‍ കഴിയുന്ന റോബോട്ടുകളെ വികസിപ്പിക്കുകയാണ് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍. മനുഷ്യരും റോബോട്ടുകളും തമ്മിലുള്ള സ്വാഭാവിക സംഭാഷണങ്ങള്‍ മെച്ചപ്പെടുത്താനുമുള്ള ലക്ഷ്യത്തോടെയാണ് എറിക്ക എന്ന് വിളിക്കപ്പെടുന്ന ലാഫിംഗ് റോബോട്ടിനെ വികസിപ്പിക്കുന്നത്

"ഒരു റോബോട്ടിന് ഉപയോക്താക്കളോട് സഹാനുഭൂതി കാണിക്കാനുള്ള ഒരു മാര്‍ഗം അവരുടെ ചിരി പങ്കിടുകയാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു"

സംസാരിക്കാന്‍ സാധിക്കുന്ന റോബോട്ടിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഏറ്റവും പ്രധാനമായി ഉള്‍പ്പെടുത്തേണ്ടത് 'അനുതാപം' ആണെന്ന് തങ്ങള്‍ വിശ്വസിക്കുന്നുവെന്ന് ഫ്രണ്ടിയേഴ്സ് ഇന്‍ റോബോട്ടിക്സ് ആന്‍ഡ് എഐയില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തിന്റെ പ്രധാന രചയിതാവായ ക്യോട്ടോ യൂണിവേഴ്സിറ്റിയിലെ ഡോ കോജി ഇനോ പറഞ്ഞു. ഒരു റോബോട്ടിന് ഉപയോക്താക്കളോട് സഹാനുഭൂതി കാണിക്കാനുള്ള പ്രധാന മാര്‍ഗം അവരുടെ ചിരി പങ്കിടുകയാണെന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തുകയായിരുന്നു. ഇനോയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും അവരുടെ AI സിസ്റ്റത്തെ ചിരിയുടെ കല പഠിപ്പിക്കാന്‍ തീരുമാനിച്ചു. യൂണിവേഴ്‌സിറ്റിയിലെ ആണ്‍കുട്ടികളും റോബോട്ടും തമ്മിലുള്ള 80-ലധികം സ്പീഡ്-ഡേറ്റിംഗ് ഡയലോഗുകളില്‍ നിന്ന് അവര്‍ പരിശീലന ഡാറ്റ ശേഖരിച്ചു. തുടക്കത്തില്‍ നാല് സ്ത്രീ അമച്വര്‍ അഭിനേതാക്കള്‍ റോബോട്ടിന്റെ സംഭാഷണങ്ങളെ ടെലിഓപ്പറേറ്റ് ചെയ്യുകയാണുണ്ടായത്.

സംഭാഷണങ്ങളുടെ ഡാറ്റയില്‍ നിന്ന് വ്യത്യസ്തമായ ചിരികളെ ഗവേഷകര്‍ വ്യാഖ്യാനിച്ചെടുത്തു. ഏകാന്തമായ ചിരികള്‍, സാമൂഹികമായ ചിരികള്‍ (നര്‍മ്മം ഉള്‍പ്പെടാത്തവ, മര്യാദയുള്ളതോ ലജ്ജാകരമായതോ ആയ ചിരി പോലുള്ളവ), സന്തോഷത്തിന്റെ ചിരി എന്നിങ്ങനെ വ്യാഖ്യാനിച്ചു. ഈ ഡാറ്റ ഉപയോഗിച്ച് പിന്നീട് ചിരിക്കണമോ എന്ന് തീരുമാനിക്കുന്നതിനും അനുയോജ്യമായ ചിരി തിരഞ്ഞെടുക്കുന്നതിനും ഒരു മെഷീന്‍ ലേണിംഗ് സിസ്റ്റത്തിന് നിര്‍ദേശം നല്‍കാന്‍ സാധിക്കും. വ്യതിരിക്തമായ സ്വഭാവമുള്ള റോബോട്ടുകളെ സൃഷ്ടിക്കാന്‍ ചിരി സഹായിക്കുമെന്ന് ഗവേഷകര്‍ പറഞ്ഞു. ചിരി, കണ്ണുകളുടെ നോട്ടം, ആംഗ്യങ്ങള്‍, സംസാര ശൈലി എന്നിങ്ങനെയുള്ള സ്വഭാവസവിശേഷതകളിലൂടെ അവര്‍ക്ക് ഇത് കാണിക്കാന്‍ കഴിയുമെന്ന് തങ്ങള്‍ കരുതുന്നതായി ഇനോ പറഞ്ഞു. പക്ഷെ സ്വാഭാവികമായ രീതിയില്‍ റോബോട്ടുമായി സംഭാഷണം സാധ്യമാകണമെങ്കില്‍ 20 വര്‍ഷത്തിലേറെ സമയമെടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എറിക്കയുടെ 'സെന്‍സ് ഓഫ് ഹ്യൂമര്‍ പരീക്ഷിക്കുന്നു.
എറിക്കയുടെ 'സെന്‍സ് ഓഫ് ഹ്യൂമര്‍ പരീക്ഷിക്കുന്നു.

എറിക്കയുടെ സെന്‍സ് ഓഫ് ഹ്യൂമര്‍ പരീക്ഷിക്കുന്നതിനായി നിലവിലുള്ള സംഭാഷണ സോഫ്റ്റ്വെയറിലേക്ക് പുതിയ ചിരി അല്‍ഗോരിതം സമന്വയിപ്പിച്ച് ഒരു വ്യക്തിയുമായി പങ്കിടാവുന്ന നാല് ചെറിയ ഡയലോഗുകള്‍ സൃഷ്ടിച്ചു. എറിക്ക ചിരിക്കാത്തപ്പോഴോ, പൊതുവായി പുഞ്ചിരിക്കുമ്പോഴോ ഉള്ള സാഹചര്യങ്ങളുമായി ഇവ താരതമ്യം ചെയ്തു. ഓക്സ്ഫോര്‍ഡ് ഇന്റര്‍നെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറായ സാന്ദ്ര വാച്ചര്‍ റോബോട്ടിനോ അല്‍ഗോരിതത്തിനോ നിങ്ങളെ ഒരിക്കലും മനസ്സിലാക്കാന്‍ കഴിയില്ലെന്ന് പറയുന്നു. അതിന് നിങ്ങളെ അറിയില്ല, നിങ്ങളെ മനസിലാക്കുന്നുമില്ല, ചിരിയുടെ അര്‍ത്ഥം മനസ്സിലാവുകയുമില്ല.അവര്‍ വിവേകമുള്ളവരല്ല, പക്ഷേ എന്താണ് സംഭവിക്കുന്നതെന്ന് അവര്‍ മനസ്സിലാക്കുന്നുവെന്ന് നിങ്ങളെ വിശ്വസിപ്പിക്കാന്‍ ഒരു റോബോട്ടിന് കഴിയും'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in