നമ്പറിന് പകരം യൂസർ നെയിം, വീഡിയോ കോൾ സ്ക്രീൻ ഷെയറിങ്; ഇത് പുതിയ വാട്സ് ആപ്പ്
മെച്ചപ്പെട്ട കൂടുതൽ ഫീച്ചറുകളുമായി മുഖംമിനുക്കാൻ ഒരുങ്ങി വാട്സ് ആപ്പ്. വീഡിയോ കോൾ സ്ക്രീൻ ഷെയറിങ്, യൂസർ നെയിം സംവിധാനങ്ങൾ കൊണ്ടുവരാനാണ് നീക്കം. പരീക്ഷണ ഘട്ടത്തിലാണ് പുതിയ ഫീച്ചറുകൾ.
വീഡിയോ കോളിനിടെ സ്ക്രീൻ ഷെയറിങ്ങിനുള്ള സംവിധാനം പല ആപ്പുകളിലും ഇപ്പോൾ ലഭ്യമാണ്. സ്ക്രീൻ ഷെയറിങ് ഓപ്‌ഷനൊപ്പം യുസർനെയിം വഴി സുഹൃത്തുക്കളുമായി ബന്ധപ്പെടാനുള്ള സംവിധാനവും ഉടൻ തന്നെ ഉൾപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ജനപ്രിയ മെസേജിങ് ആപ്പായ വാട്സ് ആപ്പ്.
ഈ രണ്ട് പുതിയ ഓപ്ഷനുകളും പരീക്ഷണ ഘട്ടത്തിലാണ്. നിലവിൽ ആൻഡ്രോയിഡ് 2.23.11.19 അപ്‌ഡേറ്റിൽ വാട്സ് ആപ്പിന്റെ ബീറ്റ പതിപ്പിൽ മാത്രമാണ് ഇവ ലഭ്യമാകുന്നത്. വാട്സാപ്പിലെ പുത്തൻ ഓപ്ഷനുകളെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന ഡബ്യുഎ ബീറ്റ ഇൻഫോ എന്ന സൈറ്റാണ് വാർത്ത പുറത്തുവിട്ടത്. വീഡിയോ കോളിനിടെ സ്ക്രീൻ റെക്കോർഡ് ചെയ്യാനും മറ്റുള്ളവരുമായി പങ്കിടാനുമുള്ള സംവിധാനമാണ് സ്ക്രീൻ ഷെയറിങ്.
ആൻഡ്രോയിഡ് 2.23.11.15-ലെ ബീറ്റ പതിപ്പിലാണ് യൂസർനെയിം ഫീച്ചർ ലഭിക്കുന്നത്. ഇൻസ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയിലേതുപോലെ ഓരോ ഉപയോക്താവിനും യൂസർനെയിം തിരഞ്ഞെടുക്കാൻ സഹായിക്കുന്നതാണ് ഈ ഓപ്ഷൻ. നിലവിൽ ഫോൺ നമ്പർ ഉപയോഗിക്കുന്നതിന് പകരം ഭാവിയിൽ യൂസർനെയിമുകളിലൂടെ ആളുകളെ തിരയാനും കണ്ടുപിടിക്കാനും സാധിക്കും.
24 മണിക്കൂറിന് ശേഷം സ്റ്റാറ്റസുകൾ ആർക്കൈവ് ചെയ്യാനും ഭാവിയിൽ അവ വീണ്ടും പങ്കിടാനും ബിസിനസ് അക്കൗണ്ടുകളെ അനുവദിക്കുന്ന "സ്റ്റാറ്റസ് ആർക്കൈവ്" ഓപ്ഷനും ബീറ്റ ഉപയോക്താക്കൾക്ക് വാട്സ് ആപ്പ് ലഭ്യമാക്കിയിട്ടുണ്ട്.