പാസ്‌വേഡുകള്‍ പങ്കിടുന്നത് കുറ്റകൃത്യം; നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ ഉപയോക്താക്കള്‍ ജാഗ്രതൈ
ഓടിടി പ്ലാറ്റ്ഫോമുകളുടെ പാസ്‌വേഡുകള്‍ പങ്കുവെയ്ക്കുമ്പോള്‍ ഇനി അല്‍പ്പം സൂക്ഷിക്കേണ്ടി വരും. പങ്കിടല്‍ നിയമവിരുദ്ധമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ആഗോള തലത്തില്‍ ജനപ്രിയമായ വീഡിയോ സ്ട്രീമിങ്ങ് പ്ലാറ്റ്‌ഫോമുകളായ നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ എന്നിവയുടെ പാസ്‌വേഡുകള്‍ പങ്കിടുന്നത് കുറ്റകൃത്യമാണെന്നാണ് യുകെയിലെ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓഫീസ് (ഐപിഒ) വ്യക്തമാക്കുന്നത്.
എന്നാല്‍ യുകെയില്‍ മാത്രമാണ് ഈ നിബന്ധനകള്‍ ഇപ്പോള്‍ ബാധകമാക്കിയിരിക്കുന്നത്. അധികം വൈകാതെ കൂടുതല്‍ രാജ്യങ്ങളിലേക്ക് തീരുമാനം വ്യാപിപ്പിക്കാനും സാധ്യതയുണ്ട്. സുഹൃത്തുക്കളുമായോ വീടിന് പുറത്തുള്ള ആളുകളുമായോ പാസ്‌വേഡുകള്‍ പങ്കിടാന്‍ സാധിക്കില്ലെന്ന് നെറ്റ്ഫ്‌ളിക്‌സിന്റെ നിബന്ധനകളിലും വ്യവസ്ഥകളിലും വ്യക്തമാക്കുന്നുണ്ട്.
അധികം വൈകാതെ കൂടുതല്‍ രാജ്യങ്ങളിലേക്ക് തീരുമാനം വ്യാപിപ്പിക്കാനും സാധ്യതയുണ്ട്.
അക്കൗണ്ട് പങ്കിടുന്നത് ഉപയോക്താക്കള്‍ക്കിടയില്‍ ഒരു സാധാരണ രീതിയാണ്. ഈ നടപടി പകര്‍പ്പവകാശ നിയമങ്ങളുടെ ലംഘനമാണെന്നും നിയമവിരുദ്ധമാണെന്നുമാണ് ഐപിഒ വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ പാസ്‌വേഡ് മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്ന ആളുകളെ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകള്‍ക്ക് കോടതി കയറ്റാനാകും.
നിര്‍മ്മാതാക്കളുടെ അറിവോ അംഗീകാരമോ കൂടാതെ ചിത്രങ്ങള്‍, വീഡിയോകള്‍, സിനിമകള്‍, ടിവി സീരീസ് , സ്‌പോര്‍ട്‌സ് എന്നിവയൊക്കെ സോഷ്യല്‍ മീഡിയയിലും മറ്റും ഉപയോഗിക്കുന്നത് വലിയ രീതിയില്‍ പകര്‍പ്പവകാശ ലംഘനമുണ്ടാക്കുന്നുണ്ട്. സബ്‌സ്‌ക്രിപ്ഷന്‍ ചെയ്യാതെ ഹാക്ക് ചെയ്തും മറ്റും വിവിധ ആപ്ലിക്കേഷനിലൂടെയും സിനിമകളും ലൈവ് സ്‌പോര്‍ട്‌സ് ഇവന്റുകളും കാണുന്നത് കുറ്റകൃത്യമാണെന്ന് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓഫീസ് വ്യക്തമാക്കുന്നു. ഇത് പകര്‍പ്പവകാശത്തിന്റെ ലംഘനമാണ്, നിങ്ങള്‍ ഒരു കുറ്റകൃത്യം ചെയ്‌തേക്കാമെന്ന് ഐപിഒ വ്യക്തമാക്കി. സിവില്‍ നിയമത്തില്‍ ഈ വ്യവസ്ഥകള്‍ നല്‍കിയിട്ടുണ്ടെങ്കില്‍, ആവശ്യമെങ്കില്‍ കോടതി വഴി സേവന ദാതാവിന് നടപടിയെടുക്കാമെന്നും ഐപിഒ കൂട്ടിചേര്‍ത്തു.
നിലവില്‍ ഒരു ഉപയോക്താവിനെതിരെയും നെറ്റ്ഫ്‌ളിക്‌സ് നിയമ നടപടികള്‍ സ്വീകരിച്ചിട്ടില്ല. അതേസമയം, സുഹൃത്തുക്കളുമായി അക്കൗണ്ടുകള്‍ പങ്കിടാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് അനുകൂലമായ നിലപാടായിരുന്നു നേരത്തെ സ്വീകരിച്ചിരുന്നത്. ഇത്തരം പങ്കിടല്‍ എളുപ്പമാക്കാന്‍ ശ്രമിക്കുമെന്നും നെറ്റ്ഫ്‌ളിക്‌സ് മുമ്പ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെഒരു പുതിയ അക്കൗണ്ടിലേക്ക് പ്രൊഫൈലുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാനും, അധിക പണം നല്‍കി മൂന്നാം വ്യക്തിക്ക് 'സബ് അക്കൗണ്ടുകള്‍' സൃഷ്ടിക്കാന്‍ അനുവദിക്കാനും കഴിയുന്ന ഫീച്ചറുകളും കമ്പനി അവതരിപ്പിച്ചിരുന്നു.
നെറ്റ്ഫ്‌ലിക്‌സ് പാസ്‌വേഡുകള്‍ പങ്കിടല്‍ 2023-ല്‍ അവസാനിപ്പിക്കും
പാസ്‌വേഡ് പങ്കിടല്‍ അവസാനിപ്പിക്കാന്‍ നെറ്റ്ഫ്‌ലിക്‌സിന് പദ്ധതിയുണ്ടെന്ന് നേരത്തെ വാള്‍സ്ട്രീറ്റ് ജേണലില്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. 2023-ന്റെ തുടക്കത്തില്‍, അക്കൗണ്ടുകള്‍ പങ്കിടുന്നതിന് പണം നല്‍കാന്‍ കമ്പനി ആളുകളോട് ആവശ്യപ്പെടുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ആദ്യം സംഭവിക്കുന്നത് യുഎസ് വിപണിയിലായിരിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വരും മാസങ്ങളില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുനാണ് സാധ്യത.
സുഹൃത്തുക്കളുമായി അക്കൗണ്ട് പങ്കിടാന്‍ പണം നല്‍കുന്നത് നിര്‍ബന്ധമാക്കാന്‍ നെറ്റ്ഫ്‌ളിക്‌സ് ഒരു ആഡ്-ഓണ്‍ പേയ്മെന്റ് ഫീച്ചര്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചില ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ മൂന്ന് ഡോളറോ പ്രദേശത്തെ ആശ്രയിച്ച് അതില്‍ കൂടുതല്‍ നിരക്കോ ഈടാക്കിയാണ് പരീക്ഷണം. നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ട് ഉള്ള ആളുകള്‍ മൂന്നാമതൊരാള്‍ക്ക് ഒരു സ്ഥിരീകരണ കോഡ് നല്‍കേണ്ടതുണ്ട്. പ്രാഥമിക ഉടമ അധിക തുക അടച്ചിട്ടില്ലെങ്കില്‍, മൂന്നാം വ്യക്തിക്ക് സേവനം ആക്സസ് ചെയ്യാന്‍ കഴിയില്ല.