'മൈ എഐ'; സ്വന്തം ചാറ്റ് ബോട്ടുമായി സ്‌നാപ് ചാറ്റ്

'മൈ എഐ'; സ്വന്തം ചാറ്റ് ബോട്ടുമായി സ്‌നാപ് ചാറ്റ്

എക്‌സ്‌ക്ലൂസീവ് പ്രീ-റിലീസ് സേവനങ്ങള്‍ക്കായി പ്രതിമാസം 329 രൂപയാണ് ഉപയോക്താവ് നല്‍കേണ്ടത്
Updated on
1 min read

സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ സ്‌നാപ് ചാറ്റും സ്വന്തം ചാറ്റ് ബോട്ട് അവതരിപ്പിച്ചു. ടെക് ലോകത്ത് വിപ്ലവം സൃഷ്ടിച്ച ജനറേറ്റീവ് എഐ ടൂള്‍ ആയ ചാറ്റ് ജിപിടിയുടെ ഏറ്റവും പുതിയ പതിപ്പായ 'മൈ എഐ' എന്ന ചാറ്റ് ബോട്ടാണ് സ്‌നാപ് ജിപിടി അവതരിപ്പിച്ചത്. നിലവില്‍ സ്‌നാപ് ചാറ്റ് - പ്ലസ് സബ്‌സ്‌ക്രൈബ് ചെയ്ത ഉപയോക്താക്കള്‍ക്ക് മാത്രമാണ് 'മൈ എഐ'യുടെ സേവനം ലഭ്യമാകുക. ഇത്തരത്തിലുള്ള എക്‌സ്‌ക്ലൂസീവ് പ്രീ-റിലീസ് സേവനങ്ങള്‍ക്കായി പ്രതിമാസം 329 രൂപയാണ് ഉപയോക്താവ് നല്‍കേണ്ടത്.

സുഹൃത്തിന് ഒരു പിറന്നാള്‍ സമ്മാനം നിര്‍ദേശിക്കണമെങ്കിലോ, ഒരു നീണ്ട യാത്ര പ്ലാന്‍ ചെയ്യണമെങ്കിലോ, ഒരു പാചകക്കുറിപ്പ് ആവശ്യമുണ്ടെങ്കിലോ 'മൈ എഐ' നിങ്ങളെ സഹായിക്കും. ഒരു മനുഷ്യന്‍ നല്‍കുന്ന ഉത്തരം പോലെയാകും മറുപടിയെങ്കിലും, ചില പോരായ്മങ്ങള്‍ ഉണ്ടായേക്കാമെന്ന് കമ്പനി തന്നെ മുന്നറിയിപ്പ് നല്‍കുന്നു.

വ്യക്തിപരമായ രഹസ്യങ്ങള്‍ ചാറ്റ് ബോട്ടുമായി പങ്കിടരുതെന്നാണ് മുന്നറയിപ്പ്. അത്തരം കാര്യങ്ങളിലുള്ള ഉപദേശങ്ങളും തേടരുത്. കാരണം, ഉപയോക്താവ് നടത്തുന്ന സംഭാഷണം ചാറ്റ് ബോട്ടിനെ മെച്ചപ്പെടുത്താനായി കമ്പനി റെക്കോഡ് ചെയ്യുമെന്ന് സ്‌നാപ് ചാറ്റ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

വിദ്വേഷപരവും തെറ്റിദ്ധാരണാജനകവുമായ വിവരങ്ങള്‍ നല്‍കുന്നത് ഒഴിവാക്കിക്കൊണ്ടാണ് 'മൈ എഐ' രൂപകല്‍പ്പന ചെയ്തതെന്ന് കമ്പനി അവകാശപ്പെടുന്നു. എങ്കിലും തെറ്റുകള്‍ സംഭവിച്ചേക്കാമെന്നും സ്‌നാപ് ചാറ്റ് മുന്‍കൂര്‍ ജാമ്യമെടുക്കുന്നു. അക്രമം, ലൈംഗിക ഉള്ളടക്കം തുടങ്ങിയ വിഷയങ്ങളില്‍ നിന്ന് ചാറ്റ് ബോട്ട് വിട്ട് നില്‍ക്കും. ''സുഹൃത്തുക്കളോടോ കുടുബാംഗങ്ങളോടോ സംസാരിക്കുന്നത് പോലെ നിര്‍മിത ബുദ്ധിയോട് നമ്മള്‍ എല്ലാ ദിവസവും സംസാരിക്കാന്‍ പോകുകയാണ്. ഞങ്ങളുടെ മെസേജിങ് സേവനത്തിലൂടെ ഇത് സാധ്യമാണ് '' - സ്‌നാപ്പ്ചാറ്റ് സിഇഒ ഇവാന്‍ സ്പീഗല്‍ പറഞ്ഞു. മുഴുവന്‍ ഉപയോക്താക്കള്‍ക്കും ചാറ്റ് ബോട്ട് സേവനം ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ 'മൈ എഐ' സ്‌നാപ്പ് ചാറ്റിനകത്തെ ഒരു മൊബൈല്‍ സൗഹൃദ പതിപ്പ് മാത്രമാണ്. കമ്പനിയുടെ മാനദണ്ഡങ്ങള്‍ പാലിച്ച്‌ പ്രവര്‍ത്തിക്കുന്ന രീതിയില്‍ തന്നെയാണ് ചാറ്റ് ബോട്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

logo
The Fourth
www.thefourthnews.in