ഇന്‍സ്റ്റഗ്രാം തകരാറിൽ; അക്കൗണ്ടുകൾ കൂട്ടത്തോടെ അപ്രത്യക്ഷമാകുന്നു, വ്യാപക പരാതി

ഇന്‍സ്റ്റഗ്രാം തകരാറിൽ; അക്കൗണ്ടുകൾ കൂട്ടത്തോടെ അപ്രത്യക്ഷമാകുന്നു, വ്യാപക പരാതി

We susupended your account on October 31,2022 എന്ന സന്ദേശമാണ് അക്കൗണ്ട് തുറക്കുമ്പോൾ നിരവധി ഉപയോക്താക്കൾക്ക് കാണാൻ സാധിക്കുന്നത്
Updated on
1 min read

സാമൂഹിക മാധ്യമമായ ഇൻസ്റ്റഗ്രാമിന് തകരാർ സംഭവിച്ചതായി റിപ്പോർട്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് ഇൻസ്റ്റാഗ്രാം ആക്‌സസ് ചെയ്യുന്നതിൽ പ്രശ്‌നമുണ്ടായതായി പരാതി. പലരുടെയും അക്കൗണ്ടുകൾ താൽക്കാലികമായി സസ്പെൻഡ് ചെയ്തുവെന്ന് അറിയിച്ച് സന്ദേശങ്ങൾ ലഭിച്ചതായി പറയപ്പെടുന്നു.

ആപ്പ് പണിമുടക്കിയതായി കമ്പനിയും സ്ഥിരീകരിച്ചു. ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ തുറക്കാനാകുന്നില്ലെന്ന് പലരും പരാതിപ്പെടുന്നുണ്ടെന്നും അത് പരിശോധിക്കുകയാണെന്നും അസൗകര്യത്തിന് ക്ഷമ ചോദിക്കുന്നതായും ഇൻസ്റ്റഗ്രാം ട്വീറ്ററിൽ പ്രതികരിച്ചു. ''നിങ്ങളിൽ ചിലർക്ക് നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആക്‌സസ് ചെയ്യുന്നതിൽ പ്രശ്‌നങ്ങളുണ്ടെന്ന് ഞങ്ങൾക്കറിയാം. ഞങ്ങൾ അത് പരിശോധിക്കുന്നു, അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നു''.- ഇൻസ്റ്റഗ്രാം ട്വീറ്റ് ചെയ്തു.

We susupended your account on October 31,2022 എന്ന സന്ദേശമാണ് അക്കൗണ്ട് തുറക്കുമ്പോൾ നിരവധി ഉപയോക്താക്കൾക്ക് കാണാൻ സാധിക്കുന്നത്. തീരുമാനത്തോടുള്ള വിയോജിപ്പ് അറിയിക്കാന്‍ ഉടമയ്ക്ക് 30 ദിവസത്തെ സമയമുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. disagree with decision എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്തിട്ടും അക്കൗണ്ട് വീണ്ടെടുക്കാൻ സാധിക്കുന്നില്ലെന്നും ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി.

ഇന്ത്യൻ സമയം വൈകുന്നേരം 7 മണിയോടെ വെബ്‌സൈറ്റുകളിലെ തകരാറുകൾ കണ്ടെത്തുന്ന പോർട്ടലായ ഡൗൺഡിറ്റക്ടർ ഇൻസ്റ്റാഗ്രാമിൽ 7,720ലധികം ആളുകൾ തകരാറുണ്ടെന്ന് റിപ്പോർട്ട് ചെയ്തതതായി കാണിച്ചതായി കണ്ടെത്തി. പലരുടെയും ഫോളോവേഴ്സിന്റെ എണ്ണം ഗണ്യമായി കുറഞ്ഞതായും പരാതിയുണ്ട്. തടസ്സം കൂടുതൽ ഉപയോക്താക്കളെ ബാധിച്ചേക്കാമെന്നാണ് റിപ്പോർട്ട്. അതേസമയം ഈ തടസം എല്ലാ ഉപയോക്താക്കളെയും ബാധിച്ചിട്ടില്ല. പലർക്കും തടസങ്ങളില്ലാതെ ഇൻസ്റ്റാഗ്രാം സേവനങ്ങൾ ഉപയോഗിക്കാൻ സാധിക്കുന്നുണ്ട്. ഐഫോൺ ഉപയോക്താക്കൾക്കാണ് പ്രശ്നം നേരിട്ടതെന്നാണ് സൂചന.

ഇൻസ്റ്റാഗ്രാം പണിമുടക്കിയതോടെ #instagramdown ഹാഷ്ടാഗ് ട്വിറ്ററിൽ വ്യാപകമായിട്ടുണ്ട്. ഇൻസ്റ്റാഗ്രാം തകരാർ ആഘോഷമാക്കുകയാണ് ട്രോളൻമാർ. കഴിഞ്ഞയാഴ്ച വാട്സ് ആപ്പും സമാന രീതിയിൽ പണിമുടക്കിയിരുന്നു. മണിക്കൂറുകൾക്ക് ശേഷമായിരുന്നു അന്ന് തകരാർ പരിഹരിച്ചത്. സാങ്കേതിക കാരണങ്ങൾ കൊണ്ടാണ് തകരാർ സംഭവിച്ചതെന്ന വിശദീകരണവുമായി കമ്പനി പിന്നീട് രംഗത്തെത്തിയിരുന്നു.

logo
The Fourth
www.thefourthnews.in