ഇനി ഐ ഫോൺ മോഷ്ടിക്കാന്‍ മെനക്കെടേണ്ട, പാസ്‌വേഡ് അറിഞ്ഞിട്ടും കാര്യമില്ല; ഐഒഎസ് 17.3 അപ്ഡേറ്റിൽ ഗംഭീര ഫീച്ചർ
ഇനി ഐഫോൺ മോഷ്ടിക്കപ്പെടുമെന്ന പേടി വേണ്ട. ഐ ഫോണിന്റെ പുതിയ അപ്ഡേറ്റായ ഐഒഎസ് 17.3 യിലൂടെ ഫോൺ മോഷ്ടിക്കപ്പെടുകയാണെങ്കിൽ കൂടുതൽ സുരക്ഷയുറപ്പാക്കാൻ സാധിക്കും. 'സ്‌റ്റോളൻ ഡിവൈസ് പ്രൊട്ടക്ഷൻ' എന്നതാണ് ഈ പുതിയ ഫീച്ചർ. ഐഫോൺ എക്സ് എസ് മുതൽ ഐ ഫോൺ 15 വരെയുള്ള എല്ലാ മോഡലുകളിലും അപ്ഡേറ്റ് ലഭിക്കും.
ഈ ഫീച്ചർ പ്രവർത്തിക്കുന്നതെങ്ങനെ?
നമ്മുടെ ഐ ഫോൺ മോഷ്ടിക്കപ്പെട്ടു എന്ന് കരുതുക. മോഷ്ടിച്ച വ്യക്തിക്ക് നിങ്ങളുടെ ഫോണിന്റെ പാസ്‌വേഡും അറിയാമെന്ന് വിചാരിക്കുക. നിങ്ങളുടെ പാസ്‌വേഡ് അറിയാമെങ്കിൽ മോഷ്ടാവിനു ഫോൺ തുറക്കാനും നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് പ്രവേശിക്കാനും സാധിക്കും. ഇതിലൂടെ നിങ്ങളുടെ എല്ലാ അക്കൗണ്ടുകളും ഉപയോഗശൂന്യമാക്കാനും ബാങ്ക് അക്കൗണ്ട് കാലിയാക്കാനും കഴിയും.
പാസ്‌വേഡ് ലഭിച്ചാൽ 'ലോസ്റ്റ് മോഡ്' ഓഫ് ചെയ്ത് വെക്കാനും ഫോൺ കണ്ടുപിടിക്കുന്നത് ദുഷ്കരമാക്കാനും സാധിക്കും. എന്നാൽ ഈ പുതിയ അപ്ഡേഷനിലൂടെ ഫോൺ നഷ്ടപ്പെട്ട ആദ്യത്തെ ഒരു മണിക്കൂർ സമയം ഫോൺ നമുക്ക് പരിചിതമല്ലാത്ത സ്ഥലത്താണ് ഉള്ളതെങ്കിൽ പൂർണ്ണമായും തുറക്കാൻ സാധിക്കാത്ത അവസ്ഥയിലാക്കാൻ സാധിക്കും.
ഈ പ്രത്യേക ഫീച്ചറുണ്ടെങ്കിൽ ഫോണിൽ നൽകിയിട്ടുള്ള ബിയോമെട്രിക് വിവരങ്ങൾ മാറ്റാൻ സാധിക്കില്ല. 'ഫൈൻഡ് മൈ' സംവിധാനം ഉപയോഗിച്ച് നഷ്ടപ്പെട്ട ഫോൺ കണ്ടെത്താൻ സാധിക്കുന്ന സൗകര്യം ഓഫ് ചെയ്ത് വെക്കുക എന്നതാണ് മോഷ്ടാക്കൾ സ്ഥിരമായി ചെയ്യുന്ന കാര്യം. എന്നാൽ 17.3 അപ്ഡേറ്റ് പ്രകാരം ഇത് സാധിക്കില്ല. അതുകൊണ്ടു തന്നെ ഫോൺ നഷ്ടപ്പെട്ട ഉടനെ ഒന്ന് ശ്രമിച്ചാൽ ഫോൺ എളുപ്പം കണ്ടെത്താൻ സഹായിക്കുന്നതാണ് പുതിയ ഫീച്ചർ.
മറ്റു പ്രത്യേകതകൾ
യൂണിറ്റി ബ്ലൂം വാൾപേപ്പർ: ഈ വർഷം ആദ്യം ആപ്പിൾ അവതരിപ്പിച്ച ബ്ലാക്ക് യൂണിറ്റി വാൾപേപ്പറുകൾ ഈ അപ്ഡേറ്റുകൾ വഴി ഇനി മുതൽ ഐഫോണുകളിലും ഐപാഡുകളിലും ലഭ്യമാകും
എയർപ്ലേ ഹോട്ടൽ സപ്പോർട്ട്: നേരത്തെ ആപ്പിൾ വാഗ്ദാനം ചെയ്തിട്ടുള്ളതാണ് എയർ പ്ലേ ഹോട്ടൽ സപ്പോർട്ട്. ഈ സംവിധാനം വഴി തിരഞ്ഞെടുക്കപ്പെട്ട ഹോട്ടലുകളിലെ ടിവികളിൽ നമ്മുടെ ഇഷ്ടപ്രകാരം ചാലുകളും ഒടിടി പ്ലാറ്റുഫോമുകളും സ്ട്രീം ചെയ്യാൻ സാധിക്കും. ഈ അപ്ഡേറ്റിലൂടെ സേവനം ലഭ്യമാകുമെന്നാണ് ആപ്പിൾ അറിയിക്കുന്നത്.
കോളാബറേറ്റീവ് പ്ലേലിസ്റ്റ്: ഈ സംവിധാനമുപയോഗിച്ച് നമ്മുടെ പ്ലേലിസ്റ്റിലേക്ക് സുഹൃത്തുക്കളെ ക്ഷണിക്കാൻ സാധിക്കും. എന്ന് മാത്രമല്ല പാട്ടുകൾക്ക് റീയാക്ഷൻ നൽകാനും എമോജി നൽകാനും സാധിക്കും.
ആപ്പിൾ കെയർ: ആപ്പിൾ കെയർ എടുക്കുന്നവർക്ക് അതിന്റെ കാലാവധിയെത്രയാണ് എന്ന് ഇനി പേപ്പറുകളിൽ കണക്കു കൂട്ടേണ്ടതില്ല. സെറ്റിങ്സിൽ നിങ്ങളുടെ ആപ്പിൾ കാറിന്റെ വിവരങ്ങൾ കാണാൻ അസാധിക്കും.