ഇനി ടാറ്റയുടെ ഐഫോണും; ഇന്ത്യയില്‍ നിര്‍മാണം തുടങ്ങി
ടാറ്റ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ആപ്പിള്‍ ഐഫോണ്‍ നിര്‍മാണത്തിന് തുടക്കമിട്ടതായി റിപ്പോര്‍ട്ട്. തായ്‌വാന്‍ കമ്പനിയായ വിസ്‌ട്രോണിന്റെ ബെംഗളൂരുവിലെ നരസപുര ഫാക്ടറിയിലാണ് ടാറ്റയുടെ നേതൃത്വത്തില്‍ ഐഫോണ്‍ നിര്‍മിക്കുന്നത്. ആപ്പിള്‍ സിഇഒ ടിം കുക്ക് അടുത്തിടെ നടത്തിയ ഇന്ത്യാ സന്ദര്‍ശനത്തിനിടെ ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരനുമായി കൂടിക്കാഴ്ച നടത്തി ആഴ്ചകള്‍ക്കുള്ളിലാണ് ടാറ്റയുടെ നടപടി.
ഐഫോണുകളുടെ ഘടകഭാഗങ്ങള്‍ സംയോജിപ്പിക്കുന്നത് പ്രധാനമായും പ്രമുഖ തായ്‌വാന്‍ കമ്പനികളായ വിസ്ട്രോണും ഫോക്സ്‌കോണ്‍ ടെക്നോളജീസുമാണ്. എന്നാല്‍ ഐഫോണ്‍ നിര്‍മാണവുമായ ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും വിസ്ട്രോണ്‍ പിന്‍മാറാന്‍ തീരുമാനിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം, മറ്റ് ആപ്പിള്‍ ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട മേഖലകളില്‍ വിസ്ട്രോണ്‍ തുടര്‍ന്നും പ്രവര്‍ത്തനം തുടരുമെന്നും കമ്പനി വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ബെംഗളൂരുവിലെ വിസ്‌ട്രോണ്‍ ഫാക്ടറിയുമായി ബന്ധപ്പെട്ട് ടാറ്റ ഗ്രൂപ്പ് നേരത്തെ തന്നെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ടാറ്റ ഗ്രൂപ്പിന്റെ തിരഞ്ഞെടുത്ത ഉദ്യോഗസ്ഥര്‍ ഇതിനകം വിസ്‌ട്രോണ്‍ ഫാക്ടറിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. ഓപ്പറേഷന്‍സ്, എച്ച്ആര്‍, അഡ്മിനിസ്‌ട്രേഷന്‍ വിഭാഗങ്ങളിലാണ് നിലവില്‍ ഇടപെടല്‍.
ആപ്പിളിനായി ഐഫോണ്‍ 15, 15 പ്ലസ് എന്നിവയുടെ ഒരു ചെറിയ പങ്ക് ഇന്ത്യയില്‍ നിര്‍മിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഐഫോണിന്റെ ഏകദേശം 5 ശതമാനം മാത്രമേ ഇത് നിര്‍മ്മിക്കൂ. എന്നാല്‍ നിര്‍മാണം ആരംഭിക്കുന്ന മുറയ്ക്ക് ഐഫോണ്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌കോണ്‍, പെഗാട്രോണ്‍, ലക്‌സ്‌ഷെയര്‍ എന്നിവയുടെ എക്സ്‌ക്ലൂസീവ് ക്ലബ്ബില്‍ ടാറ്റയും പങ്കാളികളാകും.