തുടർക്കഥയാകുന്ന കൂട്ടപിരിച്ചുവിടൽ; ടെക് ലോകത്ത് ഈ വര്‍ഷം ജോലി നഷ്ടമായത് അരലക്ഷത്തോളം പേര്‍ക്ക്
2023 ല്‍ ലോകം ഏറ്റവും അധികം ചര്‍ച്ച ചെയ്ത വിഷയങ്ങളില്‍ ഒന്നാണ് ടെക് ലോകത്തെ കൂട്ട പിരിച്ചുവിടല്‍. ഈ വര്‍ഷവും ടെക് മേഖലയിലെ തൊഴില്‍ സുരക്ഷ അത്ര സുഖകരമാകില്ലെന്നാണ് ഇതുവരെ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 2024 മൂന്ന് മാസം പിന്നിടുമ്പോള്‍ ആഗോള തലത്തില്‍ വിവിധ കമ്പനികളില്‍ നിന്നായി ഇതുവരെ അരലക്ഷത്തോളം ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍.
കമ്പനികള്‍ തമ്മിലുള്ള മത്സരങ്ങളും അതുവഴി വിപണിയില്‍ ഉയര്‍ന്നുവരുന്ന സാമ്പത്തി വെല്ലുവിളികളെ ഉള്‍പ്പെടെ നേരിടാനുമാണ് കൂട്ടപിരിച്ചുവിടല്‍, ജോലി വെട്ടിച്ചുരുക്കല്‍ തുടങ്ങിയ നടപടികളിലേക്ക് ടെക് കമ്പനികള്‍ കടക്കുന്നത്. കമ്പനികള്‍ വളര്‍ച്ചയെക്കാള്‍ കാര്യക്ഷമതയ്ക്ക് മുന്‍ഗണന നല്‍കുന്നതിനാലാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നാണ് കമ്പനി വക്താക്കള്‍ നല്‍കുന്ന പ്രതികരണം.
'ലേഓഫ്സ്' എന്ന ട്രാക്കിംഗ് സൈറ്റ് പുറത്തുവിട്ട കണക്കുപ്രകാരം മാർച്ച് വരെ ടെക് ഭീമന്മാർ ഒഴിവാക്കിയത് 50,000 ജീവനക്കാരെയാണ്. ഈ കണക്കുകളിൽ ഐബിഎം, ഡെൽ, എറിക്സൺ, വൊഡഫോൺ തുടങ്ങിയ കമ്പനികളിലാണ് കൂടുതൽ പിരിച്ചുവിടൽ നടന്നത്. 2023-ൽ 250,000-ത്തിലധികം ജോലികളാണ് വൻകിട കമ്പനികൾ വെട്ടിച്ചുരുക്കിയത്. 2024 ലേക്ക് കടക്കുമ്പോഴും ഇതേ രീതിയാണ് തുടരുന്നത്. ആഗോളതലത്തില്‍ ഐ ടി പ്രൊഫഷണലുകൾ ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിലാണെന്ന് നിരവധി പഠനങ്ങളും സൂചിപ്പിക്കുന്നു.
മാർച്ച് മാസത്തില്‍ കൂട്ട പിരിച്ചുവിടലിന് ഒരുങ്ങുന്ന കമ്പനികൾ
ഐബിഎം
ന്യൂയോർക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടർസാങ്കേതികവിദ്യയിലും കൺസൾട്ടിങ്ങിലും ശ്രദ്ധകേന്ദ്രീകരിക്കുന്ന ബഹുരാഷ്ട്രകമ്പനി ഐബിഎം മാർക്കറ്റിങ്, കമ്മ്യൂണിക്കേഷൻ വിഭാഗങ്ങളിലെ ജോലികൾ വെട്ടിക്കുറയ്ക്കുമെന്നാണ് കമ്പനി ചീഫ് കമ്മ്യൂണിക്കേഷൻസ് ഓഫീസർ ജോനാഥൻ അഡാഷെക് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
ഡെൽ
6,000 ജീവനക്കാരെയാണ് ഡെൽ പിരിച്ചുവിട്ടത്. രണ്ട് വർഷത്തിനിടെ രണ്ടാം തവണയാണ് ഡെൽ ജോലികൾ വെട്ടിച്ചുരുക്കുന്നത്. കഴിഞ്ഞ വർഷം കമ്പനിയുടെ വരുമാനത്തിൽ 11 ശതമാനം ഇടിവാണ് നേരിട്ടത്. തുടർന്ന് പേഴ്സണൽ കമ്പ്യൂട്ടർ രംഗം പ്രതിസന്ധി നേരിട്ടതോടെയാണ് പിരിച്ചുവിടൽ നടപടിയെന്നാണ് വിവരം. വരും മാസങ്ങളിൽ പുതിയ നടപടികളിലൂടെ കമ്പനിയുടെ വരുമാനം ഉയർത്താനാണ് ശ്രമം.
വോഡഫോൺ
വോഡഫോണിന്റെ ജർമ്മനിയിലെ ഓഫീസുകളിലെ 2,000 ജോലികളാണ് വെട്ടിക്കുറച്ചത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 400 മില്യൺ യൂറോ ലാഭം ലക്ഷ്യമിട്ടാണ് വോഡഫോൺ ജർമ്മനിയിൽ നിന്ന് ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ടത്. ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താൻ കഴിയുന്ന മേഖലകളിലെ നിക്ഷേപം വർദ്ധിപ്പിക്കുന്നതിനൊപ്പം ചിലവ് കുറയ്ക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. കമ്പനിക്കുള്ളിൽ തന്നെ എക്‌സിക്യൂട്ടീവ് വിഭാഗത്തിൽ വലിയ മാറ്റങ്ങളാണ് വോഡഫോൺ നടത്തുന്നത്, ഇതിന്റെ ഭാഗമായി സിഇഒ ആയിരുന്ന ഫിലിപ്പ് റോഗ് കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു.
എറിക്‌സൺ
5ജി നെറ്റ്‌വർക്ക് ഉപകരണങ്ങളുടെ ആവശ്യകത കുറയുന്നതിനാൽ സ്വീഡനിൽ 1,200 ജോലികൾ വെട്ടിക്കുറയ്ക്കുമെന്ന് എറിക്‌സൺ കഴിഞ്ഞ മാസം തന്നെ പ്രഖ്യാപിച്ചിരുന്നു. വെല്ലുവിളി നിറഞ്ഞ ഒരു മൊബൈൽ നെറ്റ്‌വർക്ക് വിപണിയ്ക്കാണ് എറിക്‌സൺ തയ്യാറെടുക്കുന്നത്. ചിലവ് ചുരുക്കൽ നടപടികളുടെ ഭാഗമായിട്ടാണ് പിരിച്ചുവിടലുകൾക്ക് കമ്പനി ലക്ഷ്യമിടുന്നതെന്നാണ് ന്യായം.
ബെൽ
ടെക് ഭീമനായ ബെൽ പിരിച്ചുവിട്ടത് ഏകദേശം 5,000 ജീവനക്കാരെയാണ്. കാനഡ ആസ്ഥാനമായുള്ള ടെലികോം കമ്പനിയായാണ് ബെൽ. അവിടുത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലയിലെ യൂണിയനായ യൂണിഫോർ നൽകിയ റിപ്പോർട്ട് അനുസരിച്ച്, 10 മിനിറ്റ് വെർച്വൽ വീഡിയോ കോളുകൾ വഴിയാണ് ബെൽ 400-ലധികം തൊഴിലാളികളെ പിരിച്ചുവിട്ടത്. പുതുവർഷം തുടങ്ങി രണ്ടാം മാസം തന്നെ മൊത്തം ജോലികളുടെ ഒൻപത് ശതമാനം, ഏകദേശം 4,800 തസ്തികകൾ ഒഴിവാക്കുന്നതായി കമ്പനി പ്രഖ്യാപിച്ചിരുന്നു.
ഫേസ്ബുക്ക് മെസഞ്ചർ
ഫെയ്‌സ്ബുക്ക് മെസഞ്ചറിൽ നിന്ന് രണ്ട് ഡസനിലധികം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കഴിഞ്ഞ മാസം തന്നെ കമ്പനിയിൽ നിന്ന് കുറച്ച ജോലികൾ വെട്ടിക്കുറച്ചിരുന്നു, ഈ നടപടി അൻപതോളം ജീവനക്കാരെയാണ് ബാധിച്ചത്. പ്രവർത്തനങ്ങളുടെയും പുനഃസംഘടനയുടെ ഭാഗമായാണ് ജോലികൾ വെട്ടിക്കുറച്ചതെന്നാണ് കമ്പനി വ്യക്തമാക്കിയത്.
എയർമീറ്റ്
ബെംഗളൂരു ആസ്ഥാനമായുള്ള എയർമീറ്റ് കമ്പനിയിൽ നിന്ന് 20 ശതമാനം തൊഴിലാളികളെയാണ് വെട്ടിക്കുറച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടെ രണ്ടാമത്തെ പ്രാവശ്യമാണ് കമ്പനി തൊഴിലാളികളെ പിരിച്ചുവിടുന്നത്.