സക്കർബർഗ്-മസ്‌ക് പോര് മുറുകുന്നുവോ ? ട്വിറ്ററിന് എതിരാളിയായി 'ത്രെഡ്‌സ് ' എത്തുന്നു

സക്കർബർഗ്-മസ്‌ക് പോര് മുറുകുന്നുവോ ? ട്വിറ്ററിന് എതിരാളിയായി 'ത്രെഡ്‌സ് ' എത്തുന്നു

ട്വിറ്റർ പോലെ ഏത് വിഷയവും ചർച്ച ചെയ്യാനും ഒത്തുകൂടാനുമുള്ള ഇടമായിരിക്കും ത്രെഡ്‌സ് എന്നാണ് സൂചന
Updated on
1 min read

മെറ്റയുടെ ഉടമസ്ഥതയിൽ ട്വിറ്ററിന്‌ ശക്തനായ എതിരാളി വരുന്നു. ട്വിറ്ററിന് വെല്ലുവിളിയുമായി 'ത്രെഡ്‌സ്' എന്ന് പേരിട്ടിരിക്കുന്ന മെറ്റയുടെ പുതിയ സാമൂഹിക മാധ്യമം വ്യാഴാഴ്ച എത്തുമെന്നാണ് കരുതുന്നത്. ഇൻസ്റാഗ്രാമുമായി ചേർന്ന് പ്രവർത്തിക്കുന്ന ഈ ആപ്പ് നിലവിൽ ആപ്പിളിന്റെ ആപ്പ് സ്റ്റോർ വഴി മാത്രമാകും ലഭ്യമാകുക. ട്വിറ്റർ പോലെ ഏത് വിഷയവും ചർച്ച ചെയ്യാനും അതിനായി ഒത്തുകൂടാനുമുള്ള ഇടമായിരിക്കും ത്രെഡ്‌സ് എന്നാണ് സൂചന.

ജൂലൈ 6 അല്ലെങ്കിൽ ജൂലൈ 7ന് ത്രെഡുകൾ ലഭ്യമായി തുടങ്ങുമെന്നാണ് വിവരം

ആപ്പ് സ്റ്റോറിൽ നൽകിയിരിക്കുന്ന സ്ക്രീൻഷോട്ടുകൾ പ്രകാരം ത്രെഡുകൾ ഉപയോഗിക്കുന്നതിനായി ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ പ്രത്യേക യൂസെര്‍നെയിം നൽകേണ്ടതില്ല. ഇൻസ്റ്റാഗ്രാമിൽ ഉപയോഗിക്കുന്ന അതേ അക്കൗണ്ടുകൾ ത്രെഡിലും ലോഗിന്‍ ചെയ്യാനാകും. നിലവിൽ ഏകദേശം 1 ബില്യണിലധികം ഉപയോക്താക്കൾ ഉണ്ടെന്നത് മെറ്റക്കും ത്രെഡിനും കൂടുതൽ അനുകൂലാവസ്ഥയാണ് നൽകുന്നത്. ജൂലൈ 6 അല്ലെങ്കിൽ ജൂലൈ 7ന് ത്രെഡുകൾ ലഭ്യമായി തുടങ്ങുമെന്നാണ് വിവരം. അതേസമയം ട്വിറ്ററിന് സമാനമായ ഡാഷ്ബോർഡ് തന്നെയാണ് ത്രെഡിനുമുള്ളത്.

സമീപകാലത്ത് മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗും ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌കും സാമൂഹിമ മാധ്യമങ്ങൾ വഴി നടത്തിയ വെല്ലുവിളികൾ ഏറെ ചർച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് ത്രെഡിന്റെ കടന്നു വരവ് എന്നതും ശ്രദ്ധേയമാണ്.

ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷം കൊണ്ട് വന്ന പല മാറ്റങ്ങളും ഉപയോക്താക്കളെ ഏറെ അസ്വസ്ഥരാക്കിയിരുന്നു. പ്രതിദിനം വായിക്കാവുന്ന ട്വീറ്റുകളുടെ എണ്ണത്തില്‍ നിയന്ത്രണം കൊണ്ടുവന്നതും സൗജന്യമായി ലഭ്യമാക്കിയിരുന്ന പല സേവനങ്ങൾക്കും ട്വിറ്റർ പണമീടാക്കാൻ തുടങ്ങിയതും ഏറെ വിമർശനങ്ങളാണ് സൃഷ്ടിച്ചത്.

logo
The Fourth
www.thefourthnews.in