വണ്‍പ്ലസ് പാഡ് മുതല്‍ ലെനോവോ ടാബ് പി11 പ്രോ വരെ; 30,000 രൂപയില്‍ താഴെ വില വരുന്ന മികച്ച ടാബ്‌ലെറ്റുകള്‍
ടാബ്‌ലെറ്റുകളുടെ സ്വീകാര്യത കഴിഞ്ഞ കുറച്ചുമാസങ്ങളായി വർധിച്ചുവരുന്ന ട്രെന്‍ഡാണ് വിപണിയിൽ. ഒരു കാലത്ത് വിപണി കീഴടക്കിയിരുന്ന ടാബ്‌ലെറ്റുകള്‍ സ്മാർട്ട്ഫോണിന്റെ ആധിപത്യത്തിന് മുന്നില്‍ അപ്രസക്തമായിരുന്നു. എന്നാല്‍ ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമാകുകയാണ് ടാബ്‌ലെറ്റ് വിപണി. വ്യക്തിപരമായും പ്രൊഫഷണല്‍ ഉപയോഗത്തിനും നിങ്ങള്‍ ടാബ്‌ലെറ്റ് വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ? 30,000 രൂപയില്‍ താഴെ വിലവരുന്ന മികച്ച ടാബ്‌ലെറ്റുകള്‍ പരിശോധിക്കാം.
ആപ്പിള്‍ ഐപാഡ് (ഒന്‍പതാം ജനറേഷന്‍)
ആപ്പിളിന്റെ ഐപാഡുകളില്‍ ഏറ്റവും അഫോർഡബിളായ ഒന്നാണ് ഐപാഡ് ഒന്‍പതാം ജനറേഷന്‍. ഹോം ബട്ടണും 3.5 എംഎം ഹെഡ്ഫോണ്‍ ജായ്ക്കും വരുന്ന വേർഷനാണിത്. 30,000 രൂപയില്‍ താഴെ വില വരുന്നതും പ്രീമിയം ഫീല്‍ തരുന്നതുമായ ടാബ്‌ലെറ്റുകളിലൊന്നാണ് ഐപാഡ് ഒന്‍പതാം ജനറേഷന്‍. ക്യുഎച്ച്ഡിപ്ലസ് റെസൊലൂഷനില്‍ 10.2 ഇഞ്ച് ഡിസ്പ്ലേയാണ് ഐപാഡിന് ആപ്പിള്‍ നല്‍കിയിരിക്കുന്നത്. 29,999 രൂപയ്ക്ക് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ഐപാഡ് ലഭ്യമാണ്. 64 ജിബി മാത്രം വരുന്ന സ്റ്റോറേജാണ് ഐപാഡിന്റെ പ്രധാന പോരായ്മ.
ഷവോമി പാഡ് 6
വിലയ്ക്ക് അനുയോജ്യമായ ഫീച്ചറുകളുമായി എത്തിയ ടാബ്‌ലെറ്റാണ് ഷവോമി പാഡ് 6. 26,999 രൂപയാണ് വില. ഹൈപ്പർ ഒഎസ് അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയിഡ് 14 വരുന്ന കമ്പനിയുടെ ആദ്യ ടാബ്‌ലെറ്റ് കൂടിയാണ് പാഡ് 6. സ്നാപ്ഡ്രാഗണ്‍ 870 എസ്ഒസിയിലാണ് പ്രവർത്തനം. ഐപാഡ് പ്രോയുമായി ഏറെ സാമ്യമുള്ളതാണ് പാഡ് 6ന്റെ ഡിസൈന്‍. ഡോള്‍ബി അറ്റമോസ് പിന്തുണയോടെയുള്ള ക്വാഡ് സ്പീക്കറാണ് ടാബ്‌ലെറ്റിന്റെ മറ്റൊരു പ്രത്യേകത. 2കെ 120 ഹേർട്ട്സ് വരുന്ന ഡിസ്പ്ലേയ്ക്ക് ഡോള്‍ബി വിഷന്‍ പിന്തുണയുമുണ്ട്.
റിയല്‍മി പാഡ് എക്സ്
5ജി കണക്ടിവിറ്റിയില്‍ വരുന്ന ഏറ്റവും അഫോർഡബിളായ ടാബ്‌ലെറ്റാണ് റിയല്‍മി പാഡ് എക്സ്. സ്നാപ്ഡ്രാഗണ്‍ 695 എസ്ഒസി പ്രൊസസർ വരുന്ന പാഡ് എക്സിന് ആറ് ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമാണ് വരുന്നത്. 11 ഇഞ്ച് സ്ക്രീനും ക്വാഡ് സ്പീക്കറുമാണ് ടാബ്‌ലെറ്റിന്റെ മറ്റ് പ്രത്യേകതകള്‍. റിയല്‍മി യുഐ 3 അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയിഡ് 12ലാണ് പാഡ് എക്സിന്റെ പ്രവർത്തനം.
വണ്‍ പ്ലസ് പാഡ് ഗോ
മീഡിയടെക് ജി 99 പ്രൊസസറാണ് വണ്‍ പ്ലസ് പാഡ് ഗോയില്‍ വരുന്നത്. എല്‍ടിഇ വേരിയന്റിന്റെ വിപണി വില 21,999 രൂപയാണ്. അന്‍ഡ്രോയ്‌ഡ് 13 അടിസ്ഥാനമാക്കിയുള്ള ഓക്സിജന്‍ ഒഎസിലാണ് പാഡ് ഗോയുടെ പ്രവർത്തനം. അന്‍ഡ്രോയ്‌ഡ് 14 അടിസ്ഥാനമാക്കിയുള്ള ഒഎസിന്റെ അപ്ഡേറ്റ് നല്‍കുമെന്ന് കമ്പനി വാഗ്ദാനം നല്‍കിയിട്ടുണ്ട്.
ലെനോവോ ടാബ് പി11 പ്രോ (രണ്ടാം ജനറേഷന്‍)
2.5 കെ റെസൊലൂഷനില്‍ 11.2 ഇഞ്ച് ഒഎല്‍ഇഡി സ്ക്രീനാണ് ടാബ് പി11 പ്രോയില്‍ ലെനോവോ നല്‍കുന്നത്. 29,999 രൂപയാണ് വില. ക്വാഡ് ജെബിഎല്‍ സ്പീക്കറും ഡോള്‍ബി അറ്റ്‌മോസ് പിന്തുണയുമുണ്ട്. മീഡിയടെക് കെ1300ടി പ്രൊസസറാണ് വരുന്നത്. എട്ട് ജിബി റാമും 256 ജിബി സ്റ്റോറേജുമാണ് വരുന്നത്. 8,000 എംഎഎച്ചാണ് ബാറ്ററി.