സേവ് ചെയ്യാത്ത നമ്പറില്‍നിന്നുള്ള കോളിനൊപ്പം പേരും; നീക്കവുമായി ട്രായ്
ഇനി മൊബൈല്‍ ഫോണുകളിലേക്ക് സേവ് ചെയ്യാത്ത നമ്പറുകളിൽനിന്ന് കോൾ വന്നാലും ആളെ തിരിച്ചറിയാനാകും. ഇത്തരം നമ്പറുകൾക്കൊപ്പം പേര് കൂടി കാണിക്കുന്ന കോളിങ് നെയിം പ്രസന്‌റേഷന്‍ (സിഎന്‍പി) രാജ്യത്ത് നടപ്പാക്കാനൊരുങ്ങുകയാണ് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്).
ആഭ്യന്തര ടെലികമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കിലുടനീളം കോളര്‍ ഐഡന്‌റിഫിക്കേഷന്‍ സ്ഥിരമായി അവതരിപ്പിക്കുന്നതിനുള്ള അന്തിമ ശിപാര്‍ശ ട്രായ് ഇന്നലെ പുറത്തിറക്കിയിരുന്നു. തട്ടിപ്പുകോളുകള്‍ തടയുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കോളര്‍ ഐഡി ലഭ്യമാക്കുന്നതിനുള്ള സാങ്കേതിക മാതൃക ട്രായ് കേന്ദ്രസർക്കാരിനു നല്‍കിയിട്ടുണ്ട്. എല്ലാ ടെലികോം കമ്പനികള്‍ക്കും ഒരു നിശ്ചിത സമയത്തിനുള്ളില്‍ സേവനം തുടങ്ങുന്നതിന് ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ ട്രായ് സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തു.
പുതിയ സംവിധാനം നടപ്പാകുന്നതോടെ ട്രൂ കോളര്‍ ആപ്പ് ഇല്ലാതെ തന്നെ, വിളിക്കുന്നത് ആരാണെന്ന് അറിയാന്‍ സാധിക്കും. ഫോണ്‍കോള്‍ ലഭിക്കുമ്പോള്‍ തന്നെ ടെലികോം ഓപ്പറേറ്ററില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പേര് കാണിക്കും. ഉപയോക്താവ് ആവശ്യപ്പെട്ടാല്‍ മാത്രം സിഎന്‍എപി പ്രവര്‍ത്തിക്കുന്ന രീതിയിലായിരിക്കും സേവനം. അജ്ഞാത നമ്പരുകളില്‍നിന്നുള്ള കോളുകള്‍ അറ്റന്‍ഡ് ചെയ്യുമ്പോള്‍ പലപ്പോഴും തട്ടിപ്പുകോളുകളോ വാണിജ്യ, പരസ്യ കോളുകളോ ആയിരിക്കാം. ഇതുകാരണം പലപ്പോഴും യഥാര്‍ഥ കോളുകള്‍ സ്വീകരിക്കുന്നതില്‍ പലരും വിമുഖത കാണിക്കുന്നതായി ഇതു സംബന്ധിച്ച ശിപാര്‍ശയില്‍ ട്രായ് ചൂണ്ടിക്കാട്ടുന്നു.
വ്യക്തികള്‍ ഫീച്ചര്‍ ദുരുപയോഗം ചെയ്യുന്നത് പരിഗണിച്ച് സേവനദാതാക്കള്‍ക്ക് ആക്‌സസ് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് നല്‍കണമെന്ന നിര്‍ദേശവുമുണ്ട്. പാര്‍ശ്വവത്കരിക്കപ്പെട്ട ജാതികളിലുള്ളവരോ നിയമാനുസൃതമായി പേര് മാറ്റിയവരോ വിവാഹിതരായ സ്ത്രീകളോ അവരുടെ പേര് ടെലികോം കണക്ഷനില്‍ കാണിക്കാന്‍ താല്‍പ്പര്യപ്പെടണമെന്നില്ലെന്ന ആശങ്ക ട്രായ് അവരുടെ നിര്‍ദേശത്തില്‍ പങ്കുവച്ചിട്ടുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ വിളിക്കുമ്പോള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന പേര് മാറ്റാനുള്ള മാര്‍ഗം ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് കൊണ്ടുവരണമെന്ന നിര്‍ദേശവും ട്രായ് മുന്നോട്ടുവച്ചിട്ടുണ്ട്.
സിം എടുക്കാനുപയോഗിക്കുന്ന നോ യുവര്‍ കസ്റ്റമര്‍ (കെ വൈ സി) രേഖയിലെ പേരായിരിക്കും സിഎന്‍എപിയില്‍ ദൃശ്യമാവുക. രാജ്യമാകെ നടപ്പാക്കുംമുന്‍പ് ടെലികോം സര്‍ക്കിളില്‍ പരീക്ഷണം നടത്തും.
സിഎന്‍പി ട്രൂകോളര്‍ ആപ്പിന് ഭീഷണിയാകുമെന്ന ആശങ്കയില്ലെന്നും 374 ദശലക്ഷത്തിലധികം ഉപയോക്താക്കള്‍ക്ക് ട്രൂകോളര്‍ നല്‍കുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളോടും സേവനങ്ങളോടും താരതമ്യം ചെയ്യാവുന്ന ഒന്നായി സിഎന്‍എപിയെ കാണുന്നില്ലെന്നും ട്രൂ കോളര്‍ വക്താവ് പ്രതികരിച്ചു. സാങ്കേതിക വിദ്യയും എഐയും ഉപയോഗിച്ച് നമ്പര്‍ തിരിച്ചറിയല്‍ സേവനത്തിനപ്പുറം ട്രൂകോളര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ നിര്‍ദേശം ഇന്ത്യന്‍ ഉപയോക്താക്കാളുടെ വിവരസ്വകാര്യതയെ ദോഷകരമായി ബാധിക്കുമെന്ന് ഇന്‌റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. സ്വകാര്യതയുടെ വശം നോക്കിയാല്‍ ടെലികോം ഉപഭോക്താവിന്‌റെ പേര് അവന്‌റെ സ്വകാര്യ ഡേറ്റയാണ്. ഈ വിഷയത്തില്‍ നിലവിലുള്ള നിയമപ്രകാരം മൂന്നാം കക്ഷിയുമായി അവന്‌റെ പേര് പങ്കിടുന്നതിന് ഉപഭോക്താവിന്‌റെ സമ്മതമാവശ്യമാണെന്നു കരുതുന്നതായി റിലയന്‍സ് ജിയോ ട്രായ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.