ഫേസ്ബുക്ക് കമന്റ് ബോക്‌സിനെ 'കുത്തി നോവിക്കണോ?' പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥ എന്ത്?
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഫേസ്ബുക്ക് കമന്റ്ബോക്‌സില്‍ കുത്തുകള്‍ നിറയുകയാണ്. 2017ല്‍ തുടങ്ങിയ കുത്തിടല്‍ ട്രെന്‍ഡ് 2020ല്‍ വീണ്ടും തലപൊക്കി. പിന്നീട് പതിയെ കമന്റ് ബോക്‌സില്‍ കുത്തുകളുടെ എണ്ണം കുറഞ്ഞുവരികയും ചെയ്തു. എന്നാല്‍ കഴിഞ്ഞ മാസത്തോടെ വീണ്ടും 'കുത്തിടൂ, റീച്ച് നേടൂ' എന്ന പോസ്റ്റ് വീണ്ടും ഏതോ വിരുതന്‍ പൊക്കിക്കൊണ്ടു വരുകയായിരുന്നു. ഈ പോസ്റ്റിന്റെ സത്യാവസ്ഥ പോലും മനസിലാക്കാതെ പ്രിയപ്പെട്ടവരുടെ കമന്റ് ബോക്‌സില്‍ കുത്തിട്ടു നിറയ്ക്കുകയാണ് പലരും.
ഫേസ്ബുക്ക് അല്‍ഗോരിതം മാറിയെന്നും ഇനിമുതല്‍ 25 പേരുടെ പോസ്റ്റുകള്‍ മാത്രമേ കാണാന്‍ കഴിയുള്ളുവെന്നുമുള്ള '6 വയസ് പ്രായമുള്ള' വ്യാജ വാര്‍ത്തയാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ ഓടി നടക്കുന്നത്. കൂടുതല്‍ ആളുകളുടെ പോസ്റ്റുകള്‍ കാണാനും സ്വന്തം പോസ്റ്റുകള്‍ മറ്റുള്ളവരിലേക്ക് എത്താനും പലരും കമന്റ് ബോക്‌സില്‍ കുത്തിടൂ എന്ന വാര്‍ത്ത കേട്ട പാതി കേള്‍ക്കാത്ത പാതി കുത്തിടൽ യജ്ഞം തുടങ്ങി.
സ്ഥിരമായി നമ്മള്‍ ഫേസ്ബുക്കിലൂടെ ചാറ്റ് ചെയ്യുന്ന, പോസ്റ്റുകള്‍ക്ക് സ്ഥിരമായി ലൈക്കും കമെന്റും ചെയ്യുന്ന ഒരു സുഹൃത്തുണ്ടെങ്കില്‍ ആ വ്യക്തികളുടെ പോസ്റ്റുകള്‍ നമ്മളിലേക്ക് കൂടുതലായി എത്തും
എന്നാല്‍ ശരിക്കും ഈ കുത്തിട്ടതുകൊണ്ട് എന്തെങ്കിലും ഉപയോഗമുണ്ടോ? ഇല്ല എന്നാണ് ഉത്തരം. ഇത്തരത്തില്‍ ചെയ്തതുകൊണ്ട് ഒരു ഉപയോഗവുമില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കുത്തിനൊപ്പം തന്നെ പ്രചരിക്കുന്ന വാക്കാണ് ഫേസ്ബുക്ക് അല്‍ഗോരിതം. ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ ഫീഡില്‍ ലഭിക്കുന്നതും, പോസ്റ്റുകള്‍ നിര്‍ദ്ദേശിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതും അല്‍ഗോരിതത്തെ അടിസ്ഥാനപ്പെടുത്തിയാണെന്നുള്ളത് വാസ്തവം.
താത്പര്യമുള്ള വ്യക്തികളുമായും പേജുകളുമായും നമ്മള്‍ എത്രമാത്രം ഇടപഴകുന്നു എന്നതുമായി ബന്ധപ്പെടുത്തിയാണ് ഫേസ്ബുക്ക് തുറക്കുമ്പോള്‍ ഫീഡില്‍ നമുക്കു പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നത്. പേജുകള്‍ നിരന്തരം ഫോളോ ചെയ്യുകയും പോസ്റ്റുകള്‍ക്ക് കമെന്റ് ഇടുകയും ഒക്കെ ചെയ്യുന്നതിലൂടെ വീണ്ടും വീണ്ടും അവയില്‍ നിന്നുള്ള പോസ്റ്റുകള്‍ ഫീഡില്‍ ലഭിക്കാന്‍ കാരണമാകും.
പേജുകളിലാണ് നമ്മള്‍ ഇത്തരത്തില്‍ വലിയ തോതില്‍ ഇടപെടല്‍ നടത്തുന്നതെങ്കില്‍ ടോപ്പ് ഫാന്‍ ബാഡ്ജും ഫേസ്ബുക്ക് നല്‍കും. അതായത് സ്ഥിരമായി നമ്മള്‍ ഫേസ്ബുക്കിലൂടെ ചാറ്റ് ചെയ്യുന്ന, പോസ്റ്റുകള്‍ക്ക് സ്ഥിരമായി ലൈക്കും കമെന്റും ചെയ്യുന്ന ഒരു സുഹൃത്തുണ്ടെങ്കില്‍ ആ വ്യക്തികളുടെ പോസ്റ്റുകള്‍ നമ്മളിലേക്ക് കൂടുതലായി എത്തും എന്നതില്‍ സംശയമില്ല. അത്തരത്തില്‍ ഒരു മുന്‍ഗണനാ ക്രമം ഫേസ്ബുക്ക് തന്നെ രൂപപ്പെടുത്തുന്നു. എന്നാല്‍ കുത്ത് ഇടുന്നതുകൊണ്ട് പോസ്റ്റുകള്‍ ലഭിക്കുകയോ ഫീഡില്‍ കൂടുതലായി പ്രത്യക്ഷപ്പെടുകയോ ഇല്ല. കുത്തിട്ടവരെല്ലാം നാളെ നിങ്ങളിടുന്ന പോസ്റ്റുകള്‍ കാണണമെന്നുമില്ല.
തെറ്റിദ്ധാരണ പരത്തുന്ന സ്പാം പോസ്റ്റുകളെയും വ്യാജ വിവരങ്ങളെയും ഒഴിവാക്കാന്‍ സഹായിക്കുന്നതാണ് തങ്ങളുടെ അല്‍ഗോരിതമെന്നാണ് ഫേസ്ബുക്കിന്‍റെ അവകാശവാദം
ആരാണ് പോസ്റ്റിട്ടത്? എപ്പോഴാണ് പോസ്റ്റിട്ടത്? എവിടെ നിന്നാണ് പോസ്റ്റിട്ടിരിക്കുന്നത്? പോസ്റ്റിട്ടത് സുഹൃത്തോ സ്ഥിരമായി ഫോളോ ചെയ്യുന്ന പേജോ ആണോ? എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്കൊപ്പം ഫേസ്ബുക്ക് ഓപ്പണ്‍ചെയ്യുന്ന സമയം, ഇന്റര്‍നെറ്റ് കണക്ഷന്റെ വേഗം എന്നീ കാര്യങ്ങളെല്ലാം വിശകലനം ചെയ്ത ശേഷമാണ് ഫേസ്ബുക്ക് ഒരു പോസ്റ്റ് നമുക്കു മുന്‍പിലേക്കെത്തിക്കുന്നത്.
തെറ്റിദ്ധാരണ പരത്തുന്ന സ്പാം പോസ്റ്റുകളെയും വ്യാജ വിവരങ്ങളെയും ഒഴിവാക്കാന്‍ സഹായിക്കുന്നതാണ് തങ്ങളുടെ അല്‍ഗോരിതമെന്ന് ഫേസ്ബുക്ക് അവകാശവാദമുന്നയിക്കുന്നതെങ്കിലും കമ്പനിയുടെ താത്പര്യങ്ങള്‍ ഉപയോക്താക്കളിലേക്ക് അടിച്ചേല്‍പ്പിക്കുന്നതാണ് ഈ അല്‍ഗോരിതമെന്ന് ആഗോളതലത്തില്‍ തന്നെ പരാതികളും ഉയര്‍ന്നിട്ടുണ്ട്.
അതുകൊണ്ടു കാളപെറ്റെന്നു കേട്ട് കയറെടുക്കാന്‍ നില്‍ക്കണ്ട. പ്രചരിക്കുന്നത് വ്യാജവാര്‍ത്ത തന്നെയാണ്. അതു വിശ്വസിച്ചു കമെന്റ് ബോക്‌സുകളെ കുത്തി നോവിക്കാതെ പ്രിയപ്പെട്ടവരുമായി ഫേസ്ബുക്കിലൂടെ ധൈര്യമായി ഇടപഴകാം.