'മത്സരമാകാം, വഞ്ചന പാടില്ല'; ത്രെഡ്‌സിനെതിരെ നിയമനടപടിക്കൊരുങ്ങി ട്വിറ്റര്‍
എതിരാളിയായി ഗംഭീര വരവറിയിച്ച ത്രെഡ്സിനെതിരെ നിയമനടപടിക്ക് ഒരുങ്ങി ട്വിറ്റർ. കമ്പനിയുടെ വ്യാപാര രഹസ്യങ്ങള്‍ മോഷ്ടിക്കുന്നുവെന്നും 'ബൗദ്ധിക സ്വത്തവകാശം' ലംഘിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ത്രെഡ്‌സിനെതിരായ ട്വിറ്ററിന്റെ നീക്കം. ലോഞ്ച് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മൂന്ന് കോടിയിലേറെ ഉപയോക്താക്കളെന്ന നേട്ടം ത്രെഡ്‌സ് സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നിയമനടപടി ഭീഷണി.
ട്വിറ്ററിന്റെ വ്യാപാര രഹസ്യങ്ങളും മറ്റ് ബൗദ്ധിക സ്വത്തുക്കളും നിയമവിരുദ്ധമായി ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് ഇലോണ്‍ മസ്‌കിന്റെ അഭിഭാഷകന്‍ അലക്സ് സ്പിറോ മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന് കത്തെഴുതി. ട്വിറ്ററിന്റെ രഹസ്യാത്മക വിവരങ്ങളിലേക്ക് ആക്സസ് ഉണ്ടായിരുന്നതും തുടരുന്നതുമായ ഡസന്‍ കണക്കിന് മുന്‍ ട്വിറ്റര്‍ ജീവനക്കാരെ മെറ്റ നിയമിച്ചതായാണ് കത്തിലെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിൽ നിയമനടപടികളിലേക്ക് നീങ്ങുമെന്നും മുന്നറിയിപ്പ് നൽകുന്നു.
'ട്വിറ്റര്‍ അതിന്റെ ബൗദ്ധിക സ്വത്തവകാശം കര്‍ശനമായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നു. ട്വിറ്ററിന്റെ ഏതെങ്കിലും വ്യാപാര രഹസ്യങ്ങളോ മറ്റ് അതീവ രഹസ്യാത്മക വിവരങ്ങളോ ഉപയോഗിക്കുന്നത് നിര്‍ത്തണം'. അലക്‌സ് സ്പിറോ മെറ്റയ്ക്ക് അയച്ച കത്തില്‍ എഴുതി. 'മത്സരം നല്ലതാണ്, എന്നാല്‍ വഞ്ചന നല്ലതല്ല' വാര്‍ത്ത ഉദ്ധരിച്ച് ഒരു ട്വീറ്റിന് ഇലോണ്‍ മസ്‌ക് മറുപടി നല്‍കി. അതേസമയം ത്രെഡ്സിലെ എഞ്ചിനീയറിംഗ് ടീമിലെ ആരും തന്നെ മുന്‍ ട്വിറ്റര്‍ ജീവനക്കാരനല്ലെന്ന് അവകാശപ്പെട്ട് മെറ്റ രംഗത്തെത്തി.
ട്വിറ്ററിന് ഭീഷണിയായെത്തിയ ത്രെഡ്‌സ് ആണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ട്രെന്‍ഡിങ്. ആദ്യ ഏഴ് മണിക്കൂറില്‍ തന്നെ ആപ്പ് ഒരു കോടിയിലേറെ ഉപയോക്താക്കളെന്ന നേട്ടം സ്വന്തമാക്കി. ഇതുവരെ 3 കോടിയിലേറെ പേർ അക്കൗണ്ട് തുറന്നുകഴിഞ്ഞു. 'ട്വിറ്റര്‍ കില്ലര്‍' എന്നാണ് ത്രെഡ്‌സിനെ ഇപ്പോള്‍ സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത്.