മുന്‍കൂട്ടി അറിയിക്കാതെ അക്കൗണ്ടുകള്‍ പിടിച്ചെടുത്ത് എക്സ്; വലഞ്ഞ് ഉപയോക്താക്കള്‍
മുന്‍കൂട്ടി അറിയിപ്പ് നൽകാതെ, ഉപയോക്താവിന്റെ സമൂഹമാധ്യമ അക്കൗണ്ടിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇലോൺ മസ്കിന്റെ എക്സ് (ട്വിറ്റർ). @music എന്ന ഹാൻഡിലിന്റെ നിയന്ത്രണമാണ് ഉടമയുടെ അനുവാദമില്ലാതെ എക്സ് ഏറ്റെടുത്തത്. സോഫ്റ്റ്‌വെയർ ഡെവലപ്പറായ ജെറെമി വാട്ടിന്റെ സംരംഭമാണ് @music. അക്കൗണ്ട് എക്സ് ഏറ്റെടുത്തതായി ഒരു അറിയിപ്പ് മാത്രമാണ് തനിക്ക് നൽകിയതെന്ന് ജെറെമി ട്വീറ്റ് ചെയ്തു. എക്സിന്റെ ഭാഗത്ത് നിന്നും ലഭിച്ച അറിയിപ്പ് ഉൾപ്പെടുത്തിയിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
"@music അക്കൗണ്ടിന്റെ നിയന്ത്രണം എക്സ് കോർപറേഷനുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു. ഇപ്പോൾ മുതൽ അക്കൗണ്ടിന്റെ പേര് @Music എന്ന് മാറ്റും." അറിയിപ്പിൽ പറയുന്നു. പകരം ജെറെമിക്ക് @musicmusic @music123 @musiclover എന്നീ ഹാൻഡിലുകളിൽ ഒന്ന് തിരഞ്ഞെടുക്കാമെന്നും എക്സ് അറിയിപ്പ് നൽകി. ഇതിൽ അതൃപ്തി പ്രകടിപ്പിച്ചാണ് ജെറെമി ട്വീറ്റ് ചെയ്തത്.
"16 വർഷങ്ങൾക്ക് മുൻപ് ഞാൻ തുടങ്ങിയ സംരംഭമാണ് @Music. ട്വിറ്റർ ഇപ്പോഴത് പിടിച്ചെടുത്തിരിക്കുന്നു. കടുത്ത അതൃപ്തി പ്രകടിപ്പിക്കുന്നു." ജെറെമി ട്വീറ്റിൽ പറഞ്ഞു.
സംഗീതവുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കിടാൻ @TwitterMusic എന്ന അക്കൗണ്ട് മുൻപ് ട്വിറ്റർ നിയന്ത്രിച്ചിരുന്നു. എന്നാൽ, ഈ അക്കൗണ്ട് പിന്നീട് എടുത്തുമാറ്റി. പകരം ഇതിൽ ഉണ്ടായിരുന്ന ഫോളോവേഴ്സും ഉള്ളടക്കവും മുഴുവനായും @Music -ലേക്ക് മാറ്റിയതായി എക്സ് അറിയിച്ചു. പുതിയ അക്കൗണ്ടിൽ നിന്ന് എക്സ് അക്ഷരം പിടിച്ചുനിൽക്കുന്ന ഇംഗ്ലീഷ് പാട്ടുകാരൻ എഡ് ഷീരന്റെ ചിത്രവും ട്വീറ്റ് ചെയ്തു. ജെറെമിയുടെ വ്യക്തിഗത ട്വീറ്റുകൾ @musicfan എന്ന അക്കൗണ്ടിലേക്ക് എക്സ് തന്നെ തിരിച്ചുവിടുകയും ചെയ്തു.
കഴിഞ്ഞ ആഴ്ച @X എന്ന അക്കൗണ്ടും ട്വിറ്റർ പിടിച്ചെടുത്തത് സമാനമായ രീതിയിലായിരുന്നു. 16 വർഷങ്ങൾക്ക് മുൻപ് സാൻ ഫ്രാൻസിസ്കോയിലെ ഹ്വാങ് ആരംഭിച്ച അക്കൗണ്ട് മതിയായ നഷ്ടപരിഹാരം നൽകാതെയാണ് ട്വിറ്റർ പിടിച്ചെടുത്തത്. പിന്നാലെ, ട്വിറ്ററിന്റെ പേരും മറ്റ് വിവരങ്ങളും X എന്ന് മാറ്റുകയും ചെയ്തു. പിന്നാലെയാണ് @music , @sports തുടങ്ങിയ അക്കൗണ്ടുകളും മസ്ക് പിടിച്ചെടുത്തത്. എന്നാൽ, ഇതിനോട് പ്രതികരിക്കാതിരുന്ന മസ്ക്, എക്സിൽ ഇടുന്ന ട്വീറ്റുകളിലുണ്ടാകുന്ന നിയമനടപടികളിൽ ആർക്കുവേണ്ടിയും കാശ് മുടക്കാൻ താൻ തയ്യാറാണെന്നും ഇതിന് കൃത്യമായ കാലയളവ് ഉണ്ടാകില്ലെന്നുമുള്ള പരസ്പരവിരുദ്ധമായ മറുപടിയാണ് പങ്കുവച്ചത്.