ബ്ലൂ ടിക്കിന് വലിയ വില നൽകേണ്ടി വരും; ട്വിറ്ററിൽ മാറ്റങ്ങൾ വരുത്തി മസ്ക്
ട്വിറ്ററിൽ ബ്ലൂ ടിക്ക് ലഭിക്കാൻ ഇനി ആളുകൾ ബുദ്ധിമുട്ടും. ഏപ്രിൽ ഒന്നു മുതൽ ബ്ലൂ ടിക്ക് സബ്സ്ക്രിപ്ഷൻ വേണ്ടവർ മാസം ഏഴു ഡോളർ നൽകണമെന്നാണ് മസ്കിന്റെ നിർദേശം. ട്വിറ്റർ ബ്ലൂ സബ്‌സ്‌ക്രിപ്‌ഷന് പണം നൽകാത്ത ലെഗസി വെരിഫൈഡ് അക്കൗണ്ട് ഉടമകൾക്ക് ഏപ്രിൽ മുതൽ അക്കൗണ്ട് നഷ്‌ടമാകുമെന്നാണ് ട്വിറ്റർ അറിയിച്ചിരുക്കുന്നത്. ബ്ലൂ ടിക്കിനായി പണം നൽകാത്ത പത്രപ്രവർത്തകർ, സെലിബ്രിറ്റികൾ, രാഷ്ട്രീയക്കാർ എന്നിവർക്ക് ഉടൻ അക്കൗണ്ട് നഷ്ടമാകുമെന്നാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്.
ട്വിറ്ററിന്റെ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ സേവനമായ ട്വിറ്റർ ബ്ലൂ വഴി സൈൻ അപ്പ് ചെയ്‌താൽ മാത്രമേ ഇനി ബ്ലൂ ടിക്ക് സ്വന്തമാക്കാൻ സാധിക്കുകയുള്ളൂ. ട്വിറ്ററിൽ അധികാരമേറ്റത് മുതൽ പ്രമുഖ വ്യക്തികൾക്കു മാത്രം ബ്ലൂ ടിക്ക് നല്കുന്നതിനോട് മസ്ക് എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. മസ്ക് ട്വിറ്റർ ഏറ്റെടുത്ത ശേഷം ബ്ലൂ ടിക്ക് എന്നത് അക്കൗണ്ടിന്റെ വിശ്വാസ്യത എന്നതിലുപരി ഒരു ബിസിനസ്സായി മാറി. പ്രമുഖർക്ക് മാത്രം ലഭിച്ചിരുന്ന ബ്ലൂ ടിക്ക് പണമുള്ള ആർക്കും ലഭിക്കുന്ന നിലയിലേക്കാണ് എത്തിയിരിക്കുന്നത്. അഴിമതിയിലൂടെയാണ് മിക്കവരും വെരിഫിക്കേഷൻ സ്വന്തമാക്കിയിരിക്കുന്നതെന്നും അവ നീക്കം ചെയ്യുമെന്നും കഴിഞ്ഞ ഡിസംബറിൽ മസ്ക് പറഞ്ഞിരുന്നു.
മസ്‌ക് ഏറ്റെടുക്കുന്നതിന് മുൻപ് വരെ, ഒരു അക്കൗണ്ടിന്റെ ആധികാരികത നിർണയിക്കാനാണ് ബ്ലൂ ടിക്ക് ഉപയോഗിച്ചിരുന്നത്. ഒരുപാട് നടപടിക്രമങ്ങൾക്കു ശേഷമാണ് ബ്ലൂ ടിക്ക് അനുവദിക്കുന്നതെങ്കിലും മസ്ക് വരുന്നത് വരെ ഇത് സൗജന്യമായിരുന്നു. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിലുള്ള വ്യക്തികളുടെ അക്കൗണ്ടുകൾ വ്യാജമല്ലെന്ന് തിരിച്ചറിയാൻ ഇത് ഉപയോക്താക്കളെ സഹായിച്ചിരുന്നു. എന്നാൽ ഇന്ന് ട്വിറ്റർ ബ്ലൂ ടിക്ക് സബ്സ്ക്രിപ്ഷൻ വഴി ഏതൊരു വ്യക്തിക്കും ബ്ലൂ ടിക്ക് വാങ്ങാൻ സാധിക്കും.
ഫെബ്രുവരി ആദ്യ വാരമാണ് ട്വിറ്റർ ബ്ലൂ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഈ സേവനത്തിന് വെബ്ബിൽ പ്രതിമാസം 650 രൂപയാണ് ചെലവാകുക. ഐഒഎസ്, ആൻഡ്രോയിഡ് പോലുള്ളവയ്ക്ക് പ്രതിമാസം 900 രൂപയും. ട്വിറ്റർ ബ്ലൂ സബ്‌സ്‌ക്രിപ്‌ഷൻ നേടുന്ന ഉപയോക്താക്കൾക്ക് മറ്റുള്ളവർക്ക് ലഭ്യമല്ലാത്ത ചില ആനുകൂല്യങ്ങൾ ലഭിക്കുമെന്ന വാഗ്ദാനമാണ് പുതിയ മാറ്റത്തിലുടെ ട്വിറ്റർ നൽകുന്നത്.