'കമ്പനിയുടെ പ്രകടനം മോശം'; കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങി വോഡഫോൺ, 11,000 ജീവനക്കാർക്ക് ജോലി നഷ്ടമാകും
തൊഴിൽമേഖലയിൽ ആശങ്ക ഉയർത്തി കൂട്ടപ്പിരിച്ചുവിടലുകൾ തുടരുന്നു. ബ്രിട്ടീഷ് മൾട്ടിനാഷണൽ ടെലികമ്മ്യൂണിക്കേഷൻസ് കമ്പനിയായ വോഡഫോൺ 11,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങുകയാണ്. കമ്പനിയുടെ പ്രകടനം വേണ്ടത്ര മികച്ചതല്ലെന്നും മത്സരക്ഷമത മെച്ചപ്പെടുത്തുന്നതിനുമാണ് പുതിയ തീരുമാനമെന്നും കമ്പനിയുടെ പുതിയ ചീഫ് എക്‌സ്‌ക്യൂട്ടീവ് ഓഫീസർ മാര്‍ഗരിറ്റ ഡെല്ല വാലെ പറഞ്ഞു. ചെലവ് കുറയ്ക്കുന്നതിനുമുള്ള പദ്ധതികളുടെ ഭാഗമാണ് പിരിച്ചുവിടലുകളെന്നും സിഇഒ പറഞ്ഞു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇത് നടപ്പിലാക്കാനാണ് തീരുമാനം.
''വോഡഫോണിനായുള്ള എന്റെ പദ്ധതികൾ ഞാൻ പ്രഖ്യാപിക്കുകയാണ്. നമ്മുടെ പ്രകടനം വേണ്ടത്ര മികച്ചതായിരുന്നില്ല, സ്ഥിരമായി സേവനങ്ങൾ എത്തിക്കുന്നതിന് വോഡഫോൺ മാറണം''- ആദ്യ പാദത്തിലെ സാമ്പത്തിക റിപ്പോർട്ട് അവതരണത്തിന് ശേഷം ഡെല്ല വാലെ പറഞ്ഞു. ഉപഭോക്താക്കൾ, ലാളിത്യം, വളർച്ച എന്നീ മൂന്ന് മുൻഗണനകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കും കമ്പനിയുടെ അടുത്ത നാല് വർഷത്തെ പ്രവർത്തനമെന്നും ഡെല്ല വാലെ കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് മാതൃസ്ഥാപനമായ മെറ്റാ ഉൾപ്പെടെയുള്ള ആഗോള ടെക് ഭീമന്മാർ പതിനായിരക്കണക്കിന് ജീവനക്കാരെ ഈ വർഷം പിരിച്ചുവിട്ടതിന് പിന്നാലെയാണ് വോഡഫോണിന്റെ പ്രഖ്യാപനം. നിലവിൽ ലോകമെമ്പാടും 104,000 ജീവനക്കാരാണ് വോഡഫോണിനുള്ളത്. വോഡഫോൺ അടുത്തിടെ പല വിപണികളിലും ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. പുതിയ പിരിച്ചുവിടലുകൾ വോഡഫോണിന്റെ ആഗോള തൊഴിലാളികളുടെ 10 ശതമാനത്തിലധികം വരും. വോഡഫോണിനെ കൂടുതൽ സുസ്ഥിരമായ ഭാവിയിലേക്ക് നയിക്കാനാണ് കമ്പനി ഇപ്പോൾ പദ്ധതിയിടുന്നത്. സ്ഥാപനം ലളിതമാക്കി മത്സരശേഷി വീണ്ടെടുക്കാനുള്ള സങ്കീർണതകൾ ഒഴിവാക്കുമെന്നും മാർഗരിറ്റ ഡെല്ല വാലെ കൂട്ടിച്ചേർത്തു.
അതിനിടെ യൂറോപ്പിലും ആഫ്രിക്കയിലുമായി 300 ദശലക്ഷത്തിലധികം മൊബൈൽ ഉപഭോക്താക്കളുള്ള വോഡഫോൺ, യുകെയിൽ 5G യുടെ വ്യാപനം ത്വരിതപ്പെടുത്തുന്നതിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. സാങ്കേതിക വിദ്യയിൽ പങ്കാളികളാകുന്നതിൽ നിന്ന് ചൈനീസ് ഭീമൻ ഹുവാവേയെ ബ്രിട്ടൻ വിലക്കിയതാണ് വേഗതയേറിയ 5G കണക്റ്റിവിറ്റിയുടെ വ്യാപനത്തെ തടസപ്പെടുത്തിയത്.