ബഹിരാകാശം മുതല്‍ മകൻ്റെ പേര് വരെ... മസ്കിന് X നോടുള്ള ഭ്രമത്തിന് കാരണമേറെ
ട്വിറ്ററിന്റെ നീലക്കിളിക്ക് പകരം 'എക്സ്' എന്ന് ലോഗോ മാറ്റുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇലോൺ മസ്‌ക്. എക്സ് എന്ന അക്ഷരത്തോടുള്ള മസ്കിന്റെ ആകർഷണം പെട്ടെന്ന് തുടങ്ങിയതല്ല. പേപാലിന്റെ മുൻഗാമിയായി 'എക്സ് ഡോട്ട് കോം' എന്ന പേരിൽ 1999ലാണ് ഒരു ഓൺലൈൻ ബാങ്കിങ് സേവന പ്ലാറ്റ്‌ഫോം മസ്ക് ആരംഭിച്ചത്. 2017 വരെ ആപ്പ് പ്രവർത്തിച്ചിരുന്നെങ്കിലും പിന്നീട് നിർത്തലാക്കി.
ആദ്യകാല സംരംഭങ്ങളുടെ ആദരവെന്നോണമായിരിക്കണം എക്സിനോടുള്ള മസ്കിന്റെ പ്രിയം. തനിക്ക് ഏറെ വൈകാരിക മൂല്യമുള്ളതാണ് എക്സ് ഡോട്ട് കോം എന്ന് മസ്‌ക് മുൻപ് ട്വീറ്റ് ചെയ്തിരുന്നു. എക്‌സിന്റെ സൃഷ്‌ടി ദ്രുതഗതിയിലാക്കാനാണ് ട്വിറ്റർ വാങ്ങുന്നതെന്ന് കഴിഞ്ഞ വർഷം കമ്പനി ഏറ്റെടുത്ത ശേഷം മസ്ക് ട്വീറ്റ് ചെയ്തിരുന്നു.
പ്രിയപ്പെട്ടതായി തോന്നുന്ന പലതിനും എക്‌സ് എന്ന അക്ഷരത്തിൽ പേരിടുന്ന ശീലം മസ്കിനുണ്ട്. അദ്ദേഹത്തിന്റെ കമ്പനിയായ സ്‌പേസ് എക്‌സ്, ഇലക്ട്രിക് കാർ മോഡൽ എക്‌സ്, മക്കളിൽ ഒരാളായ എക്‌സ് എഇ എ-XII എന്നിവയെല്ലാം ഇതിനുദാഹരണമാണ്. ട്വിറ്ററിന്റെ മാതൃകമ്പനിയെ എക്‌സ് കോർപറേഷൻ എന്ന് മസ്‌ക് നേരത്തെ തന്നെ നാമകരണം ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് എക്സ് ലോഗോ പോസ്റ്റ് ചെയ്താൽ നാളെ തന്നെ ലോകമെമ്പാടും ട്വിറ്ററിൽ മാറ്റം വരുമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
ട്വിറ്ററിന്റെ പുതിയ ചിഹ്നം ആർട്ട് ഡെക്കോ ശൈലിയിലായിരിക്കുമെന്നും സൈറ്റിലെ പോസ്റ്റുകളെ 'എക്സ്' എന്ന് വിളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏപ്രിലിൽ പുതിയ സിഇഒ ലിൻഡ യാക്കാരിനോയെ സ്വാഗതം ചെയ്യുമ്പോൾ "ഈ പ്ലാറ്റ്‌ഫോം എക്‌സ് ആക്കി മാറ്റാൻ ലിൻഡയ്‌ക്കൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു," എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചിരുന്നു.
ചൈനയുടെ വീചാറ്റ് പോലുള്ള വികസിത ആപ്പ് സൃഷ്ടിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ട്വിറ്റർ റീബ്രാൻഡ് ചെയ്യാൻ പദ്ധതിയിടുന്നത്. 'പ്രപഞ്ചത്തെ മനസ്സിലാക്കാൻ' എന്ന ആശയത്തോടെ പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ എക്സ്എഐ (xAI) പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ട്വിറ്റർ റീബ്രാൻഡ് ചെയ്യുന്നുവെന്ന മസ്കിന്റെ പ്രഖ്യാപനം. ഓപ്പൺഎഐ, ഗൂഗിൾ തുടങ്ങിയവ മനുഷ്യനുണ്ടാകുന്ന അപകടസാധ്യതകൾ പരിഗണിക്കാതെയാണ് സാങ്കേതിക വിദ്യ വികസിപ്പിച്ചത് എന്നാരോപിച്ചാണ് മസ്‌ക് അടുത്തിടെ എക്സ്എഐയുടെ രൂപീകരണം പ്രഖ്യാപിച്ചത്.