എ ഐ പിടിച്ചടക്കാന്‍ ഗൂഗിള്‍ ജെമിനി എത്തി; ചാറ്റ് ജിപിടി4-നേക്കാള്‍ മുന്നില്‍?
ഏറ്റവും പുതിയ ആർട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് (എ ഐ) സാങ്കേതികവിദ്യ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍. ജെമിനി എന്ന് പേരിട്ടിരിക്കുന്ന എ ഐ മോഡല്‍ ബാർഡിലും ഗൂഗിള്‍ പിക്സല്‍ 8 പ്രൊ മോഡലുകളിലും ലഭ്യമാകും. അള്‍ട്രാ, പ്രൊ, നാനോ എന്നിങ്ങനെ മൂന്ന് മോഡലുകളിലാണ് ജെമിനി എത്തുക. എഐ സാങ്കേതികവിദ്യയില്‍ ഏറെ മുന്നിലുള്ള ചാറ്റ് ജിപിടിയുമായായിരിക്കും ജെമിനി മത്സരിക്കുക.
എന്താണ് ഗൂഗിള്‍ ജെമിനി?
ഗൂഗിള്‍ ഡീപ്മൈന്‍ഡിന്റെ സിഇഒയായ ഡെമിസ് ഹസാബിസ് പറയുന്നത് ഗൂഗിള്‍ ജെമിനി ഒരു വിദഗ്ദ സഹായിയായിരിക്കുമെന്നാണ്. ഗൂഗിളിന്റെ വിവിധ ടീമുകളുടെ സഹകരണത്തോടെയാണ് ജെമിനി നിർമ്മിച്ചത്. മള്‍ട്ടി മോഡലായതുകൊണ്ട് തന്നെ ടെക്സ്റ്റ്, കോഡ്, ശബ്ദം, ചിത്രം, വീഡിയോ എന്നിങ്ങനെയുള്ളവ മനസിലാക്കാനും ഇതിലൂടെ പ്രവർത്തിക്കാനും കഴിയും.
നിലവിലുള്ള എ ഐ മോഡലുകളേക്കാള്‍ ശക്തമാണ് ജെമിനി. ജെമിനിയുടെ അള്‍ട്രാ മോഡലിന്റെ പ്രകടനം നിലവില്‍ ഗവേഷണത്തിനും വികസനത്തിനുമായി ഉപയോഗിക്കുന്ന 32 അക്കാദമിക്ക് മാനദണ്ഡങ്ങളില്‍ മുപ്പതും മറികടക്കുമെന്നാണ് ഗൂഗിളിന്റെ അവകാശവാദം. മാസീവ് മള്‍ട്ടിടാസ്ക്ക് ലാംഗ്വേജ് അണ്ടർസ്റ്റാന്‍ഡിങില്‍ (എംഎംഎല്‍യു) വിദഗ്ദരെ വരെ പിന്നിലാക്കുന്ന ആദ്യ മോഡലാണ് ജെമിനി അള്‍ട്രാ എന്നും ഗൂഗിള്‍ പറയുന്നു. കൂടാതെ പൈത്തണ്‍, ജാവ, സി++, ഗോ പോലുള്ള പ്രോഗ്രാമിങ് ഭാഷകള്‍ മനസിലാക്കാനും വിശദീകരിക്കാനും തയാറാക്കാനും ജെമിനിക്ക് കഴിയും.
സുരക്ഷയേയും അബദ്ധങ്ങളേയും ജെമിനി എങ്ങനെ അഭിസംബോധന ചെയ്യും?
ജെമിനിയില്‍ നിന്ന് അബദ്ധങ്ങളുണ്ടാകാനുള്ള സാധ്യതകളെ ഡീപ്മൈന്‍ഡിന്റെ ഭാഗമായ എലി കോളിന്‍സ് പറയുന്നു. എന്നാല്‍ ബാർഡ് പോലുള്ള ഉത്പന്നങ്ങളുമായി സംയോജിപ്പിക്കുമ്പോള്‍ കൃത്യത ഉറപ്പാക്കുന്നതിനായുള്ള അധിക സാങ്കേതികവിദ്യ നല്‍കിയിട്ടുണ്ടെന്നും കോളിന്‍സ് പറയുന്നു.
സുരക്ഷയുറപ്പാക്കുന്നതിനായി മോഡല്‍ വികസിപ്പിക്കുന്നതിനൊപ്പം തന്നെ കൂടുതല്‍ മാർഗങ്ങള്‍ ഉപയോഗിക്കുമെന്നാണ് ഗൂഗിള്‍ പറയുന്നത്. അപകടസാധ്യതയുള്ള മേഖലകളെക്കുറിച്ച് ഗവേഷണം നടത്തിയിട്ടുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. പ്രശ്നപരിഹാരങ്ങള്‍ക്കും ബ്ലൈന്‍സ്‌പോട്ടുകള്‍ കണ്ടെത്തുന്നതിനുമായി ബാഹ്യ വിദഗ്ധരുടെയും പങ്കാളികളുടെയും ഗ്രൂപ്പുമായി പ്രവർത്തിക്കുകയും ചെയ്യുന്നു.
ജെമിനിയോ ചാറ്റ്ജിപിടിയോ
ഒരു നിഗമനത്തിലെത്തുക ബുദ്ധിമുട്ടാണെങ്കിലും ജെമിനി ജിപിടി4നേക്കാള്‍ കൂടുതല്‍ വഴക്കമുള്ളതായിരിക്കുമെന്നാണ് സവിശേഷതകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്. ഇന്റർനെറ്റ് ഇല്ലാതെ തന്നെ വീഡിയോയുടെ കാര്യത്തില്‍ പ്രവർത്തിക്കാന്‍ സാധിക്കുമെന്നതും ജെമിനിക്ക് മുന്‍തൂക്കം നല്‍കുന്നു. ജെമിനി സൗജന്യമാണ്, ചാറ്റ്ജിപിടി4-നായി പണം നല്‍കേണ്ടതുണ്ട്.