ആപ്പിള്‍ അള്‍ട്ര വാച്ച്
ആപ്പിള്‍ അള്‍ട്ര വാച്ച്

ആപ്പിളിന്റെ ഹീറോ; അള്‍ട്രാ വാച്ചിന്റെ പ്രത്യേകതകള്‍

ഇതുവരെ അവതരിപ്പിച്ചിട്ടുള്ളതില്‍ ഏറ്റവും കേമന്‍ ആപ്പിള്‍ വാച്ച് അള്‍ട്ര ആണെന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്
Updated on
2 min read

ആപ്പിള്‍ അവതരിപ്പിച്ച പുതിയ ഉല്‍പന്നങ്ങളില്‍ താരമായി ആപ്പിള്‍ വാച്ച് സീരിസ് . ആപ്പിള്‍ വാച്ച് സീരീസ് 8, ആപ്പിള്‍ വാച്ച് അള്‍ട്ര, ആപ്പിള്‍ വാച്ച് എസ് ഇ എന്നിങ്ങനെ മൂന്ന് സ്മാർട്ട് വാച്ചുകളാണ് പുത്തന്‍ തലമുറയിലെ താരങ്ങള്‍. മറ്റ് രണ്ട് വാച്ചുകള്‍ക്കുമില്ലാത്ത അധിക ഫീച്ചറുകളുണ്ടെന്നതിനാല്‍ ആപ്പിള്‍ വാച്ച് അള്‍ട്ര കൂട്ടത്തില്‍ വ്യത്യസ്തനാണ്. ഇതുവരെ അവതരിപ്പിച്ചിട്ടുള്ളതില്‍ ഏറ്റവും കേമന്‍ ആപ്പിള്‍ വാച്ച് അള്‍ട്ര ആണെന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്.

വലുതും ഭാരമില്ലാത്തതുമായ രൂപകല്‍പന

സഫയര്‍ ക്രിസ്റ്റല്‍ സംരക്ഷണത്തോട് കൂടിയ ടൈറ്റാനിയം കേസിങ്ങും മറ്റ് വാച്ചുകളേക്കാള്‍ വലിപ്പം കൂടിയ ക്രൗണുമാണ് അള്‍ട്രയുടേത്. ആപ്പിള്‍ വാച്ചുകളിലെ ഏറ്റവും ബ്രൈറ്റായ ഡിസ്‌പ്ലെയാണ് ഇതിനുള്ളത്. മറ്റ് വാച്ചുകളിലെ ഡയലിന് 45 mm വലിപ്പം വരുമ്പോള്‍ അള്‍ട്ര മോഡലിന്റെ ഡയലിന് 49 mm വലിപ്പമുണ്ട്. എന്നാല്‍, ടൈറ്റാനിയം ബോഡിയായതിനാല്‍ ഭാരം കുറവാണ്.

വ്യത്യസ്ത താപനിലയിലും പ്രവര്‍ത്തിക്കാനുള്ള കഴിവ്

കാലാവസ്ഥയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന രീതിയിലാണ് അള്‍ട്ര വാച്ചിന്റെ രൂപകല്‍പന. -20 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 55 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനിലയില്‍ വാച്ച് മികവോടെ പ്രവര്‍ത്തിക്കും. കൂടാതെ വെള്ളത്തിനടിയില്‍ 40 മീറ്റര്‍ ആഴത്തില്‍ വരെ പ്രവര്‍ത്തിക്കും. സ്‌പോര്‍ട്‌സ്, സ്‌കൂബ ഡൈവിങ് എന്നിവയുള്‍പെടെ സാഹസികമായ ഏതു വിനോദത്തിനും അള്‍ട്രാ വാച്ച് മാറ്റിവെയ്ക്കേണ്ടി വരില്ല.

ബാറ്ററി ലൈഫ്

36 മണിക്കൂര്‍ വരെ ബാറ്ററി ലൈഫാണ് ഒറ്റത്തവണ ചാര്‍ജിങ്ങില്‍ അള്‍ട്ര നല്‍കുന്നത്. ലോ പവര്‍ മോഡിലാണെങ്കില്‍ 60 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ് ലഭിക്കും. ദീര്‍ഘദൂര വിമാനയാത്ര പതിവായി വേണ്ടിവരുന്ന ഉപയോക്താക്കള്‍ക്ക് പോലും, ഇനി ലോഞ്ചുകളിലോ മിഡ് ഫ്‌ളൈറ്റിലോ ആപ്പിള്‍ വാച്ചുകള്‍ ചാര്‍ജ് ചെയ്യാനുള്ള വഴി തേടേണ്ടിവരില്ല.

ആക്ഷന്‍ ബട്ടണ്‍

ലൊക്കേഷന്‍ ട്രാക്ക് ചെയ്യാന്‍ ആക്ഷന്‍ ബട്ടണിന് സഹായിക്കാനാകും. മലമുകളിലേക്കുള്ള ട്രക്കിങ്ങിന് ശേഷം തിരിച്ചെത്താനുള്ള വഴി തെറ്റിയാലും ആക്ഷന്‍ ബട്ടണ്‍ ചതിക്കില്ല. എല്‍1+എല്‍5 ജിപിഎസ് ആണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. കോമ്പസ് വേപോയിന്റിന്റെയും ബാക്ക്ട്രാക്ക് ഓപ്ഷനും പല സന്ദര്‍ഭങ്ങളിലും ഉപയോഗപ്രദമാണ്.

ട്രയല്‍ ലൂപ് സ്ട്രാപ് ആണ് മറ്റൊരു പ്രത്യേകത. എമര്‍ജന്‍സി സൈറന്‍ ബട്ടണും ഉപഭോക്താവിനെ ആകർഷിക്കുന്നതാണ്. ആരോഗ്യപരിപാലനത്തിനായുള്ള ഫീച്ചറുകള്‍ അള്‍ട്രയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ശരീരത്തിന്റെ താപനില അളക്കുന്ന സെന്‍സറാണ് മറ്റൊന്ന്. പനിയടക്കം തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നല്‍കാന്‍ ഈ സംവിധാനത്തിന് സാധിക്കും. അള്‍ട്രയ്ക്ക് ഇന്ത്യയില്‍ 89,900 രൂപയാണ് വില. ആപ്പിള്‍ വാച്ച് സീരീസ് 8-ന്റെ ഇരട്ടി വിലയാണിത്.

logo
The Fourth
www.thefourthnews.in