ഡിസ്‌കോര്‍ഡിന് സമാനമായ വോയ്സ് ചാറ്റ് സൗകര്യം; പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്
ഉപഭോക്താക്കള്‍ക്ക് പുത്തന്‍ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്. ഡിസ്‌കോര്‍ഡിന് സമാനമായ വോയ്സ് ചാറ്റ് സൗകര്യമാണ് വാട്‌സ്ആപ്പ് ഒരുക്കിയിരുന്നത്. വോയ്‌സ് കോളുകളായും വോയ്സ് നോട്ടുകളായും പുതിയ അപ്‌ഡേഷന് സാമ്യമുണ്ടെന്ന് തോന്നുമെങ്കിലും ഗ്രൂപ്പ് കോളുമായി അടുത്ത് നില്‍ക്കുന്ന ഫീച്ചറാണിത്.
ഓഗസ്റ്റിലാണ് വാട്‌സ്ആപ്പ് ആദ്യമായി ഈ അപ്‌ഡേഷന്‍ കൊണ്ടുവരുന്നത്. എന്നാല്‍ അത് ആപ്പിന്റെ ബീറ്റാ പതിപ്പുള്ളവര്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ എല്ലാവര്‍ക്കും ലഭ്യമാക്കുന്ന തരത്തില്‍ ഈ അപ്‌ഡേഷന്‍ ക്രമീകരിക്കാനിരിക്കുകയാണ് വാട്‌സ്ആപ്പ്.
ഈ അപ്‌ഡേഷനില്‍ ഒരു വോയ്‌സ് ചാറ്റിന് തയ്യാറെടുക്കുമ്പോള്‍ ഗ്രൂപ്പിലെ എല്ലാവരുടെയും ഫോണ്‍ റിംഗ് ചെയ്യില്ലെങ്കിലും നിശബ്ദമായ അറിയിപ്പ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ഡിസ്‌കോര്‍ഡ് ആപ്പിലുള്ളത് പോലെ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും വോയ്‌സ് ചാറ്റില്‍ പ്രവേശിക്കാനും ഇറങ്ങിപ്പോകാനും സാധിക്കും. കോള്‍ നിയന്ത്രിക്കാനുള്ള സംവിധാനം ഗ്രൂപ്പ് ചാറ്റിന്റെ മുകള്‍ ഭാഗത്തായി കാണിക്കുന്നതായിരിക്കും. വോയിസ് ചാറ്റ് നടന്നുകൊണ്ടിരിക്കുമ്പോള്‍ സന്ദേശം അയക്കാനുള്ള സംവിധാനവും പുതിയ അപ്‌ഡേഷനിലുണ്ട്.
വോയിസ് ചാറ്റില്‍ ആരൊക്കെ പങ്കെടുത്തുവെന്ന് സ്‌ക്രീനിന്റെ താഴെ പ്രത്യക്ഷപ്പെടുന്ന ബാനറില്‍ നിന്നും ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കും. കൂടാതെ വോയിസ് ചാറ്റില്‍ പങ്കെടുക്കാത്തവര്‍ക്ക് പങ്കെടുക്കുന്നവരുടെ പ്രൊഫൈലും കാണാം.
വോയിസ് ചാറ്റിന് താല്‍പര്യമുണ്ടെങ്കില്‍ ഏത് ഗ്രൂപ്പിലാണോ സംസാരിക്കേണ്ടത് ആ ഗ്രൂപ്പിലെ സ്‌ക്രീനില്‍ വലത് വശത്ത് മുകള്‍ ഭാഗത്ത് കാണുന്ന തരംഗരൂപത്തിലുള്ള ചിഹ്നം അമര്‍ത്തുക. അതില്‍ തെളിഞ്ഞ് വരുന്ന സ്റ്റാര്‍ട്ട് വോയിസ് ചാറ്റ് എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇനി വോയ്‌സ് ചാറ്റ് അവസാനിപ്പിക്കാന്‍ ഗ്രൂപ്പിന്റെ വലത്തേ അറ്റത്ത് കാണുന്ന എക്‌സ് ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ മതി.
അവസാനത്തെ വ്യക്തിയും ഗ്രൂപ്പ് ചാറ്റില്‍ നിന്നും ഇറങ്ങുകയോ അല്ലെങ്കില്‍ ഒരു മണിക്കൂറിനുള്ളില്‍ ആരും ചാറ്റില്‍ പങ്കെടുക്കാതിരിക്കുകയോ ചെയ്താല്‍ വോയിസ് ചാറ്റ് സ്വയം തന്നെ അവസാനിക്കുന്നതായിരിക്കും. 33 മുതല്‍ 128 പേര് വരെ അടങ്ങുന്ന ഗ്രൂപ്പുകളിലാണ് നിലവില്‍ വോയ്‌സ് ചാറ്റ് ചെയ്യാനുള്ള അവസരം ഒരുക്കുന്നത്. മാത്രവുമല്ല, സമാനമായ വാട്‌സ്ആപ്പ് കോള്‍, മെസേജ് എന്നിവ പോലെ വോയിസ് ചാറ്റും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ആണ്.