ദുരുപയോഗം, നിയമലംഘനം; രാജ്യത്ത് ഏപ്രിലില്‍ മാത്രം നിരോധിച്ചത് 71 ലക്ഷം വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍
ഇന്ത്യയില്‍ ഏപ്രിലില്‍ മാത്രം ഏകദേശം 71 ലക്ഷം വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ദുരുപയോഗം തടയാനും സമഗ്രത നിലനിര്‍ത്തുന്നതിനും വേണ്ടിയാണ് ഏപ്രില്‍ ഒന്ന് മുതല്‍ 30 വരെ 71 ലക്ഷത്തോളം അക്കൗണ്ടുകള്‍ തടഞ്ഞത്. ഉപയോക്താക്കള്‍ തങ്ങളുടെ നിയമങ്ങള്‍ ലംഘിക്കുന്നത് തുടര്‍ന്നാല്‍ കൂടുതല്‍ നിരോധനങ്ങള്‍ നടപ്പാക്കുന്നത് തുടരുമെന്ന് കമ്പനി അറിയിച്ചു.
7,18,2000 അക്കൗണ്ടുകളാണ് വാട്‌സ്ആപ്പ് നിരോധിച്ചത്. ഇതില്‍ 1,302,000 അക്കൗണ്ടുകള്‍ ഉപയോക്താക്കളില്‍ നിന്നും എന്തെങ്കിലും മറുപടി വരുന്നതിന് മുമ്പ് തന്നെ നിരോധിക്കുകയായിരുന്നു. അക്കൗണ്ടുകളില്‍ നിന്നും ദുരുപയോഗം സൂചിപ്പിക്കുന്ന സംശയാസ്പദമായ പെരുമാറ്റ രീതികള്‍ തിരിച്ചറിയാന്‍ കമ്പനി വിപുലമായ മെഷീന്‍ ലേണിങ്ങും ഡാറ്റാ അനലിറ്റ്ക്സും ഉപയോഗിക്കുന്നുണ്ട്.
ഏപ്രിലില്‍ മാത്രം അക്കൗണ്ട് പിന്തുണ, അപ്പീലുകള്‍ നിരോധിക്കുക, ഉല്‍പ്പന്ന പിന്തുണ, സുരക്ഷാ ആശങ്ക തുടങ്ങിയ വിഷയങ്ങളില്‍ 10,544 ഉപഭോക്താക്കളില്‍ നിന്നും വാട്‌സ്ആപ്പിന് മറുപടി ലഭിച്ചു. തുടർന്ന് ആറ് അക്കൗണ്ടുകള്‍ക്കെതിരെ മാത്രമാണ് നടപടിയെടുത്തത്.
മാര്‍ച്ചില്‍ 79 ലക്ഷത്തിലധികം അക്കൗണ്ടുകളാണ് വാട്‌സ്ആപ്പ് നിരോധിച്ചത്. 12, 782 പരാതികളാണ് വാട്‌സ്ആപ്പിന് ലഭിച്ചത്. ഉപയോക്താക്കളുടെ സുരക്ഷിതമായ അന്തരീക്ഷം നിലനിര്‍ത്താനാണ് ഉപയോക്തൃ അക്കൗണ്ടുകള്‍ വാട്‌സ്ആപ്പ് നിരോധിച്ചത്. വാട്‌സ്ആപ്പിന്റെ നിബന്ധനങ്ങളുടെ ലംഘനം, നിയമപരമായ ലംഘനം, ഉപഭോക്താക്കളുടെ റിപ്പോര്‍ട്ട് എന്നിവ പ്രകാരമാണ് പൊതുവേ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ നിരോധിക്കുന്നത്.
വാട്‌സ്ആപ്പില്‍ ഒരു അക്കൗണ്ട് സൃഷ്ടിക്കുമ്പോള്‍ സംശയാസ്പദമായ രജിസ്‌ട്രേഷനുകള്‍ കണ്ടെത്തുന്നതിനും തടയുന്നതിനുമുള്ള ഒരു സംവിധാനം വാട്‌സ്ആപ്പ് ഒരുക്കിയിട്ടുണ്ട്. സ്പാം സന്ദശങ്ങളോ, ഭീഷണികളോ, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതോ നിരീക്ഷിക്കാന്‍ വാട്‌സ്ആപ്പില്‍ ഇറ്റാ അല്‍ഗോരിതങ്ങളും ഉപയോഗിക്കുന്നുണ്ട്.
ദുരുപയോഗങ്ങള്‍ നടക്കുന്നുണ്ടോയെന്ന് മേല്‍നോട്ടം വഹിക്കാന്‍ എഞ്ചിനീയര്‍മാര്‍, ഡാറ്റാ സയന്റിസ്റ്റുകള്‍, അനലിസ്റ്റുകള്‍, ഗവേഷകര്‍, സാങ്കേതിക വിദ്യ വിദഗ്ദര്‍ ഉൾപ്പെടുന്നു ടീമിനെ തന്നെ വാട്‌സ്ആപ്പ് നിയമിക്കുന്നുണ്ട്.