'വാട്ട്സ്ആപ്പ് ചാനലുകള്‍ക്ക് ഇന്ത്യയില്‍ അതിവേഗ വളര്‍ച്ച', ഭാവിയിൽ നിർണായകമാകുക എഐ എന്ന് കമ്പനി മേധാവി
വാട്ട്സ്ആപ്പ് ചാനലുകള്‍ ഇന്ത്യയില്‍ അതിവേഗം വളരുന്നതായി കമ്പനി മേധാവി ആലീസ് ന്യൂട്ടണ്‍-റെക്‌സ്. ആപ്പിന്റെ മുന്നോട്ടുള്ള പോക്കില്‍ നിര്‍മിത ബുദ്ധിയായിരിക്കും (എ ഐ) നിര്‍ണായക സ്വാധീനം ചെലുത്തുകയെന്നും ഇത് ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കും ബിസിനസുകാര്‍ക്കും വലിയ നേട്ടങ്ങളുണ്ടാക്കുമെന്നും ഇന്ത്യ സന്ദര്‍ശനവേളയിൽ വാട്ട്സ്ആപ്പ് മേധാവി പറഞ്ഞു.
വാട്‌സാപ്പ് പുതുതായി പുറത്തിറക്കിയ ഫീച്ചറുകളായ ചാനലുകള്‍, മെറ്റ എ ഐ എന്നിവ വഴി ഇന്ത്യയിലും വിദേശത്തുമെത്തുന്ന തെറ്റായ വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ വാട്ട്സ്ആപ്പ് ശ്രമിക്കുകയാണ്. ആപ്പില്‍ ആധികാരികമായ വിവര സ്രോതസുകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ ചാനലുകള്‍ക്കാകുമെന്ന് അവര്‍ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
ഇന്ത്യന്‍ ഉപയോക്താക്കള്‍ അവരുടെ സംഭാഷണങ്ങള്‍ സ്വകാര്യമാക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ വാട്‌സാപ്പിന്റെ ഇന്ത്യന്‍ പ്രവര്‍ത്തനങ്ങളുടെ കാതല്‍ സ്വകാര്യതയിലൂന്നിയായിരിക്കും.
വാട്ട്സ്ആപ്പിലെ ഏറ്റവും ജനപ്രിയമായ പല ചാനലുകളും വാര്‍ത്താ വിഭാഗങ്ങളുമായും വസ്തുതാ പരിശോധനാ സംഘടനകളുമായും ബന്ധപ്പെട്ടവയാണ്. പുതിയ ഉള്‍ക്കാഴ്ചകളും വിവരങ്ങളും ശേഖരിക്കാനാണ് താന്‍ രാജ്യം സന്ദര്‍ശിക്കുന്നത്. ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി എ ഐ, സ്വകാര്യത, ഉപയോക്തൃ സുരക്ഷ, വരാനിരിക്കുന്ന സവിശേഷതകള്‍ തുടങ്ങിയവയെല്ലാം ഈ പ്ലാറ്റ്‌ഫോമില്‍ എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്.
പൊതുവായ പ്രേക്ഷകരിലേക്ക് ടെക്സ്റ്റ് അല്ലെങ്കില്‍ ദൃശ്യ ഉള്ളടക്കം പങ്കിടുന്നതിനുള്ള ഒരു വണ്‍-വേ സംവിധാനമാണ് വാട്‌സാപ്പ് ചാനലുകള്‍. ഇത്തരം ഫീച്ചറുകള്‍ വ്യാജവാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള കമ്പനിയുടെ സമീപനത്തിന് വിരുദ്ധമാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ചാനലുകളിലെ അനുചിതമായ ഉള്ളടക്കം റിപ്പോര്‍ട്ട് ചെയ്യാമെന്നും അത് വാട്ട്സ്ആപ്പ് ചാറ്റുകള്‍ പോലെ എന്‍ക്രിപ്റ്റ് ചെയ്ത സേവനമല്ലാത്തതിനാല്‍ നീക്കം ചെയ്യാമെന്നും ന്യൂട്ടണ്‍-റെക്‌സ് മറുപടി നല്‍കി.
കാര്യങ്ങള്‍ സത്യമാണോ എന്നറിയാനാണ് ആളുകള്‍ മെറ്റാ എഐയെ ഉപയോഗിക്കുന്നത്. എന്നാല്‍ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം അവര്‍ക്ക് മനസിലാകുന്ന രീതിയില്‍ മെറ്റ എ ഐ നല്‍കുന്നില്ലെന്ന് പരാതികള്‍ ഉയരുന്നുണ്ട്. ലഭിക്കുന്ന വിവരങ്ങള്‍ കൃത്യമല്ലെങ്കില്‍ അതിനെക്കുറിച്ച് കൂടുതലറിയാന്‍ അവര്‍ക്ക് മെറ്റ എഐയോട് വീണ്ടും ചോദ്യങ്ങള്‍ ചോദിക്കാമെന്നും അവര്‍ പറഞ്ഞു.
എന്നാല്‍, വാട്ട്സ്ആപ്പിലൂടെ എന്ത് എഐ സവിശേഷതകള്‍ പ്രതീക്ഷിക്കാമെന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ അവര്‍ തയാറായില്ല. ഉപയോക്താക്കളില്‍ നന്ന് ചെറിയ വരിസംഖ്യ വാങ്ങി ചാനലില്‍ നിന്ന് വരുമാനമുണ്ടാക്കാമെന്നും അവര്‍ പറഞ്ഞു.
ഇന്ത്യയില്‍ നിന്നുള്ള പഠനം
ഇന്ത്യന്‍ ഉപയോക്താക്കള്‍ അവരുടെ സംഭാഷണങ്ങള്‍ സ്വകാര്യമാക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ വാട്‌സാപ്പിന്റെ ഇന്ത്യന്‍ പ്രവര്‍ത്തനങ്ങളുടെ കാതല്‍ സ്വകാര്യതയിലൂന്നിയായിരിക്കും. ഇന്ത്യയിലെ പല കുടുംബങ്ങളും മൊബൈല്‍, ലാപ് ടോപ് പോലുള്ള ഉപകരണങ്ങള്‍ കൈമാറി ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ സ്വകാര്യ സംഭാഷണങ്ങള്‍ മറ്റുള്ളവരില്‍ നിന്ന് മറച്ചുവയ്ക്കാന്‍ സാധിക്കുന്ന ചാറ്റ് ലോക്ക് പോലുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അവര്‍ പറഞ്ഞു. നിരവധി എഐ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാല്‍ സാധാരണക്കാര്‍ക്ക് അതുപയോഗിക്കാന്‍ സാധിക്കില്ലാത്തതിനാല്‍ അതുപോലുള്ള സാധ്യതകള്‍ പഠിച്ചതിനു ശേഷമേ പരിഗണിക്കൂ എന്നും അവര്‍ പറഞ്ഞു.