ഇൻസ്റ്റാ മാതൃകയിൽ വാട്സ്ആപ്പ് സ്റ്റാറ്റസ് ഇനി നേരിട്ട് ഫേസ്ബുക്ക് സ്റ്റോറിയാക്കാം
ഉപയോക്താക്കൾക്കായി പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു. വാട്സ്ആപ്പ് സ്റ്റാറ്റസുകൾ നേരിട്ട് ഫേസ്ബുക്ക് സ്റ്റോറിളാക്കുന്ന മാറ്റമാണ് ഉപയോക്താക്കൾക്കായി തയ്യാറാകുന്നത്. ഇതിനായി വാട്ട്‌സ്ആപ്പിലെ സ്റ്റാറ്റസ് പ്രൈവസിയിൽ ഫേസിബുക്കുമായി ബന്ധിപ്പിക്കാനുളള ഓപ്ഷൻ ഉപയോക്താക്കൾക്കായി ക്രമീകരിക്കണം. ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കാണ് ഈ ഫീച്ചർ ലഭ്യമാകുക.
പുതിയ ഫീച്ചർ വരുന്നതിലൂടെ ഉപയോക്താക്കൾക്ക് അവരുടെ സ്റ്റാറ്റസുകൾ ഒരേസമയം തന്നെ രണ്ട് പ്ലാറ്റ്‌ഫോമുകളിലും പങ്കിടാൻ സാധിക്കും. നിലവിൽ, ഇൻസ്റ്റാഗ്രാമിൽ ഈ ഫീച്ചർ ഉണ്ട്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന സ്റ്റോറികൾ അതേ സമയം തന്നെ ഫേസ്ബുക്കിലും സ്റ്റോറിയാക്കാം. ഫേസ്ബുക്കിനെ സംബന്ധിച്ച് ഇനിമുതൽ ഇൻസ്റ്റയിലെയും വാട്സ്ആപ്പിലെയും സ്റ്റാറ്റസുകൾ ഒരു പോലെ പങ്കുവയ്ക്കാൻ കഴിയുമെന്നതാണ് പ്രത്യേകത.
ഇപ്പോഴും വാട്സ്ആപ്പ് സ്റ്റാറ്റസുകൾ ഫോസ്ബുക്ക് സ്റ്റോറികളാക്കാൻ സാധിക്കും. ഇതിനായി ഓരോ സ്റ്റാറ്റസും തിരഞ്ഞെടുത്ത് ഷെയർ ഇൻ ഫേസ്ബുക്ക് എന്ന ഓപ്ഷൻ നൽകണം. വ്യക്തിഗതമായി ഈ വിധം സ്റ്റാറ്റസ് പങ്കുവയ്ക്കുന്നത് ഒഴിവാക്കുന്നതാണ് പുതിയ ഫീച്ചർ. ഇനി സ്റ്റാറ്റസ് പ്രൈവസിയിൽ ഉപയോക്താക്കൾക്ക് അവരുടെ ഫേസ്ബുക്ക് അക്കൗണ്ട് ചേർക്കാൻ കഴിയും. ഇത് പ്രവർത്തനക്ഷമമാക്കിയാലേ വാട്സ്ആപ്പ് സ്റ്റാറ്റസ് ഫേസ്ബുക്കിലേക്ക് ഉപയോക്താവിന് നേരിട്ട് പങ്കിടാൻ സാധിക്കൂ.
വാട്ട്‌സ്ആപ്പിൽ നിന്ന് പുറത്തുപോകാതെ തന്നെ ഉപയോക്താവിന് അവരുടെ സ്റ്റാറ്റസുകൾ ഫേസ്ബുക്ക് സ്റ്റോറികളാക്കാമെന്നതാണ് പുതിയ ഫീച്ചറിന്റെ പ്രധാന സവിശേഷത. ഇതിലൂടെ, ഉപയോക്താക്കൾക്ക് അവരുടെ സമയം ലാഭിക്കാനും സാധിക്കും.
വാട്സ്ആപ്പ് ഓഡിയോ ചാറ്റുകൾ ഇനിമുതൽ ആൻഡ്രോയിഡ് ആപ്പുകളിൽ ലഭ്യമാകും. ഓഡിയോ ചാറ്റുകൾ ആരംഭിക്കാൻ ഉപയോക്താക്കൾക്കായി ചാറ്റ് ഹെഡറിലേക്ക് ഒരു പുതിയ വേവ്‌ഫോം ഐക്കണും കോളുകൾ അവസാനിപ്പിക്കുന്നതിനായി ചുവന്ന ബട്ടണും ഉണ്ടാകും. പുതിയ ഓഡിയോ ചാറ്റ് ഫീച്ചർ വരുന്നതോടെ ഉപയോക്താക്കൾക്ക് ആപ്പിനുള്ളിൽ പരസ്പരം ആശയവിനിമയം നടത്താൻ കഴിയും. പുതിയ ഫീച്ചറുകൾ വരുന്ന ആഴ്ചകളിൽ തന്നെ എത്തുമെന്നാണ് റിപ്പോർട്ട്.