ഓഡിയോ സ്റ്റാറ്റസിന്റെ ദൈർഘ്യം വർധിപ്പിച്ച് വാട്‌സ്ആപ്പ്; പുതിയ അപ്ഡേറ്റിനൊപ്പം ഫീച്ചർ ലഭ്യമാകും
ദൈർഘ്യമുള്ള വോയിസ് നോട്ടുകള്‍ സ്റ്റാറ്റസാക്കാന്‍ കഴിയുന്ന പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്. ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ പങ്കുവെക്കുന്ന ഡബ്ല്യുഎ ബീറ്റ ഇന്‍ഫൊയുടെ (WA Beta Info) റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആന്‍ഡ്രോയിഡിലേയും ഐഒഎസിലേയും സ്റ്റാറ്റസ് ഫീച്ചർ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
നിലവില്‍ വാട്‌സ്ആപ്പില്‍ ഒരു മിനിറ്റ് വരെ ദൈർഘ്യമുള്ള ഓഡിയോ സ്റ്റാറ്റസുകള്‍ അപ്‌ലോഡ് ചെയ്യാനാകും. പുതിയ വേർഷന്‍ അപ്ഡേറ്റ് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ദൈർഘ്യമുള്ള ഓഡിയോ സ്റ്റാറ്റസാക്കാന്‍ കഴിയുമെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കുന്നതിന് ഇത് ഗുണകരമാകും. പ്രത്യേകിച്ചും പ്രഖ്യാപനങ്ങളുടേയും മറ്റും കാര്യത്തില്‍.
ഫീച്ചറിന്റെ പ്രവർത്തനം
സാധാരണയായി സ്റ്റാറ്റസ് അപ്‌ലോഡ് ചെയ്യാനുപയോഗിക്കുന്ന വിന്‍ഡൊ തുറക്കുക. ശേഷം മൈക്കിന്റെ സിമ്പല്‍ നല്‍കിയിരിക്കുന്ന ബട്ടണ്‍ അമർത്തുക. സാധാരണ ഓഡിയോ സന്ദേശങ്ങള്‍ അയക്കുന്നതിന് സമാനമാണ് ഇതും. ഓഡിയോ ഒഴിവാക്കുന്നതിനായി സ്ലൈഡ് ചെയ്താല്‍ മതിയാകും. പുതിയ ഫീച്ചർ എല്ലാ ഉപയോക്താക്കള്‍ക്കും ആദ്യ ഘട്ടത്തില്‍ ലഭിക്കില്ലെന്നാണ് റിപ്പോർട്ട്. വരും ദിവസങ്ങളിലായിരിക്കും കൂടുതല്‍ ഉപയോക്താക്കളിലേക്ക് ഫീച്ചർ എത്തുക.