'പ്രൈവസി മുഖ്യം'; വാട്‌സാപ്പ് സ്റ്റാറ്റസുകളും ഇനി റിപ്പോര്‍ട്ട് ചെയ്യാം

'പ്രൈവസി മുഖ്യം'; വാട്‌സാപ്പ് സ്റ്റാറ്റസുകളും ഇനി റിപ്പോര്‍ട്ട് ചെയ്യാം

നിലവില്‍ ഡെസ്‌ക്ടോപ്പ് ബീറ്റയിലാകും പുതിയ വാട്‌സാപ്പ് ഫീച്ചര്‍ ലഭ്യമാകുക. പുതിയ ഫീച്ചര്‍ ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിലും ഉടന്‍ എത്തിയേക്കും
Updated on
1 min read

വാട്‌സാപ്പില്‍ സ്റ്റാറ്റസുകള്‍ ഇടുമ്പോഴും ഇനി കരുതല്‍ വേണം. ഉപയോക്താക്കള്‍ പോസ്റ്റ് ചെയ്യുന്ന സ്റ്റാറ്റസുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള ഓപ്ഷനുമായി വാട്‌സാപ്പ് എത്തുന്നു. സ്വകാര്യതാ സംരക്ഷണത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തുന്ന പുതിയ ഫീച്ചര്‍ അടുത്ത അപ്‌ഡേഷനുകളില്‍ ഡെസ്‌ക്ടോപ്പ് ബീറ്റാ വാട്‌സാപ്പില്‍ ലഭ്യമാകും.

എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനെ ബാധിക്കുന്ന തരത്തിലായിരിക്കില്ല പുതിയ പരിഷ്‌കകാരങ്ങള്‍

പ്ലാറ്റ്‌ഫോമിന്റെ നിബന്ധനകള്‍ ലംഘിക്കുന്ന തരത്തിലുള്ള വാട്‌സാപ്പ് സ്റ്റാറ്റസുകള്‍ കാണുന്ന ഏതൊരു ഉപയോക്താവിനും അവ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും. നിലവില്‍ ഫീച്ചര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഉടന്‍ തന്നെ വാട്‌സാപ്പ് ഡെസ്‌ക്ടോപ്പ് ബീറ്റയില്‍ അവതരിപ്പിക്കുമെന്നും വാബീറ്റോ ഇന്‍ഫോയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഉപയോക്താക്കള്‍ക്ക് സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചര്‍ വാട്‌സാപ്പ് അവതരിപ്പിക്കുന്നത്. സ്റ്റാറ്റസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ വാട്‌സാപ്പിന്റെ മോഡറേഷന്‍ ടീം സ്റ്റാറ്റസ് പരിശോധിക്കും. എന്നാല്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനെ ബാധിക്കുന്ന തരത്തിലായിരിക്കില്ല പുതിയ പരിഷ്‌കകാരങ്ങള്‍ എന്നും വാബീറ്റോ ഇന്‍ഫോയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

നിലവില്‍ ഡെസ്‌ക്ടോപ്പ് ബീറ്റയിലാകും പുതിയ വാട്‌സാപ്പ് ഫീച്ചര്‍ ലഭ്യമാകുക. എന്നാല്‍ ഈ ഫീച്ചര്‍ ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിലും ഉടന്‍ എത്തിയേക്കും. അതുപോലെ തന്നെ പുതിയ ഫീച്ചറും വാട്‌സാപ്പിന്റെ എല്ലാ പതിപ്പുകളിലും കമ്പനി അവതരിപ്പിച്ചേക്കും. സ്വകാര്യതാ സംരക്ഷണത്തിന്റെ ഭാഗമായി മെസേജുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള ഫീച്ചര്‍ അടുത്തിടെ വാട്‌സാപ്പ് അവതരിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സ്റ്റാറ്റസുകളും റിപ്പോര്‍ട്ട് ചെയ്യാനുള്ള സൗകര്യവുമൊരുക്കുന്നത്.

അടുത്തിടെ ഉപയോക്താക്കള്‍ 'ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ പഴയപടിയാക്കാന്‍ വാട്സാപ്പ് പുതിയ 'ആക്സിഡന്റല്‍ ഡിലീറ്റ്' ഫീച്ചറും പുറത്തിറക്കിയിരുന്നു. ഈ ഫീച്ചര്‍ എല്ലാ ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കും ലഭ്യമാണ്. അബദ്ധത്തില്‍ ഡിലീറ്റ് ഫോര്‍ മീ ഓപ്ഷന്‍ ക്ലിക്ക് ചെയ്താല്‍ 5 സെക്കന്‍ഡിനുള്ളില്‍ ഇല്ലാതാക്കിയ സന്ദേശങ്ങള്‍ വീണ്ടെടുക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന ഫീച്ചറാണ് ആക്സിഡന്റല്‍ ഡിലീറ്റ്.

logo
The Fourth
www.thefourthnews.in