ഇനി നെറ്റില്ലാതെയും ഫയലുകള്‍ പങ്കുവെക്കാം; പുത്തന്‍ ഫീച്ചര്‍ ഒരുക്കി വാട്‌സ്ആപ്പ്
വാട്സ്ആപ്പില്‍ ഫയലുകള്‍ പങ്കുവെക്കുമ്പോള്‍ നെറ്റ് തീരുന്നതും വേഗത ഇല്ലാത്തതും എല്ലാവരെയും അലട്ടാറുണ്ട്. ഇതിന് പ്രതിവിധിയുമായി എത്തുകയാണ് വാട്‌സ്ആപ്പ്. ഇന്റര്‍നെറ്റില്ലാതെ തന്നെ ഫയലുകള്‍ പങ്കുവെക്കാനുള്ള പുതിയ ഫീച്ചറാണ് ഉപയോക്താക്കള്‍ക്കായി വാട്‌സ്ആപ്പ് ഒരുക്കുന്നത്. ഫോട്ടോ, വീഡിയോ, ഓഡിയോ, ഡോക്യുമെന്റ് എന്നീ ഫയലുകള്‍ ഓഫ്‌ലൈനായി പങ്കുവെക്കാനുള്ള ഫീച്ചറിന്റെ പ്രവര്‍ത്തനങ്ങള്‍ വാട്‌സ്ആപ്പ് ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇത്തരത്തില്‍ പങ്കുവെക്കുന്ന ഫയലുകള്‍ എന്‍ക്രിപ്റ്റഡാണെന്നും ഫയലുകളില്‍ കൃത്രിമം കാണിക്കുവാനോ ഇടപെടാനോ ആര്‍ക്കും സാധിക്കില്ലെന്നും വാട്‌സ്ആപ്പിന്റെ പുതിയ വിവരങ്ങള്‍ നല്‍കുന്ന വെബ്റ്റാല്‍ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. ആന്‍ഡ്രോയിഡിനുള്ള വാട്‌സ്ആപ്പ് ബീറ്റയുടെ പുതിയ സ്‌ക്രീന്‍ ഷോട്ടില്‍ ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കാന്‍ അനുവാദം വേണമെന്നും ആവശ്യപ്പെടുന്നുണ്ട്.
ഓഫ്ലൈനായി ഫയലുകള്‍ പങ്കുവെക്കാന്‍ ഉതകുന്ന ഫീച്ചറുകളുള്ള ഫോണ്‍ സമീപത്ത് തന്നെ ഉണ്ടായിരിക്കുക എന്നതാണ് ഇതില്‍ പ്രധാനം. പ്രാദേശിക ഫയല്‍ പങ്കിടുന്നതിനായി ബ്ലൂടൂത്ത് വഴി സമീപത്തുള്ള ഫോണുകള്‍ സ്‌കാന്‍ ചെയ്യാന്‍ അനുവദിക്കുന്ന ആന്‍ഡ്രോയിഡിന്റെ സാധാരണ സിസ്റ്റം അനുമതിയാണിത്. ഉപയോക്താക്കള്‍ക്ക് ആവശ്യമില്ലെങ്കില്‍ ഈ ഓപ്ഷന്‍ ഓഫ് ചെയ്ത് വെക്കാവുന്നതാണ്.
ഇത് കൂടാതെ ഫോണിലെ ഫോട്ടോ ഗ്യാലറിയും ഫയലുകളും ആക്‌സസ് ചെയ്യാനും വാട്‌സ്ആപ്പിന് അനുമതി ആവശ്യമാണ്. മറ്റ് ഉപകരണങ്ങള്‍ അടുത്താണോ എന്ന് കണ്ടെത്താന്‍ ലൊക്കേഷന്‍ അനുമതിയും ആവശ്യമുണ്ട്. ഈ അനുമതികളെല്ലാം ആവശ്യമാണെങ്കിലും വാട്‌സ്ആപ്പ് ഫോണ്‍ നമ്പറുകള്‍ മറയ്ക്കുകയും പങ്കുവെക്കുന്ന ഫയലുകള്‍ എന്‍ക്രിപ്റ്റ് ചെയ്യുകയും പ്രക്രിയകള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു.
ഷെയര്‍ ഐടി പോലുള്ള പീയര്‍ ടു പീയര്‍ ഷെയറിങ്ങ് ആപ്പുകള്‍ പോലെയാണ് ഈ പുതിയ ഫീച്ചറിന്റെ പ്രവര്‍ത്തനം. എന്നാല്‍ ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ എപ്പോള്‍ ലഭ്യമാകുമെന്ന് വാട്‌സ്ആപ്പ് അറിയിച്ചിട്ടില്ല.