വാട്സാപ്പ് ചാറ്റുകൾക്ക് രഹസ്യപ്പൂട്ട്: കാര്യങ്ങൾ എത്രത്തോളം സുരക്ഷിതം?
വാട്സാപ്പ് ഉപയോക്താക്കള്‍ക്ക് സന്തോഷം നല്‍കി കൊണ്ടായിരുന്നു ചാറ്റുകള്‍ ലോക്ക് ചെയ്യാന്‍ കഴിയുന്ന ഫീച്ചര്‍ കമ്പനി പരിചയപ്പെടുത്തിയത്. സന്ദേശങ്ങള്‍ സ്വകാര്യമായും സുരക്ഷിതമായും നിലനിര്‍ത്താന്‍ സഹായിക്കുന്ന പുതിയ വഴി തുറക്കുകയായിരുന്നു പുതിയ ഫീച്ചറിലൂടെ വാട്‌സാപ്പ്. പാസ്‌വേഡോ ബയോമെട്രിക് സംവിധാനമോ ഉപയോഗിച്ച് പ്രത്യേക ചാറ്റുകള്‍ ലോക്ക് ചെയ്യാന്‍ കഴിയുന്നതാണ് ഫീച്ചര്‍.ചാറ്റിന്റെ ഉള്ളടക്കങ്ങളും അറിയിപ്പുകളും മറയ്ക്കാനാകുംഎന്ന പ്രത്യേകതയും ഇതിൽ ഉള്‍പ്പെടും. അതുകൊണ്ട് ഫോണ്‍ മറ്റാരെയെങ്കിലും ഏല്‍പ്പിച്ചാലും ആര്‍ക്കും വാട്സാപ്പ് സന്ദേശങ്ങള്‍ വായിക്കാന്‍ സാധിക്കില്ലെന്നായിരുന്നു കമ്പനിയുടെ അവകാശവാദം.
ചാറ്റ് ലോക്ക് ഫോള്‍ഡര്‍ തുറന്ന് വിന്‍ഡോ അടയ്ക്കാന്‍ മറന്നാല്‍ വാട്‌സ് അപ്പ് ഉപയോഗിക്കുന്ന ആര്‍ക്കും തന്നെ സ്വകാര്യ ചാറ്റുകള്‍ കാണാന്‍ കഴിയും
വാട്‌സാപ്പിന്റെ അപ്‌ഡേഷന്‍ പുരോഗമിച്ചു വരുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ എല്ലാവരിലേക്കും പുതിയ ഫീച്ചറെത്താന്‍ സമയമെടുക്കും .അതേ സമയം ചാറ്റ് ലോക്കിട്ടു പൂട്ടിയാലും വാട്‌സാപ്പ് ചാറ്റുകള്‍ കാണാന്‍ കഴിയുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. ചാറ്റ് ലോക്ക് ഫോള്‍ഡര്‍ തുറന്ന് വിന്‍ഡോ അടയ്ക്കാന്‍ മറന്നാല്‍ വാട്‌സാപ്പ് ഉപയോഗിക്കുന്ന ആര്‍ക്കും തന്നെ സ്വകാര്യ ചാറ്റുകള്‍ കാണാന്‍ കഴിയും. അതുകൊണ്ട് തന്നെ ചാറ്റ് ലോക്ക് ഫീച്ചര്‍ ഉപയോഗിക്കുകയാണെങ്കില്‍ വാട്ട്‌സാപ്പ് ക്ലോസ് ചെയ്യുന്നതിനു മുന്‍പ് തന്നെ ചാറ്റ് ലോക്ക് ഫോള്‍ഡര്‍ ക്ലോസ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്. അതേ സമയം വാട്‌സാപ്പിന്റെ അപ്ഡേഷനോട് കൂടി ഈ പ്രശ്‌നം പരിഹരിക്കാമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ലോക്കിട്ട് പൂട്ടാം
ചാറ്റ് ലോക്ക് ആപ്പുകള്‍ പ്രവര്‍ത്തന ക്ഷമമല്ലെങ്കില്‍ കൂടി നിലവിലെ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ചാറ്റുകള്‍ ലോക്ക് ചെയ്യാവുന്നതാണ്. ഫിംഗര്‍ പ്രിന്റ് ലോക്കുകള്‍ ഇതിനായി തിരഞ്ഞെടുക്കാവുന്നതാണ്. സ്വന്തം ഫിംഗര്‍ പ്രിന്റ് ലോക്ക് ചെയ്യുന്നതിലൂടെ വാട്‌സാപ്പിന്റെ സ്വകാര്യത ഉറപ്പു വരുത്താന്‍ സാധിക്കും .
അതേ സമയം സന്ദേശങ്ങള്‍ അയക്കുന്നതില്‍ കൂടുതല്‍ സ്വകാര്യത ഉറപ്പാക്കാനായി കൂടുതല്‍ ചാറ്റ് ലോക്ക് സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പദ്ധതിയിടുകയാണ് വാട്‌സാപ്പ്.''കുറച്ചു മാസത്തിനുള്ളില്‍ തന്നെ ചാറ്റ് ലോക്കിനായി കൂടുതല്‍ ഓപ്ഷനുകള്‍ ചേര്‍ക്കാനൊരുങ്ങുകയാണ് ഞങ്ങള്‍. കംപാനിയൻ ഡിവൈസുകൾ ലോക്കു ചെയ്യുന്നതും നിങ്ങളുടെ ചാറ്റുകള്‍ക്കായി ഒരു പാസ് വേഡ് സൃഷ്ടിക്കുന്നതുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുരോഗമിച്ചു വരികയാണ്. ഫോണ്‍ തുറക്കാന്‍ നിങ്ങള്‍ ഉപയോഗിക്കുന്ന ലോക്കിനു പുറമേയാണ് പുതിയ ഫീച്ചര്‍'' പുതിയ ഫീച്ചറിനെ കുറിച്ചുള്ള പ്രഖ്യാപനത്തില്‍ വാട്സാപ്പ് വ്യക്തമാക്കി.
വാട്സാപ്പിന്റെ മുകളിലാണ് ചാറ്റ് ലോക്ക് ഫോള്‍ഡര്‍ സ്ഥിതിചെയ്യുന്നത്. ലോക്ക് ചെയ്ത ചാറ്റുകള്‍ ആക്സസ് ചെയ്യാന്‍ ഫോണ്‍ പാസ് വേര്‍ഡോ ബയോമെട്രിക് പൂട്ടോ നല്‍കാവുന്നതാണ്.