തട്ടിപ്പ് തടയുക ലക്ഷ്യം; ഇന്ത്യയില്‍ 36 ലക്ഷം ഉപയോക്താക്കളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് വാട്‍സ് ആപ്പ്
ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്സ്ആപ്പ് 36 ലക്ഷം ഉപയോക്താക്കളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തുവെന്ന് റിപ്പോർട്ട്. സ്പാം കോളുകൾ വഴിയുള്ള തട്ടിപ്പ് തടയുന്നതിന്റെ ഭാഗമായിട്ടാണ് അക്കൗണ്ടുകൾ റദ്ദാക്കിയത്. കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. വാട്‌സ്ആപ്പ് കോളുകൾ വഴിയുള്ള തട്ടിപ്പ് തടയാൻ കേന്ദ്രം സ്വീകരിച്ച നടപടികൾ വിശദമാക്കാൻ ആവശ്യപ്പെട്ട മാധ്യമപ്രവർത്തകർക്ക് മറുപടി നൽകുകയായിരുന്നു കേന്ദ്രമന്ത്രി.
ഉപയോക്താക്കളെ പ്രതികൂലമായി ബാധിക്കുന്ന സേവനങ്ങൾ നിർജീവമാക്കുമെന്ന് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സാപ്പ് ഉറപ്പ് നൽകിയതായും അശ്വിനി വൈഷ്ണവ് പറഞ്ഞു. ഉപയോക്തക്കളുടെ സുരക്ഷയ്ക്കാണ് വാട്സാപ്പ് പ്രഥമ പരിഗണന നൽകുന്നത്. വാട്സ്ആപ്പുമായി സജീവ ഇടപെടൽ നടത്തിവരികയാണ് കേന്ദ്രമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, തട്ടിപ്പ് നടത്തുന്ന ഉപയോക്താക്കളെ കണ്ടെത്തി അവരുടെ രജിസ്‌ട്രേഷൻ റദ്ദാക്കാൻ എല്ലാ OTT പ്ലാറ്റ്‌ഫോമുകളും സഹകരിച്ചതായും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യയിലെ വാട്സ്ആപ്പ് ഉപയോക്താക്കളുടെ ഫോണുകളിൽ വ്യാപകമായി സ്‌പാം കോളുകൾ വരുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്. ഇതിൽ കൂടുതലും ഇന്റർനാഷണൽ സ്‌പാം കോളുകളാണ്. ഇന്തോനേഷ്യ (+62), വിയറ്റ്നാം (+84), മലേഷ്യ (+60), കെനിയ (+254), എത്യോപ്യ (+251) എന്നീ രാജ്യങ്ങളുടെ കോഡുകളുള്ള സ്പാം കോളുകൾ വരുന്നതായി നിരവധി ഉപയോക്താക്കള്‍ ഇതിനോടകം പരാതിപ്പെട്ടിട്ടുണ്ട്.
അതേസമയം, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന് വാർത്താകുറിപ്പിലൂടെ വാട്സ് ആപ്പ് നന്ദി അറിയിച്ചു. ഉപയോക്താക്കളുടെ സുരക്ഷയ്‌ക്ക് നൽകുന്ന പരിഗണനയെ പ്രശംസിച്ചതിനാണ് വാട്സാപ്പ് കേന്ദ്രമന്ത്രിക്ക് നന്ദി പറഞ്ഞത്. അതേസമയം, സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്നും, ഇത് സംബന്ധിച്ച് സർക്കാരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും വാട്സാപ്പിന്റെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.