പുതിയ പോസ്റ്റുകള്‍ ലോഡ് ചെയ്യാന്‍ കഴിയുന്നില്ല; തകരാർ പരിഹരിച്ച് എക്സ്
ആഗോളതലത്തിൽ തകരാർ നേരിട്ട് ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള മൈക്രോബ്ലോഗ്ഗിങ് സൈറ്റായ എക്സ്. നിരവധി ഉപയോക്താക്കളാണ് എക്‌സിൽ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നതായി ഇന്നു രാവിലെ റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ ഉൾപ്പെടെ നിരവധി ഇടങ്ങളിൽനിന്ന് ഇത്തരം പരാതികൾ പുറത്തുവന്നിരുന്നു . പുതിയ പോസ്റ്റുകള്‍ ലോഡ് ചെയ്യാന്‍ കഴിയാത്തതായിരുന്നു പ്രധാന പ്രശ്നം.
എന്നാല്‍ ഒരു മണിക്കൂര്‍ നിന്ന പ്രശ്നങ്ങള്‍ ഇപ്പോള്‍ എക്സ് പരിഹരിച്ചിട്ടുണ്ട്. ഇപ്പോള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം പുനഃസ്ഥാപിച്ചിട്ടുണ്ട്.
തകരാറുകൾ ട്രാക്ക് ചെയ്യുന്ന Downdetector, യുഎസിൽ 36,500-ലധികം റിപ്പോർട്ടുകൾ പ്രവർത്തനരഹിതമായ സമയത്ത് കാണിച്ചിരുന്നു.
ഡൗൺഡിറ്റക്ടർ ഡോട്ട് കോം റിപ്പോർട്ട് പ്രകാരം അമേരിക്ക, യുകെ, കാനഡ എന്നിവിടങ്ങളിൽനിന്നെല്ലാം എക്‌സിലെ തകരാർ സംബന്ധിച്ച് പരാതി ഉയർന്നിരുന്നു.
ഏതാനും ആഴ്ചകള്‍ക്കു മുൻപാണ് മസ്‌കും അമേരിക്കന്‍ പ്രസിഡന്‌റ് സ്ഥാനാര്‍ഥി ഡോണള്‍ഡ്ട്രംപും തമ്മില്‍ എക്‌സില്‍ നടന്ന അഭിമുഖം സാങ്കേതികപ്രശ്‌നം കാരണം തടസപ്പെട്ടത്. ഇതിനെതിരെ വലിയ തോതിലുള്ള സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. പറഞ്ഞതിലും മണിക്കൂറുകള്‍ വൈകിയാണ് ഈ അഭിമുഖം പിന്നീട് നടന്നത്.