ഷോർട്സ് വീഡിയോ ഒരുക്കാൻ ഇനി 'ഡ്രീം സ്‌ക്രീൻ'; പുതിയ എഐ ടൂൾ അവതരിപ്പിച്ച് യൂട്യൂബ്
ഷോർട്സ് വീഡിയോകൾ സൃഷ്‌ടിക്കാൻ എഐയെ അനുവദിക്കുന്ന 'ഡ്രീം സ്‌ക്രീൻ' ടൂൾ അവതരിപ്പിച്ച് യൂട്യൂബ്, അടുത്ത വർഷം ആദ്യത്തോടെ ഉപഭോക്തതാക്കൾക്ക് ലഭ്യമാകും. ഒപ്പം 'യൂട്യൂബ് ക്രീയേറ്റ്' എന്ന പുതിയ ആപ്പ്ളിക്കേഷനും യൂട്യൂബ് പരിചയപ്പെടുത്തിയിട്ടുണ്ട്. കാണാൻ താല്പര്യമുള്ള ഏതൊരു വിഷയവും ടൈപ്പ് ചെയ്യുന്നതിലൂടെ ചിത്രത്തിന്റെ പശ്ചാത്തലമോ, മുഴുനീള വീഡിയോയോ സൃഷ്‌ടിക്കാൻ അനുവദിക്കുന്ന ടൂളാണ് ഡ്രീം സ്‌ക്രീൻ. വ്യാഴാഴ്ച സംഘടിപ്പിച്ച, 'മെയ്ഡ് ഓൺ യൂട്യൂബ്' എന്ന പരിപാടിയിൽ യൂട്യൂബ് സിഇഒ നീൽ മോഹനാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചത്. പുതിയ ഫീച്ചറുകൾ കൂടുതൽ ആളുകളെ ഷോര്‍ട്‌സിലേക്ക് ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നീൽ മോഹൻ പറഞ്ഞു. യൂട്യൂബ് ഉപയോഗിക്കുന്ന ഓരോരുത്തരെയും 'ക്രിയേറ്റർ' ആകാൻ ശാക്തീകരിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
വീഡിയോകൾ എളുപ്പത്തിൽ എഡിറ്റ് ചെയ്യാനും യൂട്യൂബിലേക്ക് അപ്‌ലോഡ് ചെയ്യാനും ഈ ഉപകരണങ്ങൾ സഹായകമാകും. 2023-ൽ എഐ ടൂളുകൾക്ക് വൻതോതിലുള്ള നിക്ഷേപം ഗൂഗിൾ നടത്തിയിരുന്നു. വർക്ക്‌സ്‌പെയ്‌സിലെ എഐ ടൂളുകളുടെ സമീപകാല സംയോജനത്തിനും ഗൂഗിൾ ബാർഡിലേക്ക് യൂട്യൂബിന്റേയും മറ്റ് ഗൂഗിൾ ആപ്പുകളുടെയും വിപുലീകരണങ്ങൾ ചേർത്തതിനും പിന്നാലെയാണ് പുതിയ എഐ ഫീച്ചറുകളുമായി യൂട്യൂബ് എത്തിയിരിക്കുന്നത്.
പുതിയതായി അവതരിപ്പിച്ച ടൂളുകളുടെ പട്ടികയിൽ ഒന്നാമതുള്ളത് 'ഡ്രീം ക്രിയേറ്റ്' ആണ്. ഈ സവിശേഷത ഷോർട്ട്സിനു മാത്രമുള്ളതാണ്. സ്വപ്‌നങ്ങൾ ഷോർട്ട്സിലൂടെ യാഥാർഥ്യമാക്കാനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ഇതിലൂടെ നൽകുന്നതെന്ന് യൂട്യൂബ് സിഇഒ മെയ്ഡ് ഓൺ യൂട്യൂബ് പരിപാടിയിൽ അഭിപ്രായപ്പെട്ടു.
അടുത്തത്, 'യൂട്യൂബ് ക്രീയേറ്റ്', യൂട്യൂബിൽ നിന്ന് പുതിയൊരു മൊബൈൽ അപ്ലിക്കേഷൻ. ഇത് ഷോർട്ട്‌സോ അതിലും ദൈർഘ്യമേറിയ വിഡിയോകൾ നിർമിക്കുന്നത്, ഉപഭോക്താക്കൾക്ക് എളുപ്പവും ലളിതവുമാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ അപ്ലിക്കേഷൻ സൗജന്യമായിരിക്കും.
സൂക്ഷ്മമായ എഡിറ്റിംഗ്, ട്രിമ്മിംഗ്, ഓട്ടോമാറ്റിക് ക്യാപ്ഷൻ, വോയ്‌സ് ഓവർ, ബീറ്റ്-മാച്ചിംഗ് സാങ്കേതികവിദ്യയുള്ള റോയൽറ്റി-ഫ്രീ ഗാനങ്ങൾ, ഒട്ടനവധി ഫിൽട്ടറുകൾ, ഇഫക്‌റ്റുകൾ, ട്രാന്സിഷൻസ് എന്നിവ ഉൾപ്പെടെയുള്ള വീഡിയോ എഡിറ്റിംഗ് ഫീച്ചറുകളാണ് യൂട്യൂബ് ക്രീയേറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇവ കൂടാതെ, സ്ഥിതിവിവരക്കണക്കുകൾ രേഖപ്പെടുത്താൻ സഹായിക്കുന്ന സാങ്കേതിക വിദ്യയും എഐ പവർ ഡബ്ബിംഗ് ടൂളും അടുത്ത വർഷം പുറത്തിറക്കാനാണ് യൂട്യൂബിന്റെ നീക്കം.