യൂട്യൂബിലെ പരസ്യങ്ങള്‍ രസംകൊല്ലിയാകാറുണ്ടോ? പരിഹാരവുമായി കമ്പനി
യൂട്യൂബില്‍ വീഡിയോകള്‍ കാണുമ്പോള്‍ ഏറ്റവും കൂടുതല്‍ അലട്ടുന്നത് പരസ്യങ്ങളുടെ കടന്നുവരവാണ്. ഒരു വീഡിയോ കാണണമെങ്കില്‍ പലപ്പോഴും രണ്ട് പരസ്യങ്ങള്‍ താണ്ടണം. എന്നാല്‍ ഇതിനൊരു പരിഹരം കണ്ടെത്തിയിരിക്കുകയാണ് യൂട്യൂബ് തന്നെ.
പ്രീമിയം സബ്‌സ്ക്രിപ്‌ഷന്റെ ലൈറ്റ് വേർഷൻ അവതരിപ്പിച്ചാണ് ഉപയോക്താക്കള്‍ നേരിടുന്ന ഈ പ്രശ്നം പരിഹരിക്കാൻ യൂട്യൂബ് ഒരുങ്ങുന്നത്. പ്രീമിയം സബ്‌സ്ക്രിപ്‌ഷന്റെ പകുതി പണമടച്ചാല്‍ മതിയാകും ഇതിന്.
പുറത്തുവരുന്ന സൂചനകള്‍ പ്രകാരം യൂട്യൂബ് പ്രീമിയം ലൈറ്റിന് പ്രതിമാസം 8.99 അമേരിക്കൻ ഡോളറായിരിക്കും ഉപയോക്താവ് നല്‍കേണ്ടത്. സാധാരണ പ്രീമിയം സബ്‌സ്ക്രിപ്‌ഷന് 16.99 അമേരിക്കൻ ഡോളറാണ് യൂട്യൂബ് ഈടാക്കുന്നത്.
പ്രീമിയം ലൈറ്റ് സബ്‌സ്ക്രിപ്‍ഷന് പ്രതിവർഷ ഓഫറുകളുണ്ടാകുമോയെന്നത് വ്യക്തമല്ല. ഇത് ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമോയെന്നതിലും കമ്പനി സ്ഥിരീകരണം നല്‍കിയിട്ടില്ല.
ഇന്ത്യയില്‍ സാധാരണ പ്രീമിയം സബ്‌സ്ക്രിപ്ഷൻ പ്ലാന് 149 രൂപയാണ് യൂട്യൂബ് ഈടാക്കുന്നത്.
പ്ലാനുകളില്‍ യൂട്യൂബ് വില വർധിപ്പിച്ചതോടെ പരസ്യങ്ങളുടെ എണ്ണം കുറയാനുള്ള സാധ്യതകളുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ജർമനി, തായ്‌ലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ പ്രത്യേക പ്ലാനുകള്‍ അവതരിപ്പിക്കാൻ യൂട്യൂബ് ഒരുങ്ങുന്നതായി ദ വേർജ് റിപ്പോർട്ട് ചെയ്തു.
യൂട്യൂബ് പ്രീമിയം ലൈറ്റ് സബ്‌സ്ക്രിപ്ഷൻ ഉപയോഗിക്കുന്നവർ കാണുന്ന ഭൂരിഭാഗം വീഡിയോകള്‍ക്കും പരസ്യങ്ങളുണ്ടാകില്ല. ഷോർട്ട് വീഡിയോകളിലും സംഗീതവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളിലും പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടേക്കാം. ഓഫ്‍ലൈൻ ഡൗണ്‍ലോഡ്, ബാക്ക്‌ഗ്രൗണ്ട് പ്ലെ, ആഡ്-ഫ്രീ സ്ട്രീമിങ് തുടങ്ങിയ സേവനങ്ങള്‍ പ്രീമിയം ലൈറ്റിലുണ്ടാകില്ല.
2021ലാണ് പ്രീമിയം ലൈറ്റ് യൂട്യൂബ് പരീക്ഷിക്കാനാരംഭിച്ചത്. യൂറോപ്യൻ വിപണി ലക്ഷ്യമിട്ടായിരുന്നു നീക്കം. എന്നാല്‍, ഔദ്യോഗികമായി അവതരിപ്പിക്കാൻ കമ്പനി തയാറായില്ല.