ഇമെയില്‍, കലണ്ടര്‍ ആപ്പുകളുമായി സൂം; പുതിയ സേവനങ്ങള്‍ ഈവര്‍ഷം അവസാനത്തോടെ
കൊറോണ കാലത്ത് ലഭിച്ച സ്വീകാര്യത മുതലെടുത്ത് സേവനങ്ങള്‍ വിപുലീകരിക്കാന്‍ ഒരുങ്ങി ഓണ്‍ലൈന്‍ വീഡിയോ ചാറ്റ് പ്ലാറ്റ്ഫോമായ സൂം. സ്വന്തമായി ഇമെയില്‍, കലണ്ടര്‍ ആപ്പുകള്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. പുതിയ ആപ്ലിക്കേഷനുകള്‍ എന്ന് പുറത്തിറക്കും എന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയില്ലെങ്കിലും, ഈ വര്‍ഷം അവസാനത്തോടെ സേവനങ്ങള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍
കൊറോണ സമയത്താണ് സൂം ആപ്പിന്റെ സ്വീകാര്യത വലിയ തോതില്‍ വര്‍ധിച്ചത്. വര്‍ക്ക് ഫ്രം ഹോമിന്റെ ഭാഗമായി കാഷ്വല്‍, വര്‍ക്ക് മീറ്റിംഗുകള്‍ക്കായി വലിയൊരു ഭൂരിഭാഗം സൂം ആപ്പ് തിരഞ്ഞെടുത്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ കൂടുതല്‍ സേവനങ്ങള്‍ നല്‍കാനും ജനപ്രീതി വര്‍ധിപ്പിക്കാനുമുള്ള നീക്കം. എന്നാല്‍ ഇമെയില്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ആരംഭിക്കുകയാണെങ്കില്‍ ഗൂഗിള്‍ ഉള്‍പ്പെടെയുള്ള കമ്പനികളില്‍ നിന്ന് വലിയ വെല്ലുവിളി സൂമിന് നേരിടേണ്ടി വരും. ജിമെയില്‍, ഔട്ട്ലുക്ക് ഉള്‍പ്പെടെയുള്ള പ്ലാറ്റ് ഫോമുകളില്‍ നിന്ന് ആളുകളെ പുത്തന്‍ ആപ്പുകളിലേക്ക് കൊണ്ടുവരാനും സൂമിന് ഏറെ പണിപ്പെടേണ്ടി വരും.
നിലവില്‍ ജോലിക്കും കാഷ്വല്‍ ആവശ്യങ്ങള്‍ക്കും ഗൂഗിളിന്റെ ജിമെയില്‍ ആപ്പ് ആണ് ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ വ്യാപകമായി ഉപയോഗിക്കുന്നത്. 2018-ല്‍ തന്നെ 1.5 ബില്യണ്‍ സജീവ ഉപയോക്താക്കള്‍ ഉണ്ടായിരുന്ന ജിമെയിലിന് കഴിഞ്ഞ നാല് വര്‍ഷമായി ഉപയോക്താക്കളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്.
'ലിറ്റ്മസ്' പുറത്തുവിട്ട കണക്ക് അനുസരിച്ച്, ആഗോളതലത്തില്‍ ആപ്പിളിന്റെ ഇമെയില്‍ സേവനമാണ് ജിമെയിലിനേക്കാള്‍ കൂടുതല്‍ ഉപയോഗിക്കുന്നത്. 57.72 ശതമാനം വിപണി വിഹിതം ആപ്പിളിന്റെ ഇമെയിലിനുള്ളപ്പോള്‍ 29.43 ശതമാനം വിഹിതവുമായി ജിമെയില്‍ രണ്ടാം സ്ഥാനത്താണ്. 4.33 ശതമാനം വിപണി വിഹിതവുമായി മൈക്രോസോഫ്റ്റിന്റെ ഔട്ട്ലുക്ക് ഇവയ്ക്ക് പിന്നിലാണ്.
Zmail, Zcal എന്നിങ്ങനെ പേരുകളിലാകും പുതിയ മെയിലും കലണ്ടറും അവതരിപ്പിക്കുക. ഏകദേശം രണ്ട് വര്‍ഷമായി ഇതിന്റെ അണിയറയില്‍ കമ്പനി പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം നവംബറില്‍ നടക്കുന്ന സൂംടോപ്പിയ കോണ്‍ഫറന്‍സില്‍ പുതിയ സേവനങ്ങളുടെ വിശദാംശങ്ങള്‍ കമ്പനി വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു