ചരിത്രവും പ്രണയവും കലർന്നൊഴുകുന്ന 'കെയ്‌റോസ്'; ബുക്സ്റ്റോപ്പിൽ ബുക്കർ ജേതാവ് ജെന്നി എർപെൻബെക്ക്
2024 ലെ ബുക്കർ പുരസ്‌കാരം നേടിയ ജർമ്മൻ എഴുത്തുകാരി ജെന്നി എർപെൻബെക്കിനെയും 'കെയ്‌റോസ്' എന്ന നോവലിനെയും ക്കുറിച്ചാണ് ഈ ലക്കം ബുക്ക്സ്റ്റോപ്പിൽ സുനീത ബാലകൃഷണൻ സംസാരിക്കുന്നത്. അന്താരാഷ്ട്ര ബുക്കർ പുരസ്‌കാരം ലഭിക്കുന്ന ആദ്യത്തെ ജര്‍മന്‍ എഴുത്തുകാരിയാണ് ജെന്നി എർപെൻബെക്ക്. നോവലിന്റെ പരിഭാഷകന്‍ മൈക്കൽ ഹോഫ്മാനോടൊപ്പമാണ് ജെന്നി പുരസ്‌കാരം പങ്കുവെച്ചത്. ബുക്കർ പുരസ്‌ക്കാരം സ്വന്തമാക്കുന്ന ആദ്യത്തെ പുരുഷ പരിഭാഷകൻ കൂടിയാണ് മൈക്കൽ ഹോഫ്മാൻ.
പ്രണയവും, ബെർലിൻമതിലിന്റെ തകർച്ചയും അതിനെ തുടർന്നുണ്ടായ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളും ആവിഷ്കരിക്കുന്ന നോവലാണ് 'കെയ്‌റോസ്'. ജെന്നി എര്‍പെന്‍ബെക്ക് ജനിച്ചത് മുമ്പ് ജര്‍മന്‍ ജനാധിപത്യ റിപ്പബ്ലിക്കിന്റെ ഭാഗമായിരുന്ന കിഴക്കന്‍ ബര്‍ലിനിലാണ്. കമ്യൂണിസ്റ്റ് കാലഘട്ടത്തില്‍, ബര്‍ലിന്‍മതില്‍ പൊളിഞ്ഞുവീഴുന്നതിന് തൊട്ടുമുമ്പുള്ള സമയമാണ് പുസ്തകത്തില്‍. 22 വയസുകാരിയാണ് അന്ന് എഴുത്തുകാരി ജെന്നി എർപെൻബെക്ക്.
1986 ൽ കിഴക്കൻ ബെർലിനിൽ പത്തൊമ്പതുകാരിയായ കാതറീൻ ഒരു ബസിൽ കണ്ടുമുട്ടുന്ന 53 കാരനും വിവാഹിതനുമായ ഹാൻസുമായി പ്രണയത്തിലാകുന്നതാണ് കഥയുടെ പശ്ചാത്തലം. പ്രണയത്തിന്റെ ആഹ്ലാദങ്ങൾക്കൊപ്പം അതിന്റെ പതിന്മടങ്ങ് ശാരീരിക പീഡനങ്ങളും നിറഞ്ഞതായിരുന്നു ഈ പ്രണയം. ആ പ്രണയം തകരുന്നത് മറ്റൊരു ഉട്ടോപ്യയായിരുന്ന കമ്യൂണിസ്റ്റ് ജര്‍മനി ഇല്ലാതായതുപോലെയാണെന്ന് എര്‍പെന്‍ബെക്ക് പറയുന്നു. പ്രണയവും ജർമ്മനിയുടെ ചരിത്രവും പര്യവേക്ഷണം ചെയ്യുന്ന 'കെയ്‌റോസ്' എന്ന നോവലിനെയും നോവലിസ്റ്റിനെയും ബുക്സ്റ്റോപ്പിൽ പരിചയപ്പെടാം.