സലാം പാക്സ്, റിവർ ബെൻഡ്: ലോകമറിയാത്ത യുദ്ധ ഭീകരത തുറന്നുകാട്ടിയ ഇറാഖി ബ്ലോഗർമാർ
പശ്ചിമേഷ്യൻ നാടുകൾ കടുത്ത സംഘർഷങ്ങളിലൂടെയും രക്ത ചൊരിച്ചിലുകളിലൂടെയും കടന്ന് പോകാൻ തുടങ്ങിയിട്ട് ഒരുപാട് വർഷങ്ങളായി. യുദ്ധവും അതിന്റെ തീവ്രതയും പലപ്പോഴും ലോകത്തിന് മുന്നിൽ എത്തിക്കുന്നത് മാധ്യമങ്ങളും പിന്നീട് അത് സംബന്ധിച്ചുണ്ടാകുന്ന സാഹിത്യ സൃഷ്ടികളുമാണ്. എന്നാൽ യുദ്ധത്തിന്റെ അറിയാക്കഥകൾ നമ്മളിൽ എത്തുന്നത് മറ്റു പല വഴികളിലൂടെയുമാണ്. വെബ്‌ലോഗ് അഥവാ ബ്ലോഗ് ഇതിനൊരുദാഹരണമാണ്.
ബ്ലോഗ് എന്ന ഓൺലൈൻ വേദി എഴുത്ത് എന്ന പ്രക്രിയയെ കൂടുതൽ ജനാധിപത്യപരമാക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. യുദ്ധങ്ങളും കലാപങ്ങളും ഉണ്ടാകുമ്പോൾ താരതമ്യേന സുരക്ഷിതമായ ഈ വേദിയിൽ ആളുകൾ രാഷ്ട്രീയ ചർച്ചകൾ നടത്തുകയും, മാധ്യമങ്ങളും മറ്റുള്ളവരും കാണാത്ത യുദ്ധത്തിന്റെ കൂടുതൽ ഇരുണ്ടതും വേദനാജനകവുമായ മറ്റൊരു വശം തുറന്നു കാട്ടുകയും ചെയ്യുന്നു.
2003 ലെ ഇറാഖ് അധിനിവേശക്കാലത്ത് അവിടുത്തെ ജനതയെ അധിനിവേശവും കലാപങ്ങളും എങ്ങനെ ബാധിച്ചുവെന്ന് ലോകം അറിഞ്ഞത് മാധ്യമങ്ങളിലൂടെയല്ല. രണ്ട് ബ്ലോഗർമാരിലൂടെയാണ്. ദി ബാഗ്ദാദ് ബ്ലോഗ്, ബാഗ്ദാദ് ബെർണിങ് എന്നീ രണ്ട് ബ്ലോഗുകൾ. ഇതിന് പിന്നിൽ പ്രവർത്തിച്ചവരുടെ യഥാർത്ഥ മുഖമെന്തെന്ന് ലോകത്തിന് ഇന്നും അറിയില്ല. എന്നാൽ ഇറാഖിന്റെ വ്യക്തമായ ചിത്രം ലോകത്തിന് മുന്നിൽ വരച്ച് കാട്ടുന്നത് ഇവരാണ്. ഈ ലക്കം ബുക്സ്റ്റോപ്പിൽ കേൾക്കാം സലാം പാക്സ്, റിവർ ബെൻഡ് എന്നീ ബ്ലോഗർമാരെ ക്കുറിച്ച്.