വാക്കിന്‌റെ വിജയം - കഥയുടെ ശക്തി ; ബുക്ക് സ്റ്റോപ്പിൽ സൽമാൻ റുഷ്ദിയുടെ വിക്ടറി സിറ്റി
ഇന്നലെ സല്‍മാന്‍ റുഷ്ദിയുടെ ഏറ്റവും പുതിയ നോവല്‍ വിക്ടറി സിറ്റി പ്രസിദ്ധീകൃതമായിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തില്‍ ക്രൂരമായി ആക്രമിക്കപ്പെടുന്നതിന് മാസങ്ങള്‍ മുന്‍പ് penguin random house നെ ഏല്‍പ്പിച്ച മാനുസ്‌ക്രിപ്റ്റാണിത് . ഇത് ജനങ്ങള്‍ വായിക്കുമ്പോഴേക്കും റുഷ്ദിക്ക് ഒരു കണ്ണിന്‌റെ കാഴ്ചയും ഒരു കൈയുടെ സ്വാധീനവും നഷ്ടപ്പെട്ടിരിക്കുന്നു . എങ്കിലും വാക്കിന്‌റെ വിജയവും കഥയുടെ ശക്തിയും എഴുത്തുകാരന്‌റെ സ്വാതന്ത്ര്യവും പ്രഖ്യാപിച്ചുകൊണ്ട് ഫീനിക്‌സ് പക്ഷിയെ പോലെ റുഷ്ദി തിരിച്ച് വന്നിരിക്കുന്നു
മാജിക് റിയലിസത്തിന്‌റെ മഷി മുക്കി ഫാന്റസിയുടെ താളുകളില്‍ വിജയ നഗര സാമ്രാജ്യത്തിന്‌റെ ഉത്ഭവവും പതനവും ചരിത്രവും അടങ്ങിയ ചരിത്രം ഒരു ദൃഷ്ടാന്തകഥ അലിഗറി ആയി പറയുന്ന കൃതിയാണ് വിക്ടറി സിറ്റി . 338 പേജുകളിലൂടെ രണ്ടര നൂറ്റാണ്ടുകളുടെ വിജയനഗരചരിത്രം പറയുന്നത് റുഷ്ദി എന്ന ആഖ്യാതാവ് തന്നെ. 'ഇത് പറയുന്നവന്‍ പണ്ഡിതനോ കവിയോ അല്ല, വെറും കഥ പറച്ചിലുകാരനാണ് എന്ന് പ്രഖ്യാപിച്ചകൊണ്ട് പമ്പാ കമ്പന എന്ന കവയിത്രിയുടെ നാനൂറ്റി അന്‍പത് കൊല്ലം പഴക്കമുള്ള ജയപരാജയ എന്ന മഹാകാവ്യം വിവര്‍ത്തനം ചെയ്യുന്ന ഘടനയാണ് റുഷ്ദി വിക്ടറി സിറ്റിയില്‍ സ്വീകരിച്ചിട്ടുള്ളത്. വാക്ക് മാത്രമാണ് ഇപ്പോഴും വിജയിയാകുന്നത് എന്നാണ് വിക്ടറി സിറ്റിയുടെ സന്ദേശം
എഴുത്തുകാരിയും പ്രമുഖ ഇംഗ്ലീഷ് വിവര്‍ത്തകയുമായ സുനീത ബാലകൃഷ്ണന്‍ കൈകാര്യം ചെയ്യുന്ന പോഡ്കാസ്റ്റില്‍ വിശ്വസാഹിത്യത്തിലേയും മലയാള സാഹിത്യത്തിലേയും വിശേഷങ്ങളും പുത്തന്‍ പ്രവണതകളുമായിരിക്കും ചര്‍ച്ച ചെയ്യുക.