പോകാം, കാണാം, കീഴടക്കാം നേത്രാവതി കൊടുമുടി
പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന കർണാടകയിലെ കുദ്രേമുഖ് വനമേഖലയിലെ നേത്രാവതി കൊടുമുടിയിൽ സഞ്ചാരികളുടെ കാൽ പാദങ്ങൾ പതിഞ്ഞ് തുടങ്ങിയിട്ട് അധികം നാളായിട്ടില്ല. സാമൂഹ്യ മാധ്യമങ്ങളിലൂടെ കണ്ടും കേട്ടുമറിഞ്ഞ് സഞ്ചാരികൾ എത്തി തുടങ്ങിയിട്ടേയുള്ളൂ നേത്രാവതി കൊടുമുടിയിലേക്ക്.
കർണാടകയിലെ ദക്ഷിണ കന്നഡ, ചിക്കമഗളൂരു ജില്ലകൾക്കിടയിലെ അതിർത്തിയിലാണ് നേത്രാവതി കൊടുമുടി. ഒട്ടുമിക്ക പർവ്വതാരോഹകർക്കും തൊട്ടടുത്തുള്ള നിരവധി ചെറുതും വലുതുമായ കൊടുമുടികളെ കുറിച്ച് അറിവുണ്ടെങ്കിലും നേത്രാവതി കൊടുമുടിയെ കുറിച്ച് വേണ്ടത്ര അറിവില്ല. അത്ര അറിയപ്പെടാത്ത ഹൈക്കിങ് റൂട്ടുകളിലൊന്നായി തുടരുകയാണ് ഈ പീക്.
നേത്രാവതി കൊടുമുടിയിൽ കാല് കുത്തുമ്പോൾ
ട്രെക്കിങ് പ്രേമികൾ ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കേണ്ട ഇടമാണ് നേത്രാവതി പീക്. പശ്ചിമഘട്ട മലനിരകളുടെ സൗന്ദര്യം മുഴുവൻ കണ്ണുകളിലേക്കും മനസിലേക്കും നിറയ്ക്കാൻ ഈ കൊടുമുടിയിൽ നിന്നാൽ സാധിക്കും. സമുദ്രനിരപ്പിൽ നിന്ന് 4,987 അടി ഉയരത്തിലാണ് കൊടുമുടി സ്ഥിതി ചെയ്യുന്നത്. നേത്രാവതി കൊടുമുടിയിലെത്തിയാൽ കുദ്രേമുഖ് വനമേഖല ഒന്നാകെ കാണാൻ കഴിയും.
കുതിരയുടെ മുഖത്തിനോട് സാമ്യം തോന്നുന്നത് കൊണ്ടാണ് കുദ്രേമുഖ് എന്ന പേര് വന്നത്. മേഘങ്ങളുടെ നിഴലുകൾ കൊടുമുടിക്ക് മുകളിലൂടെ നീങ്ങുന്നത് സുന്ദരമായ കാഴ്ചയാണ്. മുകളിൽ നിന്ന് നോക്കുമ്പോൾ ചിക്കമഗളൂരുവിലെ കാപ്പി തോട്ടങ്ങളും മലയാളികളുടെ റബർ തോട്ടങ്ങളുമൊക്കെ കാണാം. മുകളിൽ പാറപ്പുറത്ത് വിശ്രമിക്കാം. ചുറ്റിലും ഹരിത നിറത്തിൽ പർവത നിരകൾ മതിൽ തീർത്ത പോലെ തോന്നും. മുകളിൽ മേഘക്കെട്ടുകളുമായി ആകാശവും.
തളർച്ചയറിയാത്ത ട്രെക്കിങ്
താരതമ്യേന ആയാസ രഹിതമാണ് നേത്രാവതി പീക്കിലേക്കുള്ള ട്രെക്കിങ്. 12 കിലോമീറ്ററാണ് കൊടുമുടി കീഴടക്കാൻ സഞ്ചരിക്കേണ്ടത്. 4 മുതൽ 6 മണിക്കൂർ വരെ സമയമെടുത്താണ് ട്രെക്കിങ് പൂർത്തിയാക്കാനാവുക. കാട്ടിലൂടെ നടന്നും അരുവികളിൽ നിന്ന് ദാഹമകറ്റിയും വെള്ളച്ചാട്ടത്തിൽ കുളിച്ചുമൊക്കെ ട്രെക്കിങ് ആനന്ദഭരിതമാക്കാം എന്നതിനാൽ സഞ്ചാരികളെ തളർച്ചയധികം അലട്ടുകയില്ല എന്നതാണ് പ്രത്യേകത. വഴിയിൽ ഭക്ഷണമോ വെള്ളമോ വില്പനക്ക് വെച്ചിട്ടില്ലാത്തതിനാൽ ഇവ കയ്യിൽ കരുതുന്നതാണ് അഭികാമ്യം. മൺസൂൺ കാലത്താണ് മലകയറ്റമെങ്കിൽ അട്ടകളെ പേടിക്കണം.
കേരളത്തിൽ നിന്ന് എങ്ങനെ എത്തിപ്പെടാം
കേരളത്തിൽ നിന്ന് മംഗളൂരു വരെ ട്രെയിൻ മാർഗം എത്താം. അവിടെ നിന്ന് 125 കിലോമീറ്റർ ദൂരമുണ്ട് നേത്രാവതി പീക്കിലേക്ക്. കർണാടകയുടെ മലനാട് മേഖലയായതിനാൽ ട്രെയിൻ റൂട്ടുകൾ ഇല്ല. ബസും സ്വകാര്യ വാഹനങ്ങളുമാണ് ആശ്രയം. ചിക്കമഗളൂരു ജില്ലയിലെ കലസ ( Kalasa ) താലൂക്കിലെ സംസെ ( SAMSE ) എന്ന ചെറിയ ഗ്രാമത്തിലാണ് നേത്രാവതി പീക്കിന്റെ ബേസ് ക്യാമ്പ്. സംസെയിൽ നിന്ന് ട്രെക്കിങ് സ്പോട്ടിലേക്ക് 5 കിലോമീറ്റർ സഞ്ചരിക്കണം. ഓഫ് റോഡ് ആയതിനാൽ ജീപ്പുകളാണ് ഇവിടേയ്ക്ക് യാത്ര ചെയ്യാൻ ഉപയോഗിക്കുന്നത്. 7 പേർക്ക് സഞ്ചരിക്കാവുന്ന ജീപ്പിൽ ഇത്രയും കിലോമീറ്റർ സഞ്ചരിയ്ക്കാൻ 2000 രൂപയാണ് ഡ്രൈവർമാർ ഈടാക്കുക. മിക്ക ഡ്രൈവർമാരും നന്നായി മലയാളം സംസാരിക്കും. അവർ തന്നെ ഗൈഡിനെ കാണിച്ചു തരും. ഗൈഡിന് 1000 രൂപ നൽകണം. ഗ്രൂപ്പിൽ എത്ര പേരുണ്ടെങ്കിലും 1000 രൂപയിൽ കൂടില്ല. വനം വകുപ്പിന് എൻട്രി ഫീ ഇനത്തിൽ 500 രൂപ ആളൊന്നിന് നൽകണം. ഇത്രയുമായാൽ നേത്രാവതി പീക്കിലേക്കുള്ള ട്രെക്കിങ് തുടങ്ങാം.
വന്യ ജീവികളുടെ സ്വൈര്യ വിഹാര കേന്ദ്രമായതിനാലും യുനെസ്കോയുടെ പൈതൃക സൈറ്റുകളുടെ പട്ടികയിൽ വരുന്നതിനാലും ഗൈഡിനെ കൂടാതെ ആർക്കും ട്രെക്കിങ് നടത്താൻ ഇവിടെ വനം വകുപ്പ് അനുമതി നൽകുന്നില്ല. വൈകിട്ട് 5 മണിക്ക് മുൻപായി ട്രെക്കിങ് കഴിഞ്ഞ് ബേസ് ക്യാമ്പിൽ മടങ്ങിയെത്തണം.
ഹോം സ്റ്റേകൾ ലഭ്യം
യാത്രാ ക്ഷീണമകറ്റി വിശ്രമിച്ച് പിറ്റേ ദിവസം അതിരാവിലെ മലകയറുന്നതാണ് ഉചിതം. മികച്ച സൗകര്യങ്ങളോട് കൂടിയ ഹോം സ്റ്റേകൾ ബേസ് ക്യാമ്പിന് സമീപം ലഭ്യമാണ്. ഡോർമെട്രി സൗകര്യങ്ങൾ നൽകുന്ന ഹോം സ്റ്റേകളും ലോഡ്ജുകളും ഹോട്ടലുകളും ഉണ്ട്. ഇതിനായി പരിസരത്തുള്ള ഹൊറനാട് (HORANADU) കലസ (KALASA) എന്നീ ഗ്രാമങ്ങളെ ആശ്രയിക്കാം. സസ്യ - മാംസ ആഹാരങ്ങൾ എല്ലായിടത്തും ലഭ്യമാണ്.