മുതുമലൈ ടൈഗർ റിസർവ്; ഓസ്‌കര്‍ രഘുവിന്റെ കാട്ടില്‍

തമിഴ്‌നാട്ടിലെ മുതുമലൈ ടൈഗര്‍ റിസര്‍വിലെ തപ്പേക്കാട് ആന ക്യാമ്പിലെ പുതിയ ആകര്‍ഷണം ഇവരാണ്

95-ാം ഓസ്‌കര്‍ അവാര്‍ഡില്‍ മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിമിനുള്ള അവാര്‍ഡ് നേടിയ ദ എലിഫന്റ് വിസ്‌പറേഴ്‌സിലൂടെ നമ്മുടെ മനസ് കവര്‍ന്ന രണ്ട് ആനക്കുട്ടികളുണ്ട് രഘുവും അമ്മുവും. അനാഥരായ ഇവരെ പൊന്ന് പോലെ നോക്കിയ ബൊമ്മനും ബെല്ലിയും നമുക്ക് അഭിമാനമായി. തമിഴ്‌നാട്ടിലെ മുതുമലൈ ടൈഗര്‍ റിസര്‍വിലെ തപ്പേക്കാട് ആന ക്യാമ്പിലെ പുതിയ ആകര്‍ഷണം ഇവരാണ്. ദൂരെ നിന്ന് വരെ ബൊമ്മനെയും ബെല്ലിയെയും അവരുടെ പ്രിയപ്പെട്ട ആനകളെയും കാണാന്‍ സഞ്ചാരികള്‍ ഒഴുകിയെത്തുകയാണ്.

എന്നാല്‍ ഇവിടെയെത്തുന്നവര്‍ തപ്പേക്കാടിന്റെ കഥ കൂടി അറിഞ്ഞിരിക്കണം, രഘുവും അമ്മുവും മാത്രമല്ല, ഒരു കാലത്ത് നാട് വിറപ്പിച്ചിരുന്ന കൊലയാളി ആനകളടക്കം 28 ആനകള്‍ ഇവിടെയുണ്ട്. ഒരു നൂറ്റാണ്ടിലധികം കാലത്തെ ചരിത്രവും ഈ ക്യാമ്പിന് പറയാനുണ്ട്. നാട്ടിലിറങ്ങി വിളകള്‍ നശിപ്പിക്കുന്ന ആനകളെയും ഒറ്റക്കൊമ്പന്മാരെയും മദമിളകിയവരെയും അനാഥരായ കുട്ടിയാനകളെയും പിടികൂടി കുങ്കി ആനകളാക്കുന്ന പരിശീലനമാണ് ഇവിടെ നല്‍കുന്നത്. ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന ഈ ആന ക്യാമ്പിന് 105 വര്‍ഷത്തെ പഴക്കമുണ്ട്.

ബ്രിട്ടീഷുകാര്‍ കാട്ടില്‍നിന്നും മരം മുറിക്കാനായി 1917ല്‍ സ്ഥാപിച്ചതാണ് തെപ്പക്കാട് ആന ക്യാമ്പ്. ക്രമേണ അപകടകാരികളായ ആനകളെ പിടികൂടി പരിശീലിപ്പിക്കുന്ന കേന്ദ്രമായി ഇവിടം മാറി. ബൊമ്മനെയും ബെല്ലിയെയും രഘുവിനെയും അമ്മുവിനെയും കാണാനാണ് സഞ്ചാരികള്‍ ഇവിടേക്ക് അധികമെത്താറുള്ളതെങ്കിലും ഇവിടെ മറ്റ് മനോഹരമായ കാഴ്ചകള്‍ വേറെയും ഉണ്ട്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in