ഭൂട്ടാൻ അതിർത്തികൾ തുറക്കുന്നു
രണ്ട് വർഷത്തെ വലിയ ഇടവേളയ്ക്ക് ശേഷം സഞ്ചാരികളുടെ സ്വർഗം വിനോദസഞ്ചാരികൾക്കായി അതിർത്തികൾ വീണ്ടും തുറക്കുകയാണ്.കോവിഡിനെ തുടർന്ന് അടച്ച ഭൂട്ടാന്റെ അതിർത്തികൾ സെപ്റ്റംബര്‍ 23 മുതലാണ് അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി വീണ്ടും തുറന്നുനൽകുക.എന്നാല്‍ സഞ്ചാരികള്‍ക്കായി വീണ്ടും തുറക്കുമ്പോള്‍ പരിസ്ഥിതിയെ കൂടി സംരക്ഷിക്കാനുതകുന്ന തരത്തിൽ പുതിയ നിയമങ്ങളും മാനദണ്ഡങ്ങളും കൊണ്ടുവരുന്നുണ്ട് ഭൂട്ടാൻ.ഈ മാനദണ്ഡങ്ങൾ അനുസരിച്ച് ഭൂട്ടാനിലേക്കുള്ള യാത്രാച്ചെലവ് രണ്ട് ഇരട്ടിയാകും
ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, വിനോദസഞ്ചാരികളില്‍ നിന്ന് ഒരു രാത്രിക്ക് 200 യുഎസ് ഡോളർ (15,800 രൂപ) സുസ്ഥിര വികസന ഫീസായി (സസ്റ്റെയിനബിള്‍ ഡെവലപ്മെന്റ് ഫീസ്) ഈടാക്കും. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഇത് 65 യുഎസ് ഡോളറായിരുന്നു (5000 രൂപ) സുസ്ഥിര വികസന ഫീസായി രാജ്യം ഈടാക്കിയിരുന്നത്. ടൂറിസ്റ്റുകളുടെ വരവ് നിയന്ത്രിക്കാനും അതിലൂടെ സൃഷ്ടിക്കപ്പെടുന്ന കാര്‍ബണ്‍ ആഘാതം കുറയ്ക്കാനും പുതിയ ഫീസ് നിരക്ക് സഹായിക്കുമെന്നാണ് ടൂറിസം കൗണ്‍സില്‍ ഓഫ് ഭൂട്ടാന്‍ (ടിസിബി)പ്രതീക്ഷിക്കുന്നത്.
അടിസ്ഥാനസൗകര്യ വികസനം, മെച്ചപ്പെട്ട യാത്രാനുഭവം, പരിസ്ഥിതിക്കുണ്ടാകുന്ന ആഘാതം എന്നീ മൂന്ന് ഘടകങ്ങളിൽ ഊന്നിയാകും വിനോദസഞ്ചാരമേഖലയുടെ മുന്നോട്ടുള്ള പോക്ക്
കോവിഡ് കാലം പല തരത്തിലുമുള്ള പുനർചിന്തനങ്ങൾക്ക് പ്രേരിപ്പിച്ചുവെന്ന് ടിസിബി ചെയര്‍മാനും ഭൂട്ടാന്‍ വിദേശകാര്യ മന്ത്രിയുമായ ഡോ.ടാന്‍ഡി ഡോര്‍ജി പറയുന്നു. കാർബൺ ഫുട്ട് പ്രിന്റ് കുറവുള്ള പരിസ്ഥിതി എങ്ങനെ സംരക്ഷിക്കാം എന്നതിലാണ് രാജ്യം ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതനുസരിച്ച് അടിസ്ഥാനസൗകര്യ വികസനം, മെച്ചപ്പെട്ട യാത്രാനുഭവം, പരിസ്ഥിതിക്കുണ്ടാകുന്ന ആഘാതം എന്നീ മൂന്ന് ഘടകങ്ങളിൽ ഊന്നിയാകും വിനോദസഞ്ചാരമേഖലയുടെ മുന്നോട്ടുള്ള പോക്ക്. ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഹോട്ടലുകള്‍, ഡ്രൈവര്‍മാര്‍, ഗൈഡുകള്‍ തുടങ്ങിയ രാജ്യത്തെ ടൂറിസം സേവനദാതാക്കള്‍ക്കുള്ള മാനദണ്ഡങ്ങളും പരിഷ്‌കരിച്ചിട്ടുണ്ട്. പുതുക്കിയ ഫീസ് ചുരുക്കം യാത്രികരെ ഭൂട്ടാനിലേക്ക് വരുന്നതിൽ നിന്ന് പിന്തിരിപ്പിച്ചേക്കാം.എന്നാല്‍ സമ്പന്നരായ സന്ദര്‍ശകരെ ഇത് ബാധിക്കില്ലെന്നാണ് ടൂറിസം മേഖലയുടെ വിലയിരുത്തൽ.
ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് പുതിയ തീരുമാനം പക്ഷേ തിരിച്ചടിയാകും.ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് പ്രവേശിക്കുന്ന ലാഘവത്തോടെ ഇന്ത്യയുടെ അയല്‍ രാജ്യമായ ഭൂട്ടാനിലേക്ക് പ്രവേശിക്കാനാവുമെന്നതിനാൽ യാത്രികരുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ് ഭൂട്ടാൻ. സ്വന്തം നാട്ടില്‍ രാജ്യാതിര്‍ത്തി കടക്കുക എന്ന സ്വപ്‌നം പല യാത്രാപ്രേമികളും സാധ്യമാക്കുന്നത് ഭൂട്ടാനിലേക്ക് വണ്ടിയോടിച്ചാണ്. നേപ്പാള്‍ സന്ദര്‍ശനത്തോടൊപ്പം ഭൂട്ടാന്‍ യാത്ര കൂടി സാധ്യമാക്കുന്നവരാണ് മറ്റു ചിലര്‍. ഒറ്റ ട്രിപ്പില്‍ രണ്ടു രാജ്യങ്ങളിലേക്കുള്ള പ്രവേശനം സാധ്യമാകുന്നു. അന്താരാഷ്ട്ര അതിര്‍ത്തിയിലൂടെ വാഹനമോടിച്ച് പോകുന്നതിലെ ത്രില്‍ അറിയാൻ നിരവധി യാത്രികരാണ് ഭൂട്ടാൻ അതിർത്തി കടക്കാറുള്ളത്
പരിസ്ഥിതി ലോലമേഖലകളും ബുദ്ധസന്യാസിമാരുടെ വിഹാര കേന്ദ്രങ്ങളും നിരവധി ബുദ്ധ ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്ന ഭൂട്ടാനില്‍ ടൂറിസ്റ്റുകള്‍ കൂടുതലായി ഇടിച്ചുകയറാന്‍ തുടങ്ങിയാല്‍ അത് പ്രതികൂലമായി ബാധിക്കും. ഇതാണ് ഇപ്പോള്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള പ്രധാന കാരണം. വരുമാനത്തിനുമപ്പുറത്ത് യാത്രക്കാരുടെ എണ്ണം കുറച്ച് പരിസ്ഥിതിയുടെയും സാംസ്കാരിക പൈതൃകത്തിന്റെയും കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ വിനോദസഞ്ചാരമേഖലയെ മുന്നോട്ട് കൊണ്ടുപോകാനാണ് ടിസിബി ലക്ഷ്യമിടുന്നത്.