ഇതാ ഇവിടെയുണ്ട്
അധികമാർക്കും അറിയാത്ത ടിപ്പുവിന്റെ ജന്മഗൃഹം

ഇതാ ഇവിടെയുണ്ട് അധികമാർക്കും അറിയാത്ത ടിപ്പുവിന്റെ ജന്മഗൃഹം

ഹിജ്‌റ കലണ്ടർ പ്രകാരം നവംബർ 10ന് ആയിരുന്നു ജനനം എന്ന് തിരുത്തുന്നവരാണ് ടിപ്പുവിന്റെ ഇപ്പോഴത്തെ തലമുറയിലുള്ള കുടുംബാംഗങ്ങൾ
Updated on
3 min read

മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താൻ അന്ത്യവിശ്രമം കൊള്ളുന്ന കർണാടകയിലെ ശ്രീരംഗപട്ടണയിലെ വേനൽക്കാല വസതി എല്ലാവർക്കും സുപരിചിതമാണ്. എന്നാൽ ടിപ്പു സുൽത്താൻ ജനിച്ചുവളർന്ന ദേവനഹള്ളിയിലെ വീടും പ്രദേശത്തെച്ചുറ്റിയുള്ള  ദേവനഹള്ളി കോട്ടയും അധികമാർക്കും അറിയാനിടയില്ല. ബെംഗളുരുവിൽനിന്ന് 35 കിലോമീറ്റർ മാത്രം അകലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് വളരെ അടുത്തായാണ് ടിപ്പുവിന്റെ ജന്മഗൃഹം സ്ഥിതി ചെയ്യുന്നത്. സംരക്ഷണച്ചുമതലയുള്ള ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ അനാസ്ഥയും കർണാടകയിൽ നിലനിൽക്കുന്ന ടിപ്പുവിരുദ്ധ പ്രചാരണവുമാണ് സഞ്ചാരികളിൽനിന്ന് ഈ പ്രദേശത്തെ കാണാമറയത്ത് നിർത്തുന്നത്.

ടിപ്പുവിന്റെ ഏഴാം തലമുറയിൽപ്പെട്ട കുടുംബാംഗങ്ങൾ കാത്തുസൂക്ഷിക്കുന്ന ടിപ്പുവിന്റെ രേഖാചിത്രം
ടിപ്പുവിന്റെ ഏഴാം തലമുറയിൽപ്പെട്ട കുടുംബാംഗങ്ങൾ കാത്തുസൂക്ഷിക്കുന്ന ടിപ്പുവിന്റെ രേഖാചിത്രം

എന്നാൽ ചരിത്രാന്വേഷികളെയും പറഞ്ഞുകേട്ടെത്തുന്ന സഞ്ചാരികളെയും ഒട്ടും നിരാശപ്പെടുത്തില്ല ദേവനഹള്ളി കോട്ടയും ചുറ്റുപാടും. ബെംഗളൂരു - ഹൈദരാബാദ് ദേശീയപാത 7 കടന്നുപോകുന്ന വഴിയിൽ ദേവനഹള്ളിയിലേക്കുള്ള ദിശാസൂചികൾ കാണാം. അവിടെ ബസിറങ്ങി നാട്ടുകാരോട് അന്വേഷിച്ചാൽ ദേവനഹള്ളി കോട്ടയിലേക്കുള്ള വഴി ചൂണ്ടിക്കാട്ടിത്തരും. ടിപ്പു സുൽത്താന്റെ പിതാവും മൈസൂർ പ്രവിശ്യയുടെ അധിപനുമായിരുന്ന ഹൈദർ അലി പുനരുദ്ധാരണം നടത്തിയ കോട്ടയുടെ മതിൽ ദൂരെനിന്ന് കാണാം. കോട്ടയിലേയ്ക്കുള്ള വഴിയിൽ 'ടിപ്പു ഉദ്യാനത്തിൽ ടിപ്പുവിന്റെ അർധകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.

വീണ്ടും മുന്നോട്ടുനീങ്ങിയാൽ ടിപ്പു സുൽത്താന്റെ ജന്മസ്ഥലം എന്നെഴുതിയ സ്മാരകശിലയും അടയാളവും സ്ഥിതിചെയ്യുന്ന ഖാസ് ബാഗിൽ എത്താം. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥാപിച്ച  സംരക്ഷിത കവചമുണ്ടെങ്കിലും ഒരു നിയന്ത്രണവുമില്ലാതെ ആർക്കും അകത്തുകടക്കാം.

ഫോട്ടോ: എ പി നദീറ
ഫോട്ടോ: എ പി നദീറ

ഇവിടെ ടിപ്പു സുൽത്താന്റെ ജന്മസ്ഥലം എന്നും  ജനിച്ച വർഷമായി 1751 എഡി എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് - ഉറുദു - കന്നഡ ഭാഷകളിലാണ് ഇവ എഴുതിയിരിക്കുന്നത്. എന്നാൽ ജനന തീയതി സംബന്ധിച്ച് അവ്യക്തത ഉണ്ട്. പ്രത്യേകമായി ഒരു തീയതിയും ഇവിടെ രേഖപ്പെടുത്തിയതായി കാണാൻ കഴിയില്ല. മൈസൂർ രാജാവായിരുന്ന ഹൈദർ അലിയുടെയും ഫക്‌റുന്നിസയുടെയും മകനായി നവംബർ 20ന് ടിപ്പു ജനിച്ചെന്നാണ് ചരിത്ര രേഖകളിലുള്ളത്. എന്നാൽ അതല്ല, ഹിജ്‌റ കലണ്ടർ പ്രകാരം നവംബർ 10നായിരുന്നു ജനനം എന്ന് തിരുത്തുന്നവരാണ് ടിപ്പുവിന്റെ ഇപ്പോഴത്തെ തലമുറയിലുള്ള കുടുംബാംഗങ്ങൾ.

ഖാസ് ബാഗിൽ  സ്മാരകശില സ്ഥിതിചെയ്യുന്നിടത്ത് മുൻപൊരു വീട് ഉണ്ടായിരുന്നെന്നും ടിപ്പു സുൽത്താൻ ജനിച്ചത് ആ വീട്ടിൽ ആയിരുന്നെന്നും അത് പൊളിച്ചുനീക്കപ്പെട്ടെന്നുമാണ് പ്രദേശവാസികൾ വിശദീകരിച്ചത്. ചുറ്റിലും ആധുനിക രീതിയിലുള്ള വീടുകളും വിജയനഗര സാമ്രാജ്യകാലത്തെ വാസ്തു കലാ രീതിയോട് സമാനതകളുള്ള നിരവധി ക്ഷേത്രങ്ങളും കാണാം. അവയ്ക്കിടയിൽ അങ്ങിങ്ങായി പതിനെട്ടാം നൂറ്റാണ്ടിലേതെന്നു പറയപ്പെടുന്ന പഴയ കെട്ടിടാവശിഷ്ടങ്ങളുമുണ്ട്.

ഫോട്ടോ: എ പി നദീറ
ഫോട്ടോ: എ പി നദീറ

മിക്കതും ഉപയോഗ ശൂന്യം, കാട്ടുപൂക്കൾ നിറഞ്ഞ ഇലപ്പടർപ്പുകൾ അവയെ ചുറ്റിപ്പൊതിഞ്ഞു കിടക്കുന്നു. 'ദേവനഹള്ളി പൊമേലൊ' (Devanahalli Pomelo) അഥവാ കമ്പിളിനാരക മരങ്ങൾ അവിടവിടെയായി കാണാം. പ്രാചീനകാലം മുതൽ ഈ പ്രദേശം കമ്പിളി നാരകത്തിന് പേരുകേട്ട ഇടമായിരുന്നു. ഭൗമ സൂചികാ പദവിയുള്ള പഴം കൂടിയാണ് ദേവനഹള്ളി പൊമേലൊ. പശുവളർത്തലും മറ്റുമായി തിരക്കിലാണ് പ്രദേശവാസികൾ.

ഫോട്ടോ: എ പി നദീറ
ഫോട്ടോ: എ പി നദീറ

ടിപ്പു സുൽത്താന്റെ ശൈശവവും ബാല്യവും കടന്നുപോയ വഴികൾ... മുന്നോട്ടുനടന്നാൽ കോട്ടയിലേക്ക് കടക്കാനുള്ള കൽപ്പ ടവുകൾ കാണാം. വേനൽക്കാലത്ത് വരണ്ടും അല്ലാത്തപ്പോഴൊക്കെ പച്ചപിടിച്ചും സഞ്ചാരികളെ ആകർഷിക്കുന്ന കോട്ട. സംരക്ഷിക്കാൻ പ്രത്യേക സംവിധാനങ്ങളൊന്നുമില്ലാത്തതിനാൽ കോട്ടയ്ക്കുള്ളിൽ ഏതു സമയത്തും ആർക്കും കടന്നുവരാം. സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയതോടെ പ്രദേശവാസികൾ ഇടയ്ക്കിടെ പരാതിയുമായി അധികൃതരെ സമീപിക്കും.

ഫോട്ടോ ഷൂട്ടുകാരുടെ കേന്ദ്രം കൂടിയാണ് കോട്ടക്കകവും പുറവും ഉൾപ്പെടുന്ന 20 ഏക്കർ പ്രദേശം. വിവാഹ -വിവാഹപൂർവ ഫോട്ടോഷൂട്ടുകൾ, മോഡലിങ് ഫോട്ടോ ഷൂട്ട്, സിനിമ - സീരിയൽ ചിത്രീകരണം തുടങ്ങിയവയ്‌ക്കൊക്കെ പറ്റിയ ലൊക്കേഷൻ കൂടിയായി പരിണമിച്ചിരിക്കുകയാണ് ദേവനഹള്ളി കോട്ട. ടിപ്പു സുൽത്താന്റെ ഏഴാം തലമുറയിൽപ്പെട്ടവർ ഇപ്പോഴും ദേവനഹള്ളി കോട്ടയെ ചുറ്റിപ്പറ്റിയുള്ള പ്രദേശങ്ങളിൽ കഴിയുന്നുണ്ട്.

ഫോട്ടോ: എ പി നദീറ
ഫോട്ടോ: എ പി നദീറ

കൗമാരം വിട്ടു മാറും മുൻപേ സൈനിക തന്ത്രങ്ങളെല്ലാം  മകനെ പഠിപ്പിക്കാൻ ഹൈദർ അലി ശ്രദ്ധിച്ചിരുന്നു. വൈദേശികാധിപത്യത്തെ ചെറുത്ത് മുന്നേറാൻ ഫതഹ് അലിഖാൻ ടിപ്പു എന്ന ടിപ്പു സുൽത്താൻ ബാലപാഠങ്ങൾ പഠിച്ച ഇടം കൂടിയാണ് ദേവനഹള്ളിയിലെ ജന്മഗൃഹവും ഈ കോട്ടയും. വാൾപ്പയറ്റും കുതിരസവാരിയും ആയോധനകലകളും കുഞ്ഞായിരിക്കുമ്പോഴേ ടിപ്പുവിനെ പിതാവ് അഭ്യസിപ്പിച്ചു. 1782ൽ പിതാവ് ഹൈദരാലിയുടെ മരണത്തോടെയായിരുന്നു മൈസൂർ പ്രവിശ്യയുടെ ഭരണം ടിപ്പുവിന്റെ കൈകളിലെത്തിയത്.

ടിപ്പു സുൽത്താന്റെ ചരിത്രം അറിയാൻ ആഗ്രഹിക്കുന്നവർ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഇടമാണ് ദേവനഹള്ളിയിലെ ഈ പ്രദേശം. ടിപ്പു സുൽത്താൻ കർണാടകയിൽ ഒരു രാഷ്ട്രീയ ആയുധമായി മാറിയതോടെ നാശത്തിന്റെ വക്കിലാണ് കോട്ടയും ടിപ്പു ജയന്തിയുടെ സ്മാരക ശിലയും ജന്മസ്ഥലവും. കർണാടകയിൽ 1999 മുതൽ എല്ലാ വർഷവും നവംബർ 10ന് രാഷ്ട്രീയ - മത ഭേദമന്യേ ടിപ്പു ജയന്തി ആഘോഷിച്ചു പോന്നിരുന്നു.

ഫോട്ടോ: എ പി നദീറ
ഫോട്ടോ: എ പി നദീറ

ടിപ്പു സുൽത്താനെ ബിജെപി വർഗീയ ധ്രുവീകരണത്തിനായി ഹൈന്ദവ വിരുദ്ധനായി ചിത്രീകരിക്കാൻ തുടങ്ങിയതോടെ കഴിഞ്ഞ ബിജെപി സർക്കാർ കർണാടകയിൽ ടിപ്പു ജയന്തി ആഘോഷം നിരോധിച്ചു. സംസ്ഥാനത്ത്‌   കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നിട്ടും നിരോധനം ഇതുവരെ ഔദ്യോഗികമായി നീക്കിയിട്ടില്ല. ടിപ്പുവിന്റെ 272-ാംജന്മദിനമാണ് കടന്നുപോയത്.

logo
The Fourth
www.thefourthnews.in