പ്രഭാത നഗരത്തിലെ കളരി അഭ്യാസം
കേരളത്തിന്റെ തനത് ആയോധനകലയായ കളരി അഭ്യസിപ്പിക്കുന്ന കളരിഗ്രാം, പോണ്ടിച്ചേരി ഓറോവില്ലെയിലെ പ്രധാന ആകര്‍ഷണമാണ്. വിദ്യാലയത്തില്‍ കളരി അഭ്യസിക്കാനെത്തുന്നവരില്‍ ഭൂരിഭാഗം പേരും സ്ത്രീകളാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ഗര്‍ഭിണികളും കുട്ടികളുമെല്ലാം ഇവിടെ കളരി പഠിക്കാനെത്താറുണ്ട്.
കളരി എന്ന ആയോധന കലയെ നാട്യകലയുമായി സമന്വയിപ്പിക്കുന്നു എന്നതാണ് കളരിഗ്രാമിനെ വ്യത്യസ്തമാക്കുന്നത്. 3000 ഏക്കറില്‍ പരന്നുകിടക്കുന്ന മരങ്ങളും നിരവധി കമ്മ്യൂണിറ്റികളുമുള്ള ഓറോവില്ലിനകത്ത് നിരവധി കലാകേന്ദ്രങ്ങളുമുണ്ട്.
2010ല്‍ ആരംഭിച്ച കളരിഗ്രാമിന്റെ പ്രധാന ഉദ്ദേശം എന്നത് കളരിയും നടനകലയും തമ്മില്‍ സംയോജിപ്പിക്കുക എന്നതായിരുന്നു. കഥകളി, ഭരതനാട്യം, തെയ്യം തുടങ്ങിയ കലകളുടെ ഉത്ഭവം കളരിയില്‍ നിന്നാണെന്നാണ് പറയപ്പെടുന്നത്. കളരിയുടെയും ആയുര്‍വേദത്തിന്റെയും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ആയുര്‍വേദ ചികിത്സാ സെന്ററും ഇതിനകത്ത് സ്ഥിതി ചെയ്യുന്നുണ്ട്.