കൃഷ്ണകുമാറും ചൂഡാരത്‌നമ്മയും
കൃഷ്ണകുമാറും ചൂഡാരത്‌നമ്മയും

ചേതക് സ്കൂട്ടറില്‍ അമ്മയും മകനും ചുറ്റിയത് 60,000 കിലോമീറ്റർ; നാല് രാജ്യങ്ങള്‍ പിന്നിട്ട് യാത്ര കേരളത്തില്‍

20 വര്‍ഷങ്ങള്‍ക്കു മുമ്പ് കൃഷ്ണകുമാറിന്റെ അച്ഛന്‍ സമ്മാനിച്ച സ്കൂട്ടറിലാണ് യാത്ര
Updated on
3 min read

ഇന്നത്തെ കാലത്ത് ഒരു യാത്ര നടത്തുക എന്നത് അത്ര വലിയ കാര്യമൊന്നുമല്ല എന്നാല്‍ മൈസൂര്‍ ബൊഗാഡി സ്വദേശിയായ കൃഷ്ണകുമാര്‍ നടത്തുന്ന യാത്രയ്ക്ക് കുറച്ച് പ്രത്യേകതകളുണ്ട്. 72 വയസ്സുള്ള അമ്മയെയും ഒപ്പം കൂട്ടി ചേതക് സ്‌കൂട്ടറിലാണ് ഈ മകന്റെ യാത്ര. സാധാരണ സ്ത്രീകളെ പോലെ നേരം ഇരുട്ടി വെളുക്കുന്നത് വരെ അടുക്കളയ്ക്കുള്ളില്‍ തന്നെയായിരുന്നു ചൂഡാരത്‌നമ്മയുടെയും ജീവിതം. 2015ല്‍ അച്ഛന്‍ ദക്ഷിണാമൂര്‍ത്തിയുടെ മരണശേഷമാണ് അമ്മയുടെ ആഗ്രഹങ്ങള്‍ ഈ മകന്‍ തിരിച്ചറിഞ്ഞു തുടങ്ങുന്നത്.

അമ്മയുടെ മറുപടിയാണ് ലോകം ചുറ്റാന്‍ പ്രേരിപ്പിച്ചത്

ബാംഗ്ലൂരിലെ ഒരു സ്വകാര്യ കമ്പനിയില്‍ ടീം ലീഡായി ജോലി ചെയ്യുകയായിരുന്ന കൃഷ്ണകുമാര്‍ പിതാവിന്റെ മരണശേഷം അമ്മയെയും ജോലി സ്ഥലത്തേക്ക് കൊണ്ടുപോയി. ബാംഗ്ലൂരിലെ ജീവിതത്തിനിടയിലാണ് അവിചാരിതമായി കൃഷ്ണകുമാര്‍ ''അമ്മ തിരുവണ്ണാമലൈ ക്ഷേത്രം കണ്ടിട്ടുണ്ടോ?'' എന്ന് ചോദിക്കുന്നത്.''വീടിന്റെ നാല് ചുവരുകളും മേല്‍ക്കൂരയ്ക്കും അപ്പുറം ഒരു ലോകവും താനിതുവരെ കണ്ടിട്ടില്ല. ഈ വീട് വിട്ട് പുറത്ത് പോയിട്ട് തന്നെ കാലം ഒരുപാടായി''. പത്തു മക്കളെ പോറ്റി വളര്‍ത്തിയ ആ അമ്മയുടെ മറുപടിയാണ് പിന്നീട് ലോകം കാണാന്‍ ഇറങ്ങിപ്പുറപ്പെടുന്നതിന് കാരണമായത്

കൃഷ്ണകുമാറും ചൂഡാരത്‌നമ്മയും യാത്രക്കിടെ സ്കൂട്ടറില്‍
കൃഷ്ണകുമാറും ചൂഡാരത്‌നമ്മയും യാത്രക്കിടെ സ്കൂട്ടറില്‍

2018 ജനുവരി 16 നാണ് ജോലി രാജി വെച്ച് സ്വദേശമായ മൈസൂരിലെ ബൊഗാഡിയില്‍ നിന്നും 'മാതൃ സേവ സങ്കല്‍പ്പ യാത്ര' ആരംഭിക്കുന്നത്

കൃഷ്ണകുമാറും ചൂഡാരത്‌നമ്മയും
കൃഷ്ണകുമാറും ചൂഡാരത്‌നമ്മയും

മൈസൂര്‍ മുതല്‍ റിംപോച്ചെയുടെ നേപ്പാള്‍ വരെ

2018 ജനുവരി 16 നാണ് ജോലി രാജി വെച്ച്, സ്വദേശമായ മൈസൂരിലെ ബൊഗാഡിയില്‍ നിന്നും 'മാതൃ സേവ സങ്കല്‍പ്പ യാത്ര' ആരംഭിക്കുന്നത്. അമ്മയോടുള്ള ഉള്ള ആദരവ് നിമിത്തമാണ് യാത്രയ്ക്ക് ഇങ്ങനെയൊരു പേരിട്ടതെന്ന് കൃഷ്ണകുമാര്‍ പറയുന്നു. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയായിരുന്നു ഇരുവരുടെയും ആദ്യ ലക്ഷ്യം, പിന്നീട് ഗുജറാത്ത് വഴി അരുണാചല്‍ പ്രദേശിലെ സെല ചുരം വരെ എത്തി. തുടര്‍ന്ന് അയല്‍ രാജ്യങ്ങളായ നേപ്പാള്‍, മ്യാന്‍മര്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലും ഇവര്‍ സന്ദര്‍ശനം നടത്തി.

2020 ല്‍ ഇന്ത്യയില്‍ കോവിഡ് വ്യാപനമുണ്ടായ സമയത്ത് ഇന്ത്യ- ഭൂട്ടാന്‍ അതിര്‍ത്തിയിലായിരുന്നു കൃഷ്ണകുമാറും ചൂഡാരത്‌നമ്മയും. നിയന്ത്രണങ്ങളെ തുടർന്ന് 53 ദിവസമാണ് അവിടെ തങ്ങേണ്ടി വന്നത്. പിന്നീട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങിയാണ് ഇവര്‍ മൈസൂരിലേക്ക് തിരിച്ചത്. 2000 ല്‍ അധികം കിലോമീറ്റർ താണ്ടിയാണ് അന്ന് നാട്ടിലെത്തിലെത്തിയതെന്ന് കൃഷ്ണകുമാർ ഓര്‍ത്തെടുക്കുന്നു.

കോവിഡ് ഭീതി ഒഴിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് മൈസൂരില്‍ നിന്ന് യാത്ര വീണ്ടും ആരംഭിച്ചത്

കൃഷ്ണകുമാറും ചൂഡാരത്‌നമ്മയും യാത്രക്കിടെ
കൃഷ്ണകുമാറും ചൂഡാരത്‌നമ്മയും യാത്രക്കിടെ

കോവിഡിന് ശേഷം പുതിയ തുടക്കം

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് യാത്ര പുനരാരംഭിക്കാന്‍ രണ്ടുവര്‍ഷത്തോളമായി ഇരുവര്‍ക്കും സാധിച്ചിരുന്നില്ല. കോവിഡിന്റെ ഭീതി ഒഴിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് മൈസൂരില്‍ നിന്ന് യാത്ര വീണ്ടും ആരംഭിച്ചത്. രണ്ട് ദിവസം മുന്‍പാണ് ഇരുവരും കാലടിയില്‍ എത്തിയത്. കൃത്യമായ പദ്ധതികള്‍ ഒന്നുമില്ലാതെയാണ് യാത്ര.

സഞ്ചരിക്കുന്ന പ്രദേശങ്ങളിലെ പ്രധാന ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയാണ് ലക്ഷ്യമെന്ന് കൃഷ്ണകുമാര്‍ പറയുന്നു. യാത്രയ്ക്കിടെ ഹോട്ടലുകളില്‍ താമസിക്കാറില്ല. ക്ഷേത്രങ്ങളിലും, മഠങ്ങളിലും മറ്റുമായാണ് താമസം. യാത്രയുടെ ലക്ഷ്യത്തെക്കുറിച്ച് ചെല്ലുന്നിടത്ത് ആളുകളോട് വിശദീകരിക്കുമ്പോള്‍ നിറഞ്ഞ മനസ്സോടെ സൗജന്യമായി താമസസ്ഥലം ഒരുക്കി നല്‍കുന്നതായി കൃഷ്ണകുമാര്‍ പറയുന്നു.

കൃഷ്ണകുമാറും ചൂഡാരത്‌നമ്മയും
കൃഷ്ണകുമാറും ചൂഡാരത്‌നമ്മയും

ചേതക് സ്‌കൂട്ടറില്‍ 59,000 കിലോമീറ്ററോളം യാത്ര ചെയ്തുകഴിഞ്ഞു ഈ അമ്മയും മകനും

കൃഷ്ണകുമാറും ചൂഡാരത്‌നമ്മയും
കൃഷ്ണകുമാറും ചൂഡാരത്‌നമ്മയും

ഇത് വരെ താണ്ടിയത് 60,000 കിലോമീറ്റർ

ചേതക് സ്‌കൂട്ടറില്‍ 59,000 കിലോമീറ്റർ യാത്ര ചെയ്തു കഴിഞ്ഞു ഈ അമ്മയും മകനും. എറണാകുളം, കൊല്ലം, തിരുവനന്തപുരം വഴി സഞ്ചരിച്ച് രാമേശ്വരത്തേക്ക് പോകാനാണ് ഇരുവരുടെയും പദ്ധതി.

ചേതക് സ്‌കൂട്ടറിന് പിന്നിലെ യാത്രയുടെ കഥ

20 വര്‍ഷങ്ങള്‍ക്കു മുമ്പ് കൃഷ്ണകുമാറിന്റെ അച്ഛന്‍ സമ്മാനിച്ചതാണ് ഈ ചേതക് സ്‌കൂട്ടര്‍. സ്കൂട്ടർ യാത്രയില്‍ അച്ഛനും ഒപ്പമുണ്ടെന്ന് തോന്നാറുണ്ട്, അത് കൊണ്ടാണ് യാത്രക്കായി സ്‌കൂട്ടര്‍ തിരഞ്ഞെടുത്തത്. ഇടയ്ക്ക് അറ്റകുറ്റപ്പണികള്‍ നടത്തേണ്ടി വരാറുണ്ടെന്നതല്ലാതെ ഇതുവരെ അച്ഛന്റെ സ്കൂട്ടർ പെരുവഴിയില്‍ ആക്കിയിട്ടില്ലെന്ന് കൃഷ്ണകുമാർ.

മാതൃസേവ എന്ന വലിയ ലക്ഷ്യത്തോടെയാണ് കൃഷ്ണകുമാര്‍ ചേതക് സ്‌കൂട്ടറിന്റെ ഓരോ ഗിയറും മുന്നോട്ടിടുന്നത്

കൃഷ്ണകുമാറും ചൂഡാരത്‌നമ്മയും
കൃഷ്ണകുമാറും ചൂഡാരത്‌നമ്മയും

ചിലവ് കണ്ടെത്തുന്നത് ഇങ്ങനെ

13 വര്‍ഷത്തോളം ജോലി ചെയ്തു നേടിയ സമ്പാദ്യം അമ്മയുടെ പേരില്‍ ബാങ്ക് അക്കൗണ്ടില്‍ സ്ഥിരനിക്ഷേപമായി ഇട്ടിട്ടുണ്ട്. അതില്‍ നിന്നും ലഭിക്കുന്ന പലിശ കൊണ്ടാണ് യാത്രയ്ക്കുള്ള പണം കണ്ടെത്തുന്നത്. തങ്ങളുടെ യാത്രയെക്കുറിച്ച് കേട്ടറിഞ്ഞ നിരവധി ആളുകള്‍ പണം വാഗ്ദാനം ചെയ്തിരുന്നു. സ്വന്തം അധ്വാനത്തില്‍ ലഭിക്കുന്ന വരുമാനത്തില്‍ നിന്ന് അമ്മയുമായി യാത്രചെയ്യണമെന്ന ആഗ്രഹം കൊണ്ട് സ്‌നേഹത്തോടെ ആ സഹായം നിരസിച്ചു

കൃഷ്ണകുമാര്‍ എന്ന മനുഷ്യന്‍ നല്‍കുന്ന സന്ദേശം

മാതൃസേവ എന്ന വലിയ ലക്ഷ്യത്തോടെയാണ് കൃഷ്ണകുമാര്‍ സ്‌കൂട്ടറിന്റെ ഓരോ ഗിയറും മുന്നോട്ടിടുന്നത്. അതിനാല്‍ തന്നെയാണ് യാത്രക്ക് മാതൃ സേവ സങ്കല്‍പ്പ യാത്ര എന്ന പേരും ഈ മകന്‍ തിരഞ്ഞെടുത്തത്. ജീവിച്ചിരിക്കുമ്പോള്‍ മാതാപിതാക്കളെ സ്‌നേഹിക്കാതെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാതെ, മരണശേഷം മാലയിട്ട് പൂജിക്കുന്നതില്‍ കാര്യമില്ലെന്ന തിരിച്ചറിവാണ് ഈ മകനെ ഇങ്ങനെയൊരു യാത്രയ്ക്ക് പ്രേരിപ്പിച്ചത്.

logo
The Fourth
www.thefourthnews.in