മുഖക്കുരുവും കറുത്തപാടുകളും ഇനിയില്ല;
മുഖസംരക്ഷണത്തിന് ഫേസ് ആസിഡുകൾ
Valua Vitaly

മുഖക്കുരുവും കറുത്തപാടുകളും ഇനിയില്ല; മുഖസംരക്ഷണത്തിന് ഫേസ് ആസിഡുകൾ

സാലിസിലിക്ക് ആസിഡ്, ഗ്ലൈക്കോളിക്ക് ആസിഡ് ഉൾപ്പടെ ഓരോ പ്രശ്നങ്ങള്‍ക്കും പരിഹാരമായി ഓരോ ആസിഡുകള്‍
Updated on
2 min read

മുഖത്ത് ആസിഡുകള്‍ ഉപയോഗിക്കുകയോ? കേള്‍ക്കുമ്പോള്‍ മുഖം ചുളിഞ്ഞാല്‍ അതിനെ കുറ്റം പറയാന്‍ പറ്റില്ല. ആസിഡുകള്‍ പലപ്പോഴും പേടിപ്പെടുത്തുന്ന വാര്‍ത്തകളായാണ് നമുക്കു മുന്നിലെത്താറുള്ളത്. എന്നാല്‍ ശരിയായ അളവില്‍ ഉപയോഗിച്ചാല്‍ നിങ്ങളുടെ മുഖത്തിന്‍റെ പല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമാകാന്‍ ഇവയ്ക്ക് സാധിക്കും. എന്നുകരുതി വീട്ടില്‍ സ്വന്തമായി പരീക്ഷണത്തിന് തുനിയണ്ട. നിങ്ങളുടെ ചര്‍മ പ്രശ്നങ്ങള്‍ക്ക് ശരിയായ പരിഹാരം നല്‍കാന്‍ കഴിയുന്ന ഫേസ് ആസിഡുകള്‍ കടകളില്‍ ലഭ്യമാണ്. ഏതു ആസിഡ് എന്തിന് ഉപയോഗിക്കണം എന്നു മാത്രം അറിഞ്ഞിരുന്നാല്‍ മതി.

എന്തിനാണ് ഫേസ് ആസിഡുകള്‍?

നിങ്ങളുടെ മുഖം വരണ്ടതും പാടുകളുള്ളതും കുരുക്കളുള്ളതും ആണെന്നിരിക്കട്ടെ. ഫേസ് ആസിഡുകള്‍ക്ക് നിങ്ങളെ സഹായിക്കാന്‍ സാധിക്കും. മുഖത്തെ ഈര്‍പ്പം സംരക്ഷിക്കുന്നതിനും പ്രായാധിക്യം കൊണ്ടുണ്ടാകുന്ന ചുളിവുകളും പാടുകളും കുറയ്ക്കാനും ഫേസ് ആസിഡുകള്‍ നല്ലതാണ്.

ഓരോ പ്രശ്നങ്ങള്‍ക്കും ഓരോ ആസിഡുകള്‍?

1) സാലിസിലിക് ആസിഡ്.

മുഖക്കുരു ആണ് നിങ്ങളുടെ പ്രധാന പ്രശ്നമെങ്കില്‍ സാലിസിലിക് ആസിഡാണ് ഉത്തമ പരിഹാരം.ചർമത്തിലെ അഴുക്ക് പുറംതള്ളി മുഖക്കുരു വരാതെ സംരക്ഷിക്കുന്നു. മുഖക്കുരു വന്ന പാടുകള്‍, മെലാസ്മ, സൂര്യഘാതം കൊണ്ടുള്ള പാടുകള്‍, പ്രായസംബന്ധമായ ചുളിവുകള്‍ തുടങ്ങിയവക്കുള്ള പരിഹാരമായി ഡെര്‍മറ്റോളജിസ്റ്റുകള്‍ സാലിസിലിക് ആസിഡ് നിര്‍ദേശിക്കാറുണ്ട്. ആസിഡിന്‍റെ അളവും വീര്യവും ചര്‍മാവസ്ഥക്കനുസരിച്ച് വ്യത്യസ്ഥമായിരിക്കും. മുഖസംരക്ഷണത്തിന് മാത്രമല്ല, താരന്‍, സോറിയാസിസ്, ചര്‍മത്തിലെയും തലയോട്ടിയിലെയും സെബോറെഹിക് ഡെര്‍മറ്റൈറ്റിസ് പോലുള്ള പല ചര്‍മപ്രശ്നങ്ങള്‍ക്കും സാലിസിലിക് ആസിഡ് ഉപയോഗിക്കാവുന്നതാണ്.

2) ഗ്ലൈക്കോളിക് ആസിഡ്

മുഖ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന ആസിഡുകളില്‍ ഗ്ലൈക്കോളിക് ആസിഡ് ഒരു പ്രധാനിയാണ്. കരിമ്പിന്‍ നീരില്‍ നിന്ന് നിര്‍മിക്കുന്ന ഈ ആസിഡ് ചര്‍മത്തിലേക്ക് എളുപ്പത്തില്‍ ആഗിരണം ചെയ്യപ്പെടുന്നു. പ്രായസംബന്ധമായ ചര്‍മാവസ്ഥകള്‍ക്ക് ഇത് നല്ലൊരു പരിഹാരമാണ്. മുഖക്കുരുക്കള്‍ ഇല്ലാതാക്കുന്നതിനും കറുത്ത പാടുകള്‍ മായ്ക്കുന്നതിനും ഗ്ലൈക്കോലിക് ആസിഡും ഉപയോഗിക്കാവുന്നതാണ്. ഗ്ലൈക്കോലിക് ആസിഡ് മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്ത് ചര്‍മത്തിന് തിളക്കവും മൃദുത്വവും നല്‍കുന്നു.

3) മെന്‍ഡലിക് ആസിഡ്.

സെന്‍സിറ്റീവ് ചര്‍മമാണോ നിങ്ങളുടേത്? എങ്കില്‍ മെന്‍ഡലിക് ആസിഡ് ഉപയോഗിക്കാം. വലിയ തന്‍മാത്രാ ഘടനയാണ് ഇതിനുള്ളത്. അതുകൊണ്ടു തന്നെ ഗ്ലൈക്കോലിക് ആസിഡുകളെ പോലെ ചര്‍മ സുഷിരങ്ങളിലേക്ക് ആഴത്തില്‍ ഇറങ്ങി ചെല്ലാന്‍ ഇതിനു സാധിക്കില്ല. മൃതകോശങ്ങളെ നീക്കി ചര്‍മം മൃദുലവും മനോഹരവും ആക്കുന്നു.മുഖത്തെ വരകളും ചുളിവുകള്‍ക്കും മാറ്റുന്നതിന് മെന്‍ഡലിക് ആസിഡുകള്‍ക്ക് സാധിക്കും.

4)അസെലിക് ആസിഡ്

അസെലിക് ആസിഡ് മുഖത്തെ മൃതകോശങ്ങളും അഴുക്കും നീക്കി മുഖക്കുരു വരാതെ സംരക്ഷിക്കാന്‍ സഹായിക്കുന്നതാണ്. പലപ്പോഴും ഫേസ് ആസിഡുകള്‍ മുഖത്ത് എല്ലാ സമയത്തും പുരട്ടാനാവില്ല. എന്നാല്‍ അസെലിക് ആസിഡ് ക്രീമുകള്‍ രാത്രിയും പകലും ഉപയോഗിക്കാവുന്നതാണ്.ക്രീമുകളിലെ ആസിഡിന്‍റെ അളവ് വളരെ പ്രധാനപ്പെട്ടതാണ്.

5) കോജിക് ആസിഡ്

ചര്‍മത്തിന്‍റെ നിറം കൂട്ടുന്നതിനാണ മുഖ്യമായും കോജിക് ആസിഡ് സൗന്ദര്യ ഉത്പന്നങ്ങളില്‍ ഉപയോഗിക്കുന്നത്. ഇതു ഉപയോഗിക്കുന്നതു വഴി ചര്‍മത്തിലെ മെലാനിന്‍ ഉത്പാദനം കുറയുകയും ചര്‍മത്തിന്‍റെ വെളുത്ത നിറം വര്‍ധിക്കുകയും ചെയ്യുന്നു.സൗന്ദര്യ വസ്തുക്കളൊഴിച്ച് ഈ ആസിഡുകള്‍ അടങ്ങിയ മരുന്നുകള്‍ ഡോക്ടറിന്‍റെ നിര്‍ദ്ദേശമില്ലാതെ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. എന്തെങ്കിലും തരത്തിലുള്ള അലര്‍ജിയോ മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടായാല്‍ ഉപയോഗം അപ്പോള്‍ തന്നെ നിര്‍ത്തുക.

logo
The Fourth
www.thefourthnews.in