'പ്രാണനാണവൻ, കുഞ്ഞിക്കുട്ടനില്ലാതെ മടങ്ങാന്‍ വയ്യ'; കാണാതായ പൂച്ചയെ കണ്ടെത്തുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിച്ച് ഉടമ

'പ്രാണനാണവൻ, കുഞ്ഞിക്കുട്ടനില്ലാതെ മടങ്ങാന്‍ വയ്യ'; കാണാതായ പൂച്ചയെ കണ്ടെത്തുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിച്ച് ഉടമ

ഓറഞ്ച് ക്യാറ്റ് വിഭാഗത്തില്‍പ്പെട്ട പൂച്ചയെ കുമളിയിൽവച്ച് കഴിഞ്ഞ മാസം 28 മുതലാണ് കാണാതായത്
Updated on
1 min read

'കാണ്മാനില്ല' എന്ന അറിയിപ്പ് പത്രങ്ങളിലും സമൂഹമാധ്യമങ്ങളിലും വഴിയോരത്ത് പോസ്റ്ററുകളുമായൊക്കെ നാം പലതവണ കണ്ടിട്ടുണ്ടാവും. അത്തരമൊരു പോസ്റ്ററാണ് ഇപ്പോൾ ഇടുക്കി കുമളിക്കാർക്കിടയിലെ സംസാരവിഷയം. കാണാതായത് ഒരാളെയല്ല, പൂച്ചയെയാണ്.

കുഞ്ഞിക്കുട്ടനെന്ന പൂച്ചയുടെ വർണച്ചിത്രമുള്ള പോസ്റ്ററുകൾ കുമളിയിൽ നിറഞ്ഞിരിക്കുകയാണ്. പൂച്ചയെ കണ്ടെത്തുന്നവർക്ക് നാലായിരം രൂപ പാരിതോഷികം ലഭിക്കുമെന്നാണ് പോസ്റ്ററിലെ വാഗ്ദാനം. ഉടമയുടെ ഫോൺ നമ്പറുകൾ സഹിതമാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്.

'പ്രാണനാണവൻ, കുഞ്ഞിക്കുട്ടനില്ലാതെ മടങ്ങാന്‍ വയ്യ'; കാണാതായ പൂച്ചയെ കണ്ടെത്തുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിച്ച് ഉടമ
ഭീഷണിയും ആക്രമണവും; യുവതിയെ പിന്തുടർന്ന് ലഹരി മാഫിയ, പരാതിയിൽ നടപടിയെടുക്കാതെ പോലീസ്

എറണാകുളം സ്വദേശിയായ യുവതിയുടേതാണ് കാണാതായ കുഞ്ഞിക്കുട്ടൻ. ആള് ചില്ലറക്കാരനല്ല, ഓറഞ്ച് ക്യാറ്റ് വിഭാഗത്തില്‍പ്പെട്ട വില കൂടിയ ഇനമാണ്. മൂന്ന് വർഷം മുൻപ് ഉറ്റ സുഹൃത്ത് സമ്മാനമായി നൽകിയതാണ് കുഞ്ഞിക്കുട്ടനെ.

കഴിഞ്ഞ മാസം 28നാണ് കുഞ്ഞിക്കുട്ടനെ കാണാതായത്. ആയുര്‍വേദ ചികിത്സയുമായി ബന്ധപ്പെട്ടാണ് ഒരുമാസം മുൻപ് എറണാകുളം സ്വദേശി കുമളിയിലെത്തിയത്. കുമളിയിലെ ഹോം സ്റ്റേയിലായിരുന്നു താമസം.

28ന് ഉച്ചയ്ക്ക് ഓണാഘോഷത്തിനായി യുവതി കാറില്‍ പുറത്തേക്ക് പോകുമ്പോള്‍ പൂച്ച താമസസ്ഥലത്ത് ഉണ്ടായിരുന്നു. എന്നാല്‍ തിരികെയെത്തിയപ്പോള്‍ കുഞ്ഞിക്കുട്ടനെ കണ്ടില്ല.

'പ്രാണനാണവൻ, കുഞ്ഞിക്കുട്ടനില്ലാതെ മടങ്ങാന്‍ വയ്യ'; കാണാതായ പൂച്ചയെ കണ്ടെത്തുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിച്ച് ഉടമ
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: അറസ്റ്റ് ചെയ്തവർക്ക് ഉന്നതരുമായി ബന്ധമെന്ന് ഇ ഡി കോടതിയിൽ

മൂന്ന് വര്‍ഷമായി സന്തത സഹചാരിയായി കൂടെയുണ്ടായിരുന്ന കുഞ്ഞിക്കുട്ടനെ എങ്ങനെയെങ്കിലും തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് 4,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചതെന്ന് യുവതി പറഞ്ഞു. എന്നാൽ കുമളിയിലുടനീളം പോസ്റ്ററുകള്‍ പതിക്കുകയും സമൂഹമാധ്യമങ്ങള്‍ വഴി വിവരം പങ്കുവയ്ക്കുകയും ചെയ്തിട്ടും പൂച്ചയെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.

ചികിത്സ പൂര്‍ത്തിയാക്കി യുവതി എറണാകുളത്തേക്ക് മടങ്ങാനിരിക്കെയാണ് പൂച്ചയെ കാണാതായത്. ഇനി കുഞ്ഞിക്കുട്ടനൊപ്പം മാത്രമേ തിരിച്ചുപോകൂയെന്ന തീരുമാനത്തിലാണ് അവർ.

logo
The Fourth
www.thefourthnews.in