കഠിനഹൃദയരല്ല പൂച്ചകൾ; സഹജീവികളുടെ മരണത്തിൽ ദുഃഖിക്കുന്നതായി പഠനം, ഊണും ഉറക്കവും നഷ്ടപ്പെടും
പട്ടിയെ അപേക്ഷിച്ച് സഹജീവികളോട് അടുപ്പം കാണിക്കാത്ത വളർത്തുമൃഗം എന്നാണ് പൂച്ചയെ പൊതുവെ വിശേഷിപ്പിക്കാറ്. എന്നാൽ പൂച്ച അത്ര സ്നേഹമില്ലാത്ത ജീവിയല്ലെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. കൂടെയുള്ള വളർത്തുമൃഗങ്ങളുടെ മരണം പൂച്ചകൾക്ക് ദുഃഖമുണ്ടാക്കുമെന്നും ഊണും ഉറക്കവും നഷ്ടപ്പെടുമെന്നും പഠനം വ്യക്തമാക്കുന്നു.
അപ്ലൈഡ് അനിമൽ ബിഹേവിയർ സയൻസിൽ പ്രസിദ്ധീകരിച്ച പഠനമാണ് പൂച്ചയെ സ്വഭാവിക സവിശേഷതകളെക്കുറിച്ചുള്ള ധാരണ പൊളിച്ചെഴുന്നത്. ഒപ്പം വളർന്ന നായ ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങൾ മരിക്കുമ്പോൾ മാനസികവിഷമം അനുഭവപ്പെടുന്നതിന്റെ പല ലക്ഷണങ്ങൾ പൂച്ചയിൽ പ്രകടമാകാറുണ്ടെന്നാണ് പഠനം പറയുന്നു.
അമേരിക്കയിലെ ഓക്‌ലൻഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷണസംഘം നായയോ പൂച്ചയോ നഷ്ടപ്പെട്ട 412 വളർത്തുമൃഗങ്ങളുടെ ഉടമകളിൽ നടത്തിയ സർവേയിലാണ് പൂച്ചയുടെ പ്രത്യേക സ്വഭാവസവിശേഷത കണ്ടെത്തിയത്. സഹവളർത്തുമൃഗം മരിക്കുമ്പോൾ പൂച്ചകൾ പതിവിലും കൂടുതൽ തവണ കരയുകയും വിശപ്പ് നഷ്ടപ്പെടുകയും ഉറക്കത്തിന്റെ രീതികളിൽ മാറ്റം കാണുകയോ ചെയ്യുന്നതായി പഠനത്തിൽ കണ്ടെത്തി. പൂച്ചകൾ സാധാരണയെക്കാളേറെ ബന്ധം മറ്റുള്ള ജീവികളുമായി ഉണ്ടാക്കുന്നവരാണെന്ന സൂചനയും പഠനം നൽകുന്നു.
സാധാരണയായി സഹജീവികളോ യജമാനനോ നഷ്ടപ്പെടുമ്പോൾ നായ്ക്കൾക്കു വിഷമം അനുഭവപ്പെടാറുണ്ട്. പൂച്ചകൾക്ക് അങ്ങനെയൊരു സ്വഭാവസവിശേഷത ഉണ്ടായിരുന്നില്ലെന്നാണ് കരുതപ്പെട്ടിരുന്നത്. ഇത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് പുതിയ പഠനം.
പൂച്ചകളെ ഏകാന്ത ജീവികളാണെന്ന സങ്കൽപ്പത്തെ നിരാകരിക്കുന്നതാണ് പുതിയ കണ്ടെങ്കിൽ. അതേസമയം, വളർത്തുമൃഗങ്ങൾ നഷ്ടപ്പെടുന്നതുകാരണം മനോവിഷമത്തിലാകുന്ന ഉടമകളടെ തോന്നലായിരിക്കാം പൂച്ചകൾ വിലപിക്കുന്നുവെന്നതും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
എന്നിരുന്നാലും, ഈ ഗവേഷണം മൃഗങ്ങളുടെ ഈ സങ്കീർണമായ വൈകാരിക ജീവിതത്തെക്കുറിച്ചുള്ള ഉൾക്കാഴ്ച നൽകുന്നുണ്ട്. അവയുടെ സാമൂഹിക ഇടപെടലുകളെക്കുറിച്ചുള്ള ധാരണയും ആഴത്തിലാക്കുന്നതാണ് പഠനം.