'നൂറു ഡോളറിന് സ്വര്‍ഗത്തില്‍ ഒരു സ്‌ക്വയര്‍ മീറ്റര്‍ സ്ഥലം'; വിചിത്രം ഈ ഭൂമിയിടപാട്
'പ്രപഞ്ചത്തിന്റെ സ്രഷ്ടാവി'ന്റെ തൊട്ടടുത്തു സ്ഥലമൊരുക്കാന്‍ ഇടനിലക്കാരാവുകയാണ് സ്പാനിഷ് - പോര്‍ച്ചുഗല്‍ വംശാവലിയിലുള്ള ഒരു പള്ളി. ഇതുമായി ബന്ധപ്പെട്ട് താന്‍ 2017ല്‍ ദൈവത്തോട് ആശയവിനിമയം നടത്തി എന്നാണ് ഇന്റോമിലെ ഒരു വൈദികന്റെ അവകാശവാദം. ദൈവത്തിന്റെ നിര്‍ദേശപ്രകാരം സ്വര്‍ഗത്തിലെ ഭൂമി ഒരു സ്‌ക്വയര്‍ മീറ്ററിന് 100 ഡോളര്‍ എന്ന നിലയ്ക്ക് വില്‍ക്കാന്‍ തയ്യാറാണെന്നും, ഒരു തുണ്ട് ഭൂമി വാങ്ങിയാല്‍ പോലും ദൈവത്തിന്റെ തൊട്ടടുത്തു തന്നെ സ്ഥിരമായ ഒരിടം ഉറപ്പാക്കാനാകുമെന്നുമാണ് വൈദികന്‍ ഉറപ്പിച്ചു പറയുന്നത്.
ടിക് ടോക് ഇന്‍ഫ്‌ളുവന്‍സേഴ്സാണ് വിചിത്രമായ ഈ വാര്‍ത്ത ഓണ്‍ലൈനായി പുറത്തു വിട്ടത്. ഭൂമിയിടപാടിന്റെ വിവരങ്ങളടങ്ങിയ ഒരു ബ്രോഷര്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. പ്രകാശപൂരിതമായ മേഘങ്ങള്‍ക്കിടയില്‍ നിര്‍മ്മിക്കപ്പെട്ട ഒരു വീടിന്റെയും അതിലേക്ക് പ്രവേശിക്കുന്ന ഒരു കുടുംബത്തിന്റെയും ചിത്രത്തിനൊപ്പം വിസ, മാസ്റ്റര്‍, മയെസ്ട്രോ, രൂപേ, ഗൂഗിള്‍ പേ, ആപ്പിള്‍ പേ തുടങ്ങി പണമടയ്ക്കുന്നതിനുള്ള വിവിധ ഓപ്ഷനുകള്‍ എന്നിവയാണ് ബ്രോഷറിന്റെ ഉള്ളടക്കം. ഇത് ലോകം കണ്ടിട്ടുള്ള ഏറ്റവും വലിയ ഭൂമിയിടപാടാണ് എന്നും, പള്ളിയുടെ പക്കല്‍ ഇപ്പോള്‍ തന്നെ ദശലക്ഷക്കണക്കിനു ഡോളറുകള്‍ ഉണ്ടാകും എന്നുമാണ് പ്രശസ്ത റിയല്‍ എസ്റ്റേറ്റ് ഇന്‍ഫ്‌ളുവന്‌സറായ അര്‍മാന്‍ഡോ പാന്റോജ അഭിപ്രായപ്പെട്ടത്.
ഇത് ആളുകളെ മന:പൂര്‍വം തെറ്റിദ്ധരിപ്പിച്ചുകൊണ്ട് പണം കൈവശപ്പെടുത്തുന്നതിനുള്ള നീക്കമാണെന്നും, ഇത്തരത്തിലുള്ള അവകാശവാദങ്ങള്‍ ആളുകള്‍ ഗൗരവത്തിലെടുക്കുന്നത് അത്ഭുതകരമാണെന്നും ഉള്ള അഭിപ്രായങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. 2023ല്‍ സൗത്ത് ആഫ്രിക്കയിലെ 'ഡേവിഡ് ഓഫ് യൂണിവേഴ്‌സല്‍ അപോസ്റ്റില്‍ ഫെല്ലോഷിപ്പ് ചര്‍ച്ചി'ലെ വൈദികനായ ഫ്രെഡ് ഇസാന്‍ഗ സമാനമായ ഒരു പ്രസ്താവന നടത്തിയിരുന്നു. ഉഗാണ്ടക്കാരനായ ഫ്രെഡ് തന്റെ അനുയായികളുടെ സ്വത്തുവകകള്‍ വില്‍പ്പനയ്ക്ക് വിധേയമാക്കാന്‍ പ്രേരിപിപ്പിച്ചുകൊണ്ടാണ് 'സ്വര്‍ഗത്തിലെ' സ്ഥലം വില്‍പന നടത്തിയത്.