ആലിയ ​'ഗുച്ചി'യുടെ ഇന്ത്യക്കാരിയായ ആദ്യ ഗ്ലോബല്‍ അംബാസഡര്‍

ആലിയ ​'ഗുച്ചി'യുടെ ഇന്ത്യക്കാരിയായ ആദ്യ ഗ്ലോബല്‍ അംബാസഡര്‍

മെറ്റ് ഗാലയിലെ അരങ്ങേറ്റത്തിന് പിന്നാലെയാണ് താരത്തിന്റെ ചരിത്രനേട്ടം
Updated on
1 min read

ഇറ്റാലിയൻ ആഡംബര ഫാഷൻ ബ്രാൻഡായ ഗുച്ചിയുടെ ഇന്ത്യക്കാരിയായ ആദ്യ ഗ്ലോബൽ അംബാസഡറായി ബോളിവുഡ് താരം ആലിയ ഭട്ട്. മെറ്റ് ഗാലയിലെ അരങ്ങേറ്റത്തിന് പിന്നാലെയാണ് താരത്തിന്റെ ചരിത്രനേട്ടം. അടുത്തയാഴ്ച സിയോളിൽ നടക്കുന്ന 'ഗുച്ചി ക്രൂയിസ്' ഷോയിലാകും ബ്രാൻഡിനെ പ്രതിനിധീകരിച്ച് ആലിയ ആദ്യമായി റാംപിലെത്തുക. ചൊവ്വാഴ്ച ജിയോങ്‌ബോക്‌യുങ് കൊട്ടാരത്തിലാണ് ഷോ നടക്കുക. ​ഗുച്ചി ബ്രാൻഡിന്റെ 25-ാം വാർഷികം കൂടിയാണ് അന്ന്.

ഗുച്ചിയുടെ ബ്രാൻഡ് അംബാസഡറായി ആലിയ എത്തുന്ന വിവരം ഇൻസ്റ്റാ​ഗ്രാമിലൂടെ കമ്പനി തന്നെയാണ് പങ്കുവച്ചത്. "ഗുച്ചി ഹൗസിന്റെ പുതിയ ഗ്ലോബൽ ബ്രാൻഡ് അംബാസഡറാണ് ആലിയ ഭട്ട്. നടിയും നിർമാതാവും സംരംഭകയുമായ താരം 'ഗുച്ചി ബാംബൂ 1947' ബാഗിനൊപ്പം" എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്.

“ആഗോളതലത്തില്‍ ഗുച്ചിയെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. ഗുച്ചിയുടെ പാരമ്പര്യം എപ്പോഴും പ്രചോദിപ്പിക്കുകയും കൗതുകമുണർത്തുകയും ചെയ്തിട്ടുണ്ട്, ഞങ്ങൾ ഒരുമിച്ച് സൃഷ്ടിക്കുന്ന നിരവധി നാഴികക്കല്ലുകൾക്കായി കാത്തിരിക്കുകയാണ്” -നന്ദി അറിയിച്ച് ആലിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

അന്താരാഷ്‌ട്ര ഫാഷൻ രംഗത്ത് ഇന്ത്യൻ സാന്നിധ്യമുണ്ടാകുന്നത് ഇതാദ്യമല്ല. 2021ലാണ് പ്രിയങ്ക ചോപ്രയെ ജ്വല്ലറി ബ്രാൻഡായ ബൾഗാരിയുടെ ആഗോള അംബാസഡറായി പ്രഖ്യാപിച്ചത്. 2022ൽ ലൂയി വിറ്റണിന്റെയും കാർട്ടിയറിന്റെയും ആഗോള ബ്രാൻഡ് അംബാസഡറായി ദീപിക പദുക്കോണും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

logo
The Fourth
www.thefourthnews.in