കിം കർദാഷിയാന്‍
കിം കർദാഷിയാന്‍

ഡയാന രാജകുമാരിയുടെ വജ്രമാല സ്വന്തമാക്കി കിം കർദാഷിയാന്‍

ന്യൂയോര്‍ക്കില്‍ നടന്ന റോയൽ ആൻഡ് നോബിൾ ലേലത്തിൽ നിന്ന് 1,63,800 പൗണ്ടിനാണ് മാല സ്വന്തമാക്കിയത്
Updated on
1 min read

ഡയാന രാജകുമാരിയുടെ വിശിഷ്ടമായ വജ്രമാല സ്വന്തമാക്കി അമേരിക്കൻ റിയാലിറ്റി ഷോ താരവും സോഷ്യൽ മീഡിയ തരംഗവുമായ കിം കർദാഷിയാൻ. ഡയാന രാജകുമാരി നിരവധി തവണ ധരിച്ച, ഏറ്റവും ശ്രദ്ധേയമായ അറ്റെല്ലാ ക്രോസ് വജ്രമാലയാണ് കർദാഷിയാൻ ലേലത്തിലൂടെ സ്വന്തമാക്കിയത്. 1920 കളിൽ ബ്രിട്ടീഷ് ആഭരണ നിർമ്മാതാക്കളായ ജറാര്‍ഡ് നിർമ്മിച്ച മാല, ബുധനാഴ്ച ന്യൂയോര്‍ക്കിലെ സോത്ത്ബൈസ് ലേല കേന്ദ്രത്തില്‍ നടന്ന "റോയൽ ആൻഡ് നോബിൾ" ലേലത്തിൽ നിന്ന് 1,63,800 പൗണ്ടിനാണ് (2,02,300 ഡോളർ) വിറ്റത്.

കറുപ്പും പർപ്പിള്‍ നിറവും കൂടിക്കലര്‍ന്ന ഗൗണിനൊപ്പം വജ്രമാല ധരിച്ച ഡയാന രാജകുമാരിയുടെ ചിത്രങ്ങള്‍ ശ്രദ്ധേയമാണ്

1987 ല്‍ ചാരിറ്റി ഗാലയിൽ നടന്ന ഒരു ചടങ്ങിൽ ഡയാന ധരിച്ച മാലയ്ക്ക് വലിയ ശ്രദ്ധ ലഭിച്ചിരുന്നു. കറുപ്പും പർപ്പിള്‍ നിറവും കൂടിക്കലര്‍ന്ന ഗൗണിനൊപ്പം വജ്രമാല ധരിച്ച ചിത്രങ്ങള്‍ ഇപ്പോഴും ഇൻ്റർനെറ്റിൽ ലഭ്യമാണ്. ലേലത്തിന് മുമ്പുള്ള മിനിമം എസ്റ്റിമേറ്റിൻ്റെ ഇരട്ടിയിലധികം തുകയാണ് മാലയ്ക്ക് ലഭിച്ചത്. കർദാഷിയാനെ പ്രതിനിധീകരിച്ച് ഒരു പ്രതിനിധിയാണ് ഇത് വാങ്ങിയതെന്ന് സോത്ത്ബൈസ് വ്യക്തമാക്കി.

ഡയാന രാജകുമാരിയുടെ ആഭരണങ്ങൾ വളരെ അപൂർവമായി മാത്രമേ വിപണിയിൽ എത്താറുള്ളൂ, പ്രത്യേകിച്ചും അറ്റെല്ലാ ക്രോസ് പോലുള്ള ആഭരണങ്ങൾ. വജ്രം പതിച്ച വലിയ കുരിശിന്‍റെ ലോക്കറ്റാണ് ഈ മാലയുടെ പ്രത്യേകത. സവിശേഷമായ ഈ മാല രാജകുമാരിയുടെ അതുല്യമായ വസ്ത്രധാരണത്തിന്റെയും ആത്മവിശ്വാസത്തിന്റെ പ്രതീകമാണെന്ന് സോത്ത്ബൈസിലെ ക്രിസ്റ്റ്യൻ സ്പോഫോർത്ത് പറഞ്ഞു.

മരിലിൻ മണ്‍റോയുടെ ഗൗണ്‍ ധരിച്ച്  'മെറ്റ് ഗാല'യില്‍ കിം കർദാഷിയാന്‍
മരിലിൻ മണ്‍റോയുടെ ഗൗണ്‍ ധരിച്ച് 'മെറ്റ് ഗാല'യില്‍ കിം കർദാഷിയാന്‍

1962 ൽ അമേരിക്കന്‍ പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെ ജന്മദിനത്തിൽ മരിലിൻ മണ്‍റോ ഉപയോഗിച്ച ഗൗണ്‍ ലേലത്തിലൂടെ കർദാഷിയാൻ സ്വന്തമാക്കിയിരുന്നു

കർദാഷിയാൻ സ്വന്തമാക്കുന്ന ചരിത്ര പ്രധാനമായ ആഭരണങ്ങളിൽ ആദ്യത്തേതല്ല ഈ വജ്രമാല. ചരിത്രപ്രാധാന്യമുള്ള ആഭരണങ്ങളും വസ്ത്രങ്ങളും മറ്റും സ്വന്തമാക്കുന്നതില്‍ കർദാഷിയാന് പ്രത്യേക താല്പര്യമുണ്ട്. 1962 ൽ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെ ജന്മദിനത്തിൽ, പ്രമുഖ നടിയായ മെര്‍ലിൻ മണ്‍റോ ഉപയോഗിച്ച ഗൗണ്‍ ഒരു ലേലത്തിൽ കർദാഷിയാൻ സ്വന്തമാക്കിയിരുന്നു. അതെ ഗൗൺ ധരിച്ച് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫാഷൻ മേളകളിലൊന്നായ 'മെറ്റ് ഗാല'യില്‍ താരം പ്രത്യക്ഷപ്പെട്ടത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഗൗണിന് കേടുപാടുകൾ വരുത്തിയതായി കർദാഷിയാനെതിരെ ആരോപണങ്ങള്‍ ഉയർന്നിരുന്നെങ്കിലും ഗൗണ്‍ സൂക്ഷിച്ചിരുന്ന ലോസ് ഏഞ്ചൽസ് ആസ്ഥാനമായുള്ള മ്യൂസിയം ആരോപണങ്ങൾ നിഷേധിക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in