അമേരിക്കയുടെ ആര്‍ബോണി ഗബ്രിയേൽ മിസ് യൂണിവേഴ്സ്
2022 ലെ വിശ്വ സുന്ദരിപട്ടം മിസ് അമേരിക്ക ആര്‍ബോണി ഗബ്രിയേലിന്. 11 വര്‍ഷത്തിന് ശേഷമാണ് അമേരിക്കയിലേക്ക് വിശ്വസുന്ദരി പട്ടമെത്തുന്നത്. 2021 ലെ വിശ്വസുന്ദരി ഇന്ത്യയുടെ ഹര്‍ണാസ് സന്ദു ആണ് ബോണി ഗബ്രിയേലിനെ കിരീടമണിയിച്ചത്. മിസ് വെനസ്വേല ഒന്നാം റണ്ണറപ്പും മിസ് ഡൊമനിക്കന്‍ റിപ്പബ്ലിക് രണ്ടാം റണ്ണറപ്പുമായി. ഇന്ത്യയുടെ ദിവിത റായ് ആദ്യ 16 ല്‍ എത്തിയെങ്കിലും മുന്നേറാനായില്ല.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള 80ലധികം സുന്ദരിമാരാണ് വിശ്വ കിരീടത്തിനായി മത്സരിച്ചത്. മിസ് വെനസ്വേല അമാന്‍ഡ ഡുഡമലും മിസ് ഡൊമിനിക്കന്‍ റിപ്പബ്ലിക് ആന്‍ഡ്രീന മാര്‍ട്ടിനെസും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ലാറ ദത്തയ്ക്കും സുസ്മിത സെന്നിനും ശേഷം കിരീടമണിയുന്ന മൂന്നാമത്തെ ഇന്ത്യന്‍ വനിതയായ ഹര്‍നാസ് സന്ധുവായിരുന്നു 2021 ലെ മിസ്സ് യൂണിവേഴ്‌സ് ജേതാവ്. വികാരഭരിതയായി കണ്ണീരണിഞ്ഞാണ് കിരീടം കൈമാറാനായി മിസ് യൂണിവേഴ്‌സ് വേദിയിൽ ഹർനാസ് എത്തിയത്. 55 ലക്ഷത്തിലധികം വിലമതിക്കുന്ന വിശ്വ സുന്ദരി കിരീടമാണ് ഹര്‍നാസ് സന്ധു ആര്‍ബോണി ഗബ്രിയേലിനെ അണിയിച്ചത്.
ടെക്സാസിലെ ഹൂസ്റ്റണില്‍ ഫാഷന്‍ ഡിസൈനറാണ് 28 കാരിയായ ഗബ്രിയേല്‍. അമ്മ അമേരിക്കക്കാരിയും അച്ഛന്‍ ഫിലിപ്പീൻ വംശജനുമാണ്. മൂന്ന് ചോദ്യങ്ങളുടെ റൗണ്ടില്‍ ഫാഷനെ നന്മയുടെ ശക്തിയായി ഉപയോഗിക്കുന്നതിനെക്കുറിച്ചാണ് ഗബ്രിയേല്‍ സംസാരിച്ചത്. ഞാന്‍ എന്റെ വസ്ത്രങ്ങള്‍ നിര്‍മിക്കുമ്പോള്‍ റീസൈക്കിള്‍ ചെയ്ത വസ്തുക്കള്‍ ഉപയോഗിക്കുന്നതിലൂടെ മലിനീകരണം കുറയ്ക്കുകയാണെന്ന് അവര്‍ പറഞ്ഞു. മനുഷ്യക്കടത്തിനെയും ഗാര്‍ഹിക പീഡനത്തെയും അതിജീവിച്ച സ്ത്രീകളുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്നുവെന്നും ഗബ്രിയേല്‍ കൂട്ടിച്ചേര്‍ത്തു.
71ാമത് മിസ് യൂണിവേഴ്‌സ് മത്സരം 2022 ഡിസംബറിലാണ് ആദ്യം ഷെഡ്യൂള്‍ ചെയ്തിരുന്നതെങ്കിലും ഫിഫ ലോകകപ്പ് പരിഗണിച്ച് 2023 ലേക്ക് മാറ്റുകയായിരുന്നു.