ലോകത്തിലെ ഏറ്റവും വലിയ, ശരീരത്തില്‍ ധരിക്കാവുന്ന കേക്ക് തയ്യാറാക്കി ഗിന്നസ് റെക്കോര്‍ഡിട്ടിരിക്കുയാണ് നതാഷ കോളിന്‍ കിം ലീ ഫോകാസ്. സ്വിറ്റ്‌സര്‍ലൻഡിലെ സ്വീറ്റീ കേക്ക്സ് ബേക്കറിയുടെ ഉടമയായ നടാഷ, പ്രമുഖ ഫാഷന്‍ ഷോയുടെ ഫിനാലെയിലാണ് 131.15 കിലോഗ്രാം തൂക്കം വരുന്ന കേക്ക് അവതരിപ്പിച്ചത്.
ഗിന്നസ് ലോക റെക്കോര്‍ഡിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജ് കേക്കിന്റെ വീഡിയോ പങ്കുവച്ചിരുന്നു. തുടര്‍ന്ന് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഗിന്നസ് ലോക റെക്കോര്‍ഡ് നിയമങ്ങള്‍ അനുസരിച്ച് കേക്കിന് മാത്രം കുറഞ്ഞത് 68 കിലോഗ്രാം തൂക്കം ഉണ്ടായിരിക്കണം. കേക്ക് വസ്ത്രമണിഞ്ഞിരിക്കുന്ന മോഡല്‍ കുറഞ്ഞത് അഞ്ച് മീറ്ററെങ്കിലും നടന്നിരിക്കണം.
നതാഷയുടെ സംരംഭമായ സ്വീറ്റികേക്ക്സ് ആളുകളുടെ താത്പര്യത്തിന് അനുസരിച്ച് കേക്ക് നിര്‍മിച്ച് നല്‍കുന്ന ബേക്കറിയാണ്. ലോകത്തിലെ ഏറ്റവും വലിയ ധരിക്കാവുന്ന കേക്ക് എന്ന ഗിന്നസ് ലോക റെക്കോര്‍ഡ് നേടുക എന്ന ലക്ഷ്യത്തോടെയാണ് നതാഷ കേക്ക് നിര്‍മിച്ചത്. ഈ വര്‍ഷം ജനുവരി 15ന് സ്വിറ്റ്‌സര്‍ലൻഡിലെ ബേണില്‍ നടന്ന 'സ്വിസ് വേള്‍ഡ് വെഡിങ് ഫെയറി'ലായിരുന്നു കേക്ക് പ്രദര്‍ശിപ്പിച്ചത്. ഫെയറില്‍ പങ്കെടുക്കാനെത്തിയ അതിഥികള്‍ക്കും കേക്ക് പങ്കുവച്ചിരുന്നു.
കേക്കിന്റെ താഴത്തെ ഭാഗം അലുമിനിയം ഫ്രെയിമും രണ്ട് മെറ്റല്‍ ബോള്‍ട്ടുകളും ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്, വസ്ത്രത്തിന്റെ മുകള്‍ ഭാഗം ഷുഗര്‍ പേസ്റ്റും ഫോണ്ടന്റും ചേർന്ന മിശ്രിതത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. വിവാഹ ഗൗണിന്റെ രൂപത്തില്‍ നിര്‍മിച്ചിരിക്കുന്ന കേക്ക് താങ്ങിനിര്‍ത്താനുള്ള ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്.
മോഡല്‍ നടക്കുമ്പോള്‍ വസ്ത്രം താഴെവീഴാതിരിക്കാനും ആയാസത്തോടെ നടക്കുന്നതിനും വസ്ത്രത്തിന്റെ ഭാരം തുല്യമായിരിക്കുന്നതിനും കേക്കിന്റെ അടിയില്‍ ചക്രങ്ങളും ഘടിപ്പിച്ചിരുന്നു.