'ട്രാന്‍സ്'ഫോര്‍മേഷനിലെ പുലിക്കുട്ടികള്‍; മേക്കപ്പ് ഇന്‍ഡസ്ട്രി കീഴടക്കി ട്രാന്‍സ് ആർട്ടിസ്റ്റുകള്‍
ട്രാന്‍സ് വ്യക്തികളെ സമൂഹം ഒരടി അകലത്തില്‍ മാത്രം മാറ്റി നിര്‍ത്തിയിരുന്ന കാലം നമുക്ക് മുന്നിലുണ്ട്. പക്ഷേ ഇന്ന് സാഹചര്യം മാറിയിരിക്കുന്നു.ജീവിതത്തിന്റെ പല മേഖലകളിലും അവർ കയ്യൊപ്പ് പതിപ്പിക്കുന്നു. വിരലുകളില്‍ മായാജാലമൊരുക്കി മേക്കപ്പ് മേഖലയിലെ താരങ്ങളാണ് അവരില്‍ പലരും. ഒരുകാലത്ത് കണ്ണെഴുതിയതിനും പൊട്ടു കുത്തിയതിനും ഒരുങ്ങി നടന്നതിനും വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍. സിനിമാ താരങ്ങളും മോഡലുകളും ബിസിനസ്സുകാരും ഉള്‍പ്പടെ അവരുടെ കരവിരുതിന്റെ ആരാധകരാണ്. ട്രാന്‍സ് കമ്മ്യൂണിറ്റിയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്ന ചില മേക്കപ്പ് ആർട്ടിസ്റ്റുകളെ നമുക്ക് അടുത്തറിയാം
രഞ്ജു രഞ്ജിമാർ
കേരളത്തിലെ ആദ്യത്തെ ട്രാന്‍സ് ജെന്‍ഡര്‍ സെലിബ്രിറ്റി ബ്രൈഡല്‍ മേക്കപ് ആര്‍ട്ടിസ്റ്റ് ആണ് രഞ്ജു. തമന്ന, പ്രിയാമണി, അസിന്‍, ഭാവന തുടങ്ങി എത്രയോ താരങ്ങള്‍ക്ക് രഞ്ജു മേക്കപ് ചെയ്തിട്ടുണ്ട്. മേക്കപ്പിന്‍റെ പാഠങ്ങള്‍ സ്വന്തമായി പഠിച്ച ഈ കൊല്ലം സ്വദേശി മേക്കപ്പ് ഇന്‍ഡസ്ട്രിയില്‍ വന്നിട്ട് 24 കൊല്ലമായി. പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റായ അംബികാപിള്ളയുടെ അസിസ്റ്റന്‍റായി വില്‍സ് ഇന്ത്യ ഫാഷന്‍ വീക്കില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ആദ്യമായി കരിയറില്‍ ബ്രേക്ക് ഉണ്ടാകുന്നത്. പിന്നീട് സിനിമാ താരങ്ങളുടെയും മോഡലുകളുടെയും മേക്കപ്പ് ആര്‍ട്ടിസ്റ്റായി. ബ്രൈഡല്‍ മേക്കപ്പില്‍ താരമായ രഞ്ജുവിന്റെ ഐ മേക്കപ്പിന് ആരാധകരേറെയാണ്.കേരളത്തിലെ ഏറ്റവും തിരക്കേറിയ മേക്കപ് ആര്‍ട്ടിസ്റ്റുകളിലൊരാളാണ് ഇന്ന് രഞ്ജു രഞ്ജിമാർ.
ജാന്‍മണി ദാസ്
ജനിച്ചത് അസമിലാണെങ്കിലും മനസ്സുകൊണ്ട് മലയാളി ആണ് ജാന്‍മണി ദാസ്. നൃത്തത്തില്‍ തുടങ്ങിയ താല്‍പര്യം പിന്നീട് മേക്കപ്പിലേക്ക് വഴിമാറുകയായിരുന്നു. ഒരു ആസാമി ചിത്രത്തിന്‍റെ ഷൂട്ടിംഗിനായി കേരളത്തിലെത്തിയ ജാന്‍മണി കേരളത്തില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി തുടര്‍ന്നു. അവരുടെ കഴിവിനെ അത്രത്തോളം ഇഷ്ടപ്പെട്ടതു കൊണ്ടാകാം, മഞ്ജു വാരിയര്‍, രഞ്ജിനി ഹരിദാസ്, അമല പോള്‍, നസ്റിയ നസീം തുടങ്ങിയ താരങ്ങള്‍ക്ക് വേണ്ടിയും ജാന്‍മണി പ്രവര്‍ത്തിച്ചിട്ടുണ്ട്.
അവിനാഷ് എസ് ചേതിയ
അസാം സ്വദേശിയായ അവിനാഷ് നടി അമല പോളിന്‍റെയും ജാന്‍മണി ദാസിന്‍റെയും ക്ഷണം സ്വീകരിച്ചാണ് കേരളത്തില്‍ എത്തിയത്. ബംഗാളി, ആസാമി ചിത്രങ്ങളില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്ന അവിനാഷ് റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ തുടക്കം കുറിച്ചത്. ചിത്രത്തില്‍ അമലയുടെ മേക്കപ് ആര്‍ട്ടിസ്റ്റായിരുന്നു. പിന്നീട് ഹൗ ഓള്‍ഡ് ആര്‍ യൂ, ഒരു ഇന്ത്യന്‍ പ്രണയ കഥ, കിംഗ് ലയര്‍ തുടങ്ങി അമ്പതോളം ചിത്രങ്ങളില്‍ അവിനാഷ് മേക്കപ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.